തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗിന് കൂടുതൽ സീറ്റിന് അർഹതയുണ്ടെന്ന കെ. മുരളീധരന്‍റെ അഭിപ്രായം തള്ളി യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ. അത് കെ. മുരളീധരന്‍റെ അഭിപ്രായമാണെന്ന് മാധ്യമങ്ങളോട് പ്രതികരിക്കവെ, അദ്ദേഹം പറഞ്ഞു.
ചർച്ച ചെയ്യുന്ന കാര്യത്തെക്കുറിച്ച് ഇപ്പോൾ അഭിപ്രായം പറയാൻ കഴിയില്ലെന്നും ലീഗുമായുള്ള ഉഭയകക്ഷി ചർച്ചയും സീറ്റ് വിഭജന ചർച്ചകളും ഉടൻ പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇതുസംബന്ധിച്ച് യു.ഡി.എഫിൽ അനിശ്ചിതത്വമില്ല. സമരാഗ്നി യാത്ര നടക്കുന്നതുകൊണ്ടാണ് നടപടികൾ വൈകുന്നതെന്നും യു.ഡി.എഫ് ഉടൻ യോഗം ചേരുമെന്നും ഹസൻ പറഞ്ഞു.
മൂന്നാം സീറ്റ്: തീരുമാനം കുടപ്പിച്ച് മുസ്‌ലിം ലീഗ്
കോഴിക്കോട്: പാർലമെന്റ് തെരഞ്ഞെടുപ്പിൽ മൂന്നാം സീറ്റ് വേണമെന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലുറച്ച് മുസ്‌ലിംലീഗ്. സീറ്റ് ലഭിച്ചില്ലെങ്കിൽ ഒറ്റക്ക് മത്സരിക്കുന്നതടക്കമുള്ള കടുത്ത തീരുമാനത്തിലേക്ക് ലീഗ് പോകുമെന്നാണ് റിപ്പോർട്ട്. ഞായറാഴ്ച ചേരുന്ന യു.ഡി.എഫ് യോഗത്തിൽ അനുകൂല തീരുമാനമുണ്ടാകുമെന്നാണ് പാർട്ടി നേതൃത്വം കരുതുന്നത്.
അധിക സീറ്റില്ലെങ്കിൽ രാജ്യസഭാ സീറ്റ് വേണമെന്നാണ് ലീഗിന്റെ ആവശ്യം. എന്നാൽ മൂന്നാം സീറ്റ് നൽകാനാവില്ലെന്ന നിലപാടിലാണ് കോൺഗ്രസ്. രാജ്യസഭാ സീറ്റ് നൽകാനും കോൺഗ്രസ് നേതൃത്വം ഒരുക്കമല്ല. അതേസമയം, മൂന്നാം സീറ്റ് ആവശ്യത്തിൽനിന്ന് പിന്നോട്ടില്ലെന്ന് കഴിഞ്ഞ ദിവസവും ലീഗ് വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.