പാലക്കാട്: കമീഷൻ മുമ്പാകെ സ്വത്ത് സംബന്ധമായ നിരവധി സിവില്‍ കേസുകള്‍ വരുന്നതായി വനിത കമീഷന് ചെയര്‍പേഴ്സണ്‍ എം.സി. ജോസഫൈന്.മാനസികവും ശാരീരികവുമായ അതിക്രമങ്ങള്‍ തടയാനും ക്രിമിനല്‍ കേസുകള്‍ കൈകാര്യം ചെയ്യാനുമുള്ള സംവിധാനമാണ് വനിത കമീഷന്. പുരുഷന്മാര് സ്ത്രീകളെ പ്രേരിപ്പിച്ചും കേസുകള്‍ നല്കുന്നു.
ഇത്തരം കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ നടപടിയെടുക്കുമെന്നും അവർ പറഞ്ഞു. വനിത കമീഷന് സംഘടിപ്പിച്ച മെഗാ അദാലത്തിന് ശേഷം വാർത്തസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ജോസഫൈന്. തെൻറ സ്വത്ത് മകളുടെ അനുവാദമില്ലാതെ മകന് വിറ്റെന്ന പരാതിയില്‍ അമ്മയില്‍ നിന്ന് വിവരങ്ങള്‍ ചോദിച്ചറിഞ്ഞ കമീഷന്, പരാതിയില്‍ കഴമ്പില്ലെന്ന് കണ്ടെത്തുകയും മകനുമായി ബന്ധപ്പെട്ട് അമ്മയുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്തു. വീട്ടിലേക്കുള്ള വഴിമുടക്കുന്നതുമായി ബന്ധപ്പെട്ട പരാതി, ആശ്രിത നിയമനം, സ്വത്ത് തര്‍ക്കം എന്നിവയെല്ലാം മാനുഷിക പരിഗണനയുടെ പേരില്‍ പരിഗണിക്കുകയാണെന്ന് കമീഷന് പറഞ്ഞു.
സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവര്‍ അവിടെ ബുദ്ധിമുട്ടുണ്ടാവുകയാണെങ്കില്‍ ബന്ധപ്പെട്ട മേലധികാരിക്കാണ് പരാതി നല്‍കേണ്ടത്. അവിടേയും നടപടി ഇല്ലാതാവുമ്പോള്‍ മാത്രമേ കമീഷനെ സമീപിക്കേണ്ടതുള്ളൂവെന്ന് പരാതിക്കാരിയായ സഹകരണ സംഘം വനിത പ്രസിഡൻറിനെ കമീഷൻ ഒാർമിപ്പിച്ചു. കോവിഡിനെ തുടര്‍ന്ന് ഒമ്പത് മാസങ്ങള്‍ക്കു ശേഷം നടത്തിയ അദാലത്തില്‍ 70 പരാതികളാണ് പരിഗണിച്ചത്.
ഇതില്‍ 22 പരാതികള്‍ തീര്‍പ്പാക്കി. എട്ട് പരാതികള്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. 40 പരാതികള്‍ അടുത്ത അദാലത്തില്‍ പരിഗണിക്കുന്നതിനായി മാറ്റിവെച്ചു. ഇതിനു പുറമെ പുതുതായി നാല് പരാതികളും ലഭിച്ചു. അദാലത്തില്‍ കമീഷന് അംഗങ്ങളായ ഇ.എം. രാധ, ഷിജി ശിവജി, വനിത കമീഷന് ഡയറക്ടര്‍ എസ്.പി വി.യു. കുര്യാക്കോസ് എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.