ഏഴ് വയസ്സുള്ള മകളെ പീഡിപ്പിക്കാൻ ഒത്താശ ചെയ്ത അമ്മക്ക് 40 വർഷം കഠിന തടവ്

തിരുവനന്തപുരം: ഏഴു വയസ്സുകാരിയായ മകളെ പീഡിപ്പിക്കാൻ കാമുകന് ഒത്താശ ചെയ്ത പ്രതിയായ മാതാവിന് 40 വർഷവും ആറുമാസവും കഠിന തടവും ഇരുപതിനായിരം രൂപ പിഴയും. തിരുവനന്തപുരം അതിവേഗ സ്പെഷൽ കോടതി ജഡ്ജി ആർ. രേഖയാണ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ആറുമാസം കൂടുതൽ തടവ് അനുഭവിക്കണം. 

2018 മാർച്ച് മുതൽ 2019 സെപ്തംബർ വരെയുള്ള കാലയളവിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മനോരോഗിയായ ഭർത്താവിനെ ഉപേക്ഷിച്ച പ്രതി, കാമുകനായ ശിശുപാലനൊപ്പമാണ് താമസിച്ചിരുന്നത്. ഈ കാലയളവിൽ മകളായ ഏഴുവയസ്സുകാരിയും മാതാവിനൊപ്പമുണ്ടായിരുന്നു. ഈ സമയം ശിശുപാലൻ കുട്ടിയെ പല തവണ ക്രൂരമായി പീഡിപ്പിച്ചു. പീഡനത്തിൽ കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ മുറിവേറ്റിരുന്നു.

കുട്ടി കരഞ്ഞുകൊണ്ട് അമ്മയോട് വിവരം പറഞ്ഞെങ്കിലും അതൊന്നും കുഴപ്പമില്ലെന്നും മറ്റാരോടും പറയരുതെന്നുമായിരുന്നു മറുപടി. തുടർന്നും കുട്ടിയെ ശിശുപാലന്റെ വീട്ടിൽ കൊണ്ട് പോവുകയും പ്രതിയുടെ സാന്നിധ്യത്തിൽ പീഡനം ആവർത്തിക്കുകയും ചെയ്തു. 11കാരിയായ ചേച്ചി ഇടയ്ക്ക്  വീട്ടിൽ വന്നപ്പോൾ പീഡന വിവരം പറഞ്ഞപ്പോഴാണ് ശിശുപാലൻ ചേച്ചിയേയും പീഡിപ്പിച്ചതായി കുട്ടി അറിയുന്നത്. ശിശുപാലൻ ഭീഷണിപ്പെടുത്തിയതിനാൽ കുട്ടികൾ വിവരം പുറത്ത് പറഞ്ഞില്ല. പ്രതിയുടെ മൂത്ത മകളുടെ അച്ഛൻ മനോരോഗിയാണ്. ഇരയായ കുട്ടിയുടെ അച്ഛൻ മറ്റൊരാളാണ്.

ചേച്ചി കുട്ടിയേയും കൂട്ടി വീട്ടിൽനിന്ന് രക്ഷപെട്ട് അച്ഛന്റെ അമ്മയുടെ വീട്ടിൽ എത്തി വിവരം പറഞ്ഞു. ശിശുപാലനോടുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് യുവതിയുടെ മാതാവ് ആവശ്യപ്പെട്ടെങ്കിലും അവർ കൂട്ടാക്കിയില്ല. ഈ കാലയളവിൽ പ്രതിയായ മാതാവ് ശിശുപാലനെ ഉപേക്ഷിച്ച് മറ്റൊരാളുടെ കൂടെ താമസമായി. അയാളും പ്രതിയായ മാതാവിന്റെ സഹായത്തോടെ കുട്ടിയെ പീഡിപ്പിച്ചു. ഈ കേസിന്റെ വിചാരണയും തുടങ്ങി. അമ്മൂമ്മ സംഭവം പുറത്തറിയിച്ച് കുട്ടികളെ ചിൽഡ്രൻസ് ഹോമിലേക്ക് മാറ്റുകയായിരുന്നു.

അവിടെ നടന്ന കൗൺസിലിങ്ങിലാണ് കുട്ടികൾ വിവരം പുറത്തുപറഞ്ഞത്. വിചാരണക്കിടെ ഒന്നാം പ്രതിയായ ശിശുപാലൻ ആത്മഹത്യ ചെയ്തു. അതിനാൽ അമ്മക്കെതിരെ മാത്രമാണ് വിചാരണ നടന്നത്. കുട്ടികൾ നിലവിൽ ചിൽഡ്രൻസ് ഹോമിലാണ് കഴിയുന്നത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർ.എസ്. വിജയ് മോഹൻ, അഡ്വ. ആർ.വൈ. അഖിലേഷ് എന്നിവർ ഹാജരായി. പള്ളിക്കൽ പൊലീസ് ഇൻസ്പെക്ടർമാരായിരുന്ന അനിൽകുമാർ, ശ്രീജിത്ത് എന്നിവരാണ് കേസ് അന്വേഷിച്ചത്. 22 സാക്ഷികളും 33 രേഖകളും ഹാജരാക്കി. ലീഗൽ സർവീസസ് അതോറിറ്റി കുട്ടികൾക്ക് നഷ്ട പരിഹാരം നൽകാനും നിർദേശിച്ചിട്ടുണ്ട്.

Tags:    
News Summary - Mother sentenced to 40 years and six months for aiding and abetting the molestation of her seven-year-old daughter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.