അഞ്ച് മാസത്തിനിടെ കേരളത്തിലെ ജനവാസ കേന്ദ്രങ്ങളിൽ നിന്ന് വനംവകുപ്പ് പിടിച്ചത് 1500 പാമ്പുകളെ

തിരുവനന്തപുരം: കഴിഞ്ഞ അഞ്ചു മാസത്തിനിടെ കേരളത്തിലെ ജനവാസകേന്ദ്രങ്ങളിൽ നിന്ന് 1577 പാമ്പുകളെ പിടിച്ചതായി കേരള വനം വകുപ്പ്. 180 പെരുമ്പാമ്പുകൾ, 758 മുർഖൻ, 243 ചേര എന്നിവ അടക്കമാണ് ഇത്. ജനവാസ കേന്ദ്രങ്ങളിലുള്ള പാമ്പുകളെ പിടിച്ച് കാടുകളിലേക്ക് അയക്കുന്ന കേരള വനംവകുപ്പിന്‍റെ നൂതന പദ്ധതി പ്രകാരം പാമ്പുകളെ പിടിക്കാൻ പരിശീലനം നൽകിയിരുന്നു.

വനം വകുപ്പ് ജീവനക്കാരടക്കം 900 പേർക്കാണ് പാമ്പിനെ പിടിക്കുന്നതിനുള്ള പരിശീലനം നൽകിയത്. ഇതിൽ 381 പേർ 'സർപ ആപ്' ഉപയോഗിക്കുന്നവരാണ്. പാമ്പിനെ രക്ഷിക്കാൻ ആഗ്രഹിക്കുന്ന വനംവകുപ്പ് ജീവനക്കാരല്ലാത്തവർക്കും പരിശീലനം നൽകിയിരുന്നു. വനംവകുപ്പ് നൽകുന്ന അംഗീകൃത സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മാത്രമേ ഇനി മുതൽ സംസ്ഥാനത്ത് പാമ്പിനെ പിടിക്കാൻ കഴിയൂ. ഇതിനുവേണ്ട മാർഗനിർദേശങ്ങൾ കഴിഞ്ഞ ആഗസ്റ്റിൽ വനംവകുപ്പ് പുറത്തിറക്കിയിരുന്നു.

മനുഷ്യർ താമസിക്കുന്ന ഇടങ്ങളിലെ പാമ്പുകളെ പിടിക്കുന്നതിനായി 'സർപ ആപ്' എന്ന പേരിൽ ആപും സർക്കാർ വികസിപ്പിച്ചെടുത്തിട്ടുണ്ട്. രാജ്യത്ത് ആദ്യമായാണ് ഇത്തരത്തിലൊരു ആപ് വികസിപ്പിക്കുന്നത്.

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ മൃഗങ്ങൾ മൂലം 20 ജീവനുകളാണ് പൊലിഞ്ഞതെങ്കിൽ പാമ്പുകടിയേറ്റ് 336 മരണങ്ങളുണ്ടായി. അതുകൊണ്ടുതന്നെ ഈ പ്രശ്നത്തെ അഭിസംബോധന ചെയ്യേണ്ട കാലം അതിക്രമിച്ചിരിക്കുന്നതായി സംസ്ഥാന വനംവകുപ്പിന് കീഴിലുള്ള പരിശീല ഇൻസ്റ്റിസ്റ്റ്യൂട്ട് ഡെപ്യൂട്ടി ഡയറക്ടർ മുഹമ്മദ് അൻവർ പറഞ്ഞു.

സർപ ആപിലൂടെ കണ്ടെത്തിയ കൗതുകകരമായ കാര്യം ചിലയിനം പെരുമ്പാമ്പുകൾ ജനവാസ കേന്ദ്രങ്ങൾക്ക് അടുത്തായി കൂടുതലായി കാണപ്പെടുന്നുവെന്നാണ്. ഇവയുടെ മുട്ടകളും കണ്ടെത്തിയതായി പാമ്പിനെ പിടിക്കുന്നവർ പറയുന്നു. 

Tags:    
News Summary - More than 1,500 snakes rescued in five months by Forest Department

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.