തിരുവനന്തപുരം: ലോക്ഡൗൺ ഇളവുകൾക്കുള്ള രോഗസ്ഥിരീകരണ നിരക്ക് (ടി.പി.ആർ) പരിധി വെട്ടിക്കുറച്ച് നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിച്ചു. ബുധനാഴ്ച മുതൽ ടി.പി.ആർ 15ന് മുകളിലുള്ള പ്രദേശങ്ങളിൽ ട്രിപ്ൾ ലോക്ഡൗൺ ഉൾപ്പെടെ കർശന നിയന്ത്രണങ്ങളായിരിക്കും. 18ന് മുകളിലുള്ള ഇടങ്ങളിലായിരുന്നു ഇതുവരെ ഇൗ നിയന്ത്രണം. ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയെൻറ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം.
രോഗവ്യാപനം പ്രതീക്ഷിച്ച രീതിയിൽ കുറയാത്ത സാഹചര്യത്തിലാണ് ടി.പി.ആർ അടിസ്ഥാനത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പുനഃക്രമീകരിക്കുന്നത്. നിലവിൽ പല ഇളവുകളും നൽകി വരുന്ന പ്രദേശങ്ങളിൽ നിയന്ത്രണം കൂടുതൽ ശക്തമാക്കും. ടി.പി.ആറിെൻറ അടിസ്ഥാനത്തിൽ നാലു മേഖലകളായി തിരിച്ച് നൽകിയിരുന്ന ഇളവുകളാണ് വെട്ടിച്ചുരുക്കിയത്.
ടി.പി.ആർ അഞ്ചിൽ താഴെയുള്ള പ്രദേശങ്ങൾ എ വിഭാഗത്തിലും അഞ്ചുമുതൽ 10 വരെ ബിയിലും 10 മുതൽ 15 വരെ സി വിഭാഗത്തിലുമാണ്. 15ന് മുകളിൽ ഡി വിഭാഗത്തിലായിരിക്കും. നേരത്തേ ടി.പി.ആർ ആറ് വരെയുണ്ടായിരുന്ന പ്രേദശങ്ങൾ എയും ആറിനും 12 നും ഇടയിൽ ബിയും 12 മുതൽ 18 വരെ സിയും 18ന് മുകളിൽ ഡിയും ആയിരുന്നു.
എ വിഭാഗത്തിൽ 82ഉം ബിയിൽ 415ഉം സിയിൽ 362ഉം ഡിയിൽ 175ഉം തദ്ദേശസ്ഥാപനങ്ങളാണുള്ളത്. വ്യാപനത്തിെൻറ തോത് കുറഞ്ഞാൽ മാത്രമേ മറ്റ് ഇളവുകൾ ആലോചിക്കൂ. ആൾക്കൂട്ടം ഒരു കാരണവശാലും അനുവദിക്കില്ല. എല്ലാ വിഭാഗം പ്രദേശങ്ങളിലും പരിശോധന കൂട്ടും.
കാസർകോട്ടെ ആദിവാസി മേഖലയിലെ രോഗവ്യാപനം നിയന്ത്രിക്കാൻ പ്രത്യേക ഇടപെടൽ നടത്തും. താൽക്കാലിക ജീവനക്കാരെ ഈ ഘട്ടത്തിൽ പിരിച്ചുവിടാൻ പാടില്ലെന്ന നിർദേശം എല്ലാവരും കർശനമായി പാലിക്കണം. പ്രവാസികൾക്കുള്ള വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ കേന്ദ്രസർക്കാറിെൻറ മുദ്രയും ബാച്ച് നമ്പറും പതിപ്പിക്കുന്നത് ഉറപ്പാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.