തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് ക്രമക്കേടും കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. നോട്ട് അസാധുവാക്കൽ സമയത്ത് ഒരാളിൽനിന്ന് മാത്രം മൂന്നുകോടിയുടെ കള്ളപ്പണം വെളുപ്പിച്ചെന്നും 1000 രൂപയുടെ ബില്ലുകളാക്കിയാണ് ഇത് ചെയ്തതെന്നുമുള്ള രേഖകൾ അന്വേഷണ സംഘത്തിന് ലഭിച്ചു. നിയമസാധുതയില്ലാത്തതായി പ്രഖ്യാപിച്ച മൂന്നുകോടിയുടെ നോട്ടുകൾക്ക് പകരമായി ബാങ്ക് 1.5 കോടിയാണ് നൽകിയത്. ഒരംഗം മുഖേനയാണ് ഇടപാട് നടന്നത്.
മാനദണ്ഡം ലംഘിച്ച് ബാങ്കിലെ മറ്റൊരു അംഗം സ്വർണ ബിസ്കറ്റ് പണയംവെച്ച് 10 ലക്ഷം രൂപയുടെ സ്വർണ വായ്പയെടുത്തു. ഇതാകട്ടെ വ്യാജ സ്വർണ ബിസ്കറ്റുകളായിരുന്നു. ബാങ്ക് പിന്നീട് നടത്തിയ പരിശോധനയിൽ ഇവ യഥാർഥമല്ലെന്ന് കണ്ടെത്തിയതിന്റെ രേഖകളും ഇ.ഡിക്ക് ലഭിച്ചു. നേരത്തേ പാർട്ടി നിയോഗിച്ച അന്വേഷണ കമീഷനും ക്രൈംബ്രാഞ്ചും ഇത് കണ്ടെത്തിയിരുന്നെങ്കിലും പുറത്തുവന്നിരുന്നില്ല. ചില ഡയറക്ടർ ബോർഡ് അംഗങ്ങൾ നൽകിയ മൊഴികളുടെ അടിസ്ഥാനത്തിലുള്ള പരിശോധനയിലാണ് വ്യക്തത വന്നത്. കഴിഞ്ഞദിവസം സതീഷ് കുമാറിന്റെ അക്കൗണ്ടുകൾ മരവിപ്പിച്ച അയ്യന്തോൾ സഹകരണ ബാങ്കിൽ ഒരുദിവസം 24 തവണയാണ് ഇടപാട് നടത്തിയത്. 2013 മുതൽ സതീഷ് കുമാറിന്റെ സ്വന്തം പേരിൽ രണ്ട് അക്കൗണ്ടും ഭാര്യയുടെയും മകന്റെയും പേരുകളിലും അക്കൗണ്ടുകളുണ്ട്.
12 ലക്ഷം രൂപയാണ് ഈ അക്കൗണ്ടുകളിലായുള്ളത്. ഇതാണ് ഇ.ഡി മരവിപ്പിച്ചത്. 2013 മുതൽ കോടികളുടെ ഇടപാടുകൾ ഈ അക്കൗണ്ടുകളിലൂടെ നടന്നതായും ക്രമക്കേട് വാർത്തകൾ പുറത്ത് വരുന്ന സമയത്തും കോടികൾ അക്കൗണ്ടിലുണ്ടായിരുന്നതായും ഇ.ഡി കണ്ടെത്തി. കരുവന്നൂർ തട്ടിപ്പ് പുറത്തായതോടെ അക്കൗണ്ടുകളിൽനിന്ന് വൻതോതിൽ തുക പിൻവലിക്കുകയായിരുന്നു. ബാങ്കിലെ ജീവനക്കാരുടെയും ഭരണസമിതി അംഗങ്ങളുടെയും ഇതിന് പിന്തുണയുണ്ടായിരുന്നെന്നാണ് സൂചന. ക്രമക്കേട് അന്വേഷിക്കാൻ പി.കെ. ബിജുവിനൊപ്പം പാർട്ടി നിയോഗിച്ച കമീഷൻ അംഗം പി.കെ. ഷാജന്റെ ഭാര്യയും സി.പി.എം മുൻ ജില്ല സെക്രട്ടറി ബേബി ജോണിന്റെ മകളും ഈ ബാങ്കിലെ ജീവനക്കാരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.