ചാവക്കാട്: തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ച യുവാവിന് വാനര വസൂരിയായരുന്നുവെന്ന് സംശയിക്കപ്പെടുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് അതി ജാഗ്രതയിൽ. യുവാവുമായി അടുത്ത ബന്ധം പുലർത്തിയവരുടെ സമ്പർക്കപ്പട്ടിക തയാറാക്കും.
22കാരനായ യുവാവ് കഴിഞ്ഞ 22നാണ് യു.എ.ഇയിൽനിന്ന് നാട്ടിലെത്തിയത്. തലവേദനയെ തുടർന്ന് കഴിഞ്ഞ 27ന് തളർന്നുവീഴുകയായിരുന്നു. ഉടനെ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെനിന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ശനിയാഴ്ച രാത്രി ഒമ്പതോടെ മൃതദേഹം കുരഞ്ഞിയൂർ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ ഖബറടക്കി.
യു.എ.ഇയിൽനിന്ന് കോഴിക്കോട് എയർപോർട്ടിലാണ് യുവാവ് എത്തിയത്. അവിടെനിന്ന് കൂട്ടിക്കൊണ്ടുവരാൻ നാലു യുവാക്കളാണ് പോയത്. വീട്ടിൽ മാതാവും സഹോദരിയുമാണുള്ളത്. യുവാവുമായി ഏറെ അടുത്തവരും ഒപ്പം പന്ത് കളിച്ചവരും സമ്പർക്കപ്പട്ടികയിലുണ്ടാകും. സ്വകാര്യ ആശുപത്രികളിലേക്കുള്ള യാത്രയും റൂട്ട് മാപ്പിൽ വരും. യുവാവുമായി സമ്പർക്കമുണ്ടായിരുന്നവരോട് ക്വാറന്റീനിൽ പോകാൻ നിർദേശിച്ചു.
തിങ്കളാഴ്ച പുന്നയൂർ പഞ്ചായത്തിലെ ആറ്, എട്ട് വാർഡുകളിൽ കാമ്പയിൻ സംഘടിപ്പിക്കും. മെഡിക്കൽ സംഘം വീടുകളിൽ ബോധവത്കരണം നടത്തും. യോഗത്തിൽ പുന്നയൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുരേന്ദ്രൻ, മെഡിക്കൽ ഓഫിസർ സുജിത്ത്, ഹെൽത്ത് ഇൻസ്പെക്ടർ ഹരിദാസ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.