കൊച്ചി: നടനും നിർമാതാവുമായ വിജയ് ബാബുവിനെതിരായ പീഡനക്കേസിൽ കൂടുതൽ തെളിവുകൾ ലഭിച്ചതായി പൊലീസ്. ചലച്ചിത്ര പ്രവർത്തകർ അടക്കം എട്ടുപേരുടെ മൊഴി എടുത്തിട്ടുണ്ട്. സി.സി.ടി.വി ഉൾപ്പെടെയുള്ള തെളിവുകളും ലഭിച്ചിട്ടുണ്ട്. പരാതിക്കാരിയുമായി വിജയ് ബാബു ഹോട്ടലിൽ എത്തിയതിനും തെളിവുകൾ ലഭിച്ചു. ഹോട്ടൽ ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തി.
അഞ്ചിടത്ത് വെച്ച് യുവനടിയെ വിജയ്ബാബു ബലാത്സംഗം ചെയ്തിട്ടുണ്ടെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. വിജയ് ബാബുവിന്റെ ഫ്ലാറ്റിലടക്കം നടത്തിയ പരിശോധനയിൽ പരാതിക്കാരി നൽകിയ മൊഴി സാധൂകരിക്കുന്ന തെളിവുകൾ ലഭിച്ചിട്ടുണ്ട്. വിജയ് ബാബുവിന്റെ പാസ്പോർട്ട് കണ്ടുകെട്ടാൻ പൊലീസ് കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. ഇരയുടെ പരാതി സാധൂകരിക്കുന്ന തരത്തിലുള്ള കാര്യങ്ങളാണ് കണ്ടെത്തിയിട്ടുള്ളതെന്ന് എറണാകുളം ഡി.സി.പി പറഞ്ഞു.
അതേസമയം മുന്‍കൂര്‍ ജാമ്യം തേടി വിജയ് ബാബു ഇന്നു കോടതിയെ സമീപിക്കും. ഹൈകോടതിയുടെ അവധിക്കാല ബഞ്ചില്‍ അപേക്ഷ നല്‍കാനായി വിജയ് ബാബു അഭിഭാഷകനെ നിയോഗിച്ചു. വിജയ്ബാബുവിന് വേണ്ടി വിമാനത്താവളങ്ങളില്‍ പൊലീസ് ലുക്കൗട്ട് സർക്കുലർ പുറത്തിറക്കിയിരുന്നു. അറസ്റ്റുണ്ടാകാനുള്ള സാധ്യത മുന്നിൽകണ്ടാണ് വിജയ് ബാബു വിദേശത്തേക്ക് കടന്നതെന്നാണ് പൊലീസ് നിഗമനം. പീഡന പരാതിക്ക് പുറമെ ഇരയുടെ പേര് വെളിപ്പെടുത്തിയതിനും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഏപ്രിൽ 22നാണ് എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിൽ നടി പരാതി നൽകിയത്. 24ാം തിയതി ഇയാള്‍ വിദേശത്തേക്ക് പോയി. തുടർന്ന് ഇരയുടെ പേരു വെളിപ്പെടുത്തി വിജയ് ബാബു ഫേസ് ബുക്ക് ലൈവിൽ വന്നിരുന്നു. ഇരയുടെ പേരു വെളിപ്പെടുത്തുന്നത് രണ്ടു വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്. മുന്‍കൂര്‍ജാമ്യപേക്ഷ ഫയല്‍ ചെയ്താല്‍ ഇന്ന് തന്നെ പരിഗണിച്ചേക്കും. കേസുമായി ബന്ധപ്പെട്ട് ശേഖരിച്ച ശാസ്ത്രീയ തെളിവുകളടക്കം അന്വേഷണസംഘം പരിശോധന വിധേയമാക്കി.
കേസിൽ പരാതിക്കാരിയുടെ രഹസ്യമൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. ബലാത്സംഗം, ശാരീരികമായി പരിക്കേൽപ്പിക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങി നിരവധി കുറ്റങ്ങള്‍ വിജയ് ബാബുവിനെതിരെ ചുമത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.