കുമളി: ശബരിമല തീർഥാടകരുടെ വാഹനത്തിൽ വേഷം മാറി എത്തിയ വിജിലൻസ് സംഘം കൈക്കൂലി വാങ്ങിയ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനെയും സഹായിയെയും പിടികൂടി. അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കെ.ജി. മനോജ്, ഓഫിസ് അസിസ്റ്റന്റ് ഹരികൃഷ്ണൻ എന്നിവരാണ് പിടിയിലായത്. കുമളി, സംസ്ഥാന അതിർത്തിയിലെ മോട്ടോർ വാഹന ചെക്ക് പോസ്റ്റിൽ ഞായറാഴ്ച പുലർച്ച 12.30നാണ് സംഭവം. തമിഴ്നാട്ടിൽനിന്ന് തീർഥാടകരുമായി ശബരിമലയ്ക്ക് പോകാനെത്തിയ വാഹനത്തിലാണ് ഡ്രൈവറും വാഹനത്തിലെ ജീവനക്കാരുമായി വിജിലൻസ് ഉദ്യോഗസ്ഥർ കയറിയത്.
ചെക് പോസ്റ്റിലെത്തിയ വാഹനത്തിൽ ഓൺലൈനായി ലഭ്യമായ വാഹനത്തിന്റെ പെർമിറ്റ് ഉദ്യോഗസ്ഥനെ കാണിക്കാൻ വേഷം മാറിയ വിജിലൻസ് ഉദ്യോഗസ്ഥർ ചെക്ക് പോസ്റ്റിലെ മോട്ടോർ വാഹന വകുപ്പ് ഓഫിസിലെത്തി. വാഹനത്തിന്റെ രേഖകൾ നൽകിയതോടെ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കെ.ജി. മനോജ്, രേഖകൾ സീൽ വെച്ച് നൽകാൻ 1000 രൂപ ആവശ്യപ്പെടുകയായിരുന്നു. രൂപ നൽകി രേഖകൾ സീൽ വെച്ച് വാങ്ങി പുറത്തിറങ്ങിയ സംഘം മറ്റ് ഉദ്യോഗസ്ഥരുമായി ഓഫിസിൽ കയറി മനോജിനെയും ഓഫിസ് അസിസ്റ്റന്റ് ഹരികൃഷ്ണനെയും കൈയോടെ പിടികൂടുകയായിരുന്നു.
മദ്യലഹരിയിലായിരുന്ന എ.എം വി.ഐയെ പിന്നീട് മെഡിക്കൽ പരിശോധനയും നടത്തി. ഓഫിസിൽനിന്ന് കണക്കിൽപെടാത്ത 3000 രൂപയും ഡിവൈ.എസ്.പി ഷാജു ജോസിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരായ കിരൺ, ബേസിൽ, ഷാജികുമാർ എന്നിവർ ചേർന്ന് കണ്ടെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.