കൊച്ചി: തിരുവനന്തപുരത്ത് വീട്ടിൽ അതിക്രമിച്ചുകയറി അക്രമം കാട്ടിയ പ്രസ് ക്ലബ് സെക്രട്ടറി എം. രാധാകൃഷ്ണനെതിരെ പരാതി നൽകിയ മാധ്യമപ്രവർത്തകക്ക് പിന്തുണയുമായി സിനിമയിലെ വനിത കൂട്ടായ്മയായ വിമൻ ഇൻ സിനിമ കലക്ടിവ് (ഡബ്ല്യു.സി.സി). സംഭവം ഗൗരവമായി കണ്ട് തിരുവനന്തപുരം പ്രസ് ക്ലബ് ന്യായനിലപാട് സ്വീകരിക്കണമെന്നും കൂട്ടായ്മ േഫസ്ബുക്ക് പോസ്റ്റിൽ ആവശ്യപ്പെട്ടു.
ഡബ്ല്യു.സി.സിയുടെ കുറിപ്പ്: ‘വീട്ടിനകത്തായാലും പുറത്തായാലും സ്ത്രീകൾക്ക് നേരിടേണ്ടിവരുന്ന കടമ്പകൾ സമാനമാണ്. രണ്ടിടത്തും പുരുഷാധിപത്യത്തിെൻറ ബലാത്സംഗ സംസ്കാരം പലരൂപത്തിലും പതിയിരിക്കുന്നു. ലിംഗാധികാരത്തിെൻറ ആനുകൂല്യത്തിൽ എല്ലാ സംവിധാനങ്ങളും വരുതിയിൽ നിർത്തി മാത്രം ജീവിച്ചുശീലിച്ച ആണത്തങ്ങൾ അതുകൊണ്ടുതന്നെ എവിടെയും ഒരുപൊലീസ് സംസ്കാരം പണിതാണ് സ്വയം അതിജീവിക്കുന്നത്. സിനിമയിലും മാധ്യമങ്ങളിലും അത് പരിധിയിൽ കവിഞ്ഞ ബുദ്ധിമുട്ടാണ് സ്ത്രീകൾക്ക് ഉണ്ടാക്കുന്നത്.
കേരളത്തിലെ ഒരു മാധ്യമപ്രവർത്തകക്ക് സ്വന്തം വീട്ടിനുള്ളിലെ സ്വകാര്യതയിൽ, തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറിയായ സഹപ്രവർത്തകനിൽനിന്ന് നേരിട്ട അപമാനം പ്രതിഷേധാർഹമാണ്. പൊതുജീവിതത്തെ അസാധ്യമാക്കുന്ന സ്ത്രീയുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണിത്. ഇത്തരം പൊലീസിങ് ഒരുനിലക്കും അനുവദിക്കാനാകില്ല.
ഇക്കാര്യത്തിൽ തങ്ങളുടെ പുരുഷാധിപ സഹപ്രവർത്തകരുടെ സ്ത്രീവിരുദ്ധ നിലപാടിനോട് കലഹിക്കുന്ന സ്ത്രീമാധ്യമ പ്രവർത്തകർക്ക് എല്ലാ പിന്തുണയും അർപ്പിക്കുന്നു. അവരുടെ പോരാട്ടം ന്യായമാണ്. അവരുടെ നിലപാടിനോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു’.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.