കോലഞ്ചേരി/കോയമ്പത്തൂർ: മലങ്കര യാക്കോബായ സുറിയാനി സഭയുടെ ഡല്‍ഹി, ബാംഗ്ലൂര്‍ മുന്‍ ഭദ്രാസനാധിപൻ പത്രോസ് മാര്‍ ഒസ്താത്തിയോസ് മെത്രാപ്പോലീത്ത (59) അന്തരിച്ചു. കോയമ്പത്തൂര്‍ കുപ്പുസ്വാമി ഹോസ്പിറ്റലിലായിരുന്നു അന്ത്യം. ദീര്‍ഘകാലം ചികിത്സയിലായിരുന്നു. കബറടക്ക ശുശ്രൂഷ ഞായറാഴ്ച 3.30ന് ഉദയഗിരി വെട്ടിക്കല്‍ എം.ഒ.എസ്.ടി സെമിനാരിയിലെ സെന്റ് അപ്രേം ചാപ്പലില്‍ നടക്കും.
തൃശൂര്‍ ഭദ്രാസനത്തിലെ പെങ്ങാമുക്ക് സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പഴയപള്ളി ഇടവകാംഗമാണ്. 1963 നവംബര്‍ 12ന് കുന്നംകുളം പുലിക്കോട്ടില്‍ കുടുംബത്തില്‍ പരേതനായ പി.സി. ചാക്കോയുടെയും ശലോമി ചാക്കോയുടെയും മകനായി ജനിച്ചു. സ്‌കൂള്‍ വിദ്യാഭ്യാസവും കോളജ് വിദ്യാഭ്യാസവും കോയമ്പത്തൂരിലായിരുന്നു.
മദ്രാസ് സര്‍വകലാശാലയില്‍നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബി.എയും വെട്ടിക്കല്‍ എം.എസ്.ഒ.ടി സെമിനാരിയില്‍നിന്ന് ബാച്ചിലര്‍ ഓഫ് തിയോളജിയും കൊല്‍ക്കത്ത ബിഷപ്‌സ് കോളജില്‍നിന്ന് ബി.ഡിയും ബാംഗ്ലൂര്‍ ധര്‍മാരാം വിദ്യാക്ഷേത്രത്തില്‍നിന്ന് മാസ്റ്റര്‍ ഓഫ് തിയോളജിയും കരസ്ഥമാക്കി. 2006 ജൂലൈ മൂന്നിന് വടക്കന്‍ പറവൂര്‍ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയില്‍വെച്ച് കാതോലിക്ക മാര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ മാര്‍ ഒസ്താത്തിയോസ് പത്രോസ് എന്ന നാമത്തില്‍ ഇദ്ദേഹത്തെ മെത്രാപ്പോലീത്ത സ്ഥാനത്തേക്ക് ഉയര്‍ത്തി.
മെത്രാപ്പോലീത്തയുടെ വിയോഗത്തില്‍ ആകമാന സുറിയാനി ഓര്‍ത്തഡോക്‌സ് സഭ പരമാധ്യക്ഷന്‍ മാര്‍ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയന്‍ പാത്രിയാര്‍ക്കീസ് ബാവ അനുശോചിച്ചു. ദുഃഖസൂചകമായി യാക്കോബായ സുറിയാനി സഭയുടെ എല്ലാ ദേവാലയങ്ങളിലും പള്ളിമണി മുഴക്കുകയും കറുത്ത പതാക ഉയര്‍ത്തുകയും ഞായറാഴ്ച കുര്‍ബാനയില്‍ ഇദ്ദേഹത്തിനായി പ്രത്യേകം പ്രാർഥിക്കുകയും ചെയ്യണമെന്ന് കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.