തിരുവനന്തപുരം: തമിഴ്നാട്ടിലേക്ക് കെ.എസ്.ആര്.ടി.സി കൂടുതൽ ബസ് സർവിസുകൾ ആരംഭിക്കും. രാജമാണിക്യം കെ.എസ്.ആര്.ടി.സി മേധാവി ആയിരുന്നുപ്പോഴാണ് റൂട്ടുകള്‍ സംബന്ധിച്ച് ഏകദേശ ധാരണയായത്. എ. ഹേമചന്ദ്രൻ ചുമതലയേറ്റ ശേഷമാണ് ഇക്കാര്യത്തിൽ സാധ്യമാകും വേഗത്തിൽ നടപടി സ്വീകരിക്കാൻ തീരുമാനമായത്. ഒരു മാസത്തിനുള്ളിൽ കരാർ ഒപ്പിടുമെന്നാണ് വിവരം. കെ.എസ്.ആർ.ടി.സി ചെന്നയിലേക്ക് ബസ് സർവിസ് നടത്തുന്നതിന് പകരമായി തമിഴ്നാട് കോർപറേഷെൻറ സർവിസ് കേരളത്തിലേക്ക് നടത്തുമെന്നതാണ് വ്യവസ്ഥ. ആദ്യഘട്ടത്തിൽ പ്രതിവാരം ഒരു സർവിസ് എന്നതാണ് ധാരണ. തുടർന്ന് സാധ്യതയനുസരിച്ച് ബസുകളുടെ എണ്ണം വർധിപ്പിക്കും.
ഇരു സംസ്ഥാനത്തെയും ഗതാഗത സെക്രട്ടറിമാര്‍ ഇതുസംബന്ധിച്ച് പ്രാഥമിക ധാരണപത്രം ഒപ്പിട്ടിരുന്നു. വാടക സ്കാനിയകൾ ഒാടിത്തുടങ്ങിയ സാഹചര്യത്തിൽ ആവശ്യത്തിന് ബസുകളും ലഭ്യമാണ്. നേരത്തേ മുംബൈയിലേക്കടക്കം സർവിസുകൾ ആരംഭിക്കുന്ന കാര്യം പരിഗണിച്ചിരുന്നു. ആവശ്യത്തിന് യാത്രക്കാരെ ലഭിക്കില്ലെന്ന നിഗമനത്തിലാണ് നീക്കം ഉപേക്ഷിച്ചത്. തമിഴ്നാടുമായുള്ള പുതിയ കരാറിന് സ്വകാര്യബസ് ലോബിയുടെ എതിര്‍പ്പുണ്ടെന്നും സൂചനയുണ്ട്. തമ്പാനൂര്‍ സെന്‍ട്രല്‍ ഡിപ്പോയില്‍നിന്ന് രണ്ടാഴ്ച മുമ്പ് 10 ദീര്‍ഘദൂര ബസുകള്‍ മുടക്കിയ സംഭവത്തിലും സ്വകാര്യബസ് ലോബിയുടെ ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്ന് ആരോപണമുണ്ട്. അന്തര്‍സംസ്ഥാന ബസ് സര്‍വിസുകളില്‍ അടുത്തിടെ കെ.എസ്.ആര്.ടി.സിക്ക് നേട്ടമുണ്ടായിരുന്നു. തുടർന്ന് കർണാടകയിലേക്കടക്കം 73ഒാളം അധിക സർവിസുകളും ആരംഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.