കോഴിക്കോട് എൻ.ഐ.ടിയിൽ മാംസാഹാരം നിരോധിക്കാൻ നീക്കം; ആദ്യപടിയായി ചൊവ്വാഴ്ച്ചകളിൽ സസ്യാഹാരം മാത്രം

കോഴിക്കോട്: ആഗോള കാലാവസ്ഥാ വെല്ലുവിളികള്‍ നേരിടുന്നതിന്‍റെ പേരിൽ കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻ.ഐ.ടി) യിൽ മാംസാഹാരവും മുട്ടയും നിരോധിക്കാൻ നീക്കം. ഇതിൻ്റെ ആദ്യപടിയായി എൻ.ഐ.ടിയിൽ ക്ലാസുകൾ തുടങ്ങിയാൽ ചൊവ്വാഴ്ചകളിൽ സസ്യാഹാരം മാത്രം ഉപയോഗിക്കും. 'ഹരിത ചൊവ്വ' എന്നാണ് ഈ ദിനാചരണത്തിൻ്റെ പേര്. കോഴിക്കോട് എൻ.ഐ.ടിയും ബിര്‍ല ഇന്‍സ്റ്റിട്യൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് സയന്‍സസ് പിലാനിയും (ബിറ്റ്‌സ് പിലാനി) ഇതു സംബന്ധിച്ച്ധാരണയായി.

വെഗാൻ (Vegan) ഔട്ട് റീച്ചിന്‍റെ  ഹരിത ചൊവ്വ (ഗ്രീന്‍ ട്യൂസ്‌ഡേ) സംരംഭത്തിന്‍റെ ഭാഗമാണിത്. മാംസാഹാരം കുറയ്ക്കുന്ന നയപരിപാടിയാണ് ഹരിത ചൊവ്വ. ഗോവ ബിറ്റ്‌സ് പിലാനിയില്‍ മുട്ടയുടെയും മാംസത്തിന്‍റെയും ഉപഭോഗം കുറച്ചുകൊണ്ടുവരും. മാംസവും മുട്ടയും കഴിച്ചില്ലെങ്കിൽ ഭക്ഷ്യാധിഷ്ടിത കാര്‍ബണ്‍ ഗണ്യമായി കുറയുമെന്നാണ് അവകാശവാദം.

മനുഷ്യനിര്‍മ്മിതമായ ഗ്രീന്‍ഹൗസ് വാതകങ്ങൾ പുറത്തുവിടൽ, വനനശീകരണം, ജല മലിനീകരണം, വായു മലിനീകരണം എന്നിവയ്ക്ക് ഏറ്റവും വലിയ കാരണമാകുന്നത് വളര്‍ത്തുമൃഗ പരിപാലനമാണെന്നാണ് വിഗാൻ ഔട്ട് റീച്ചിൻ്റെ 'കണ്ടെത്തൽ'. ഇൻറർനാഷണൽ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച് (ഐപിസിസി) ന്റെ 107 ശാസ്ത്രജ്ഞര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ മാംസം, പാല്‍, മുട്ട, മറ്റ് മൃഗ ഉല്‍പന്നങ്ങള്‍ എന്നിവ വ്യക്തികള്‍ വെട്ടിക്കുറച്ചാല്‍ കുറഞ്ഞ സ്ഥലവും വെള്ളവും ഉപയോഗിച്ച് കൂടുതല്‍ ആളുകള്‍ക്ക് ഭക്ഷണം നല്‍കാമെന്ന് പറയുന്നതായും ഇവർ അവകാശപ്പെടുന്നു..

ഗൗതം ബുദ്ധ സര്‍വകലാശാലയും ലവ്‌ലി പ്രൊഫഷണല്‍ യൂണിവേഴ്‌സിറ്റിയും ഉള്‍പ്പെടെ ഇരുപത്തിരണ്ട് സര്‍വകലാശാലകളും കോര്‍പ്പറേഷനുകളും വെഗാന്‍ ഔട്ട്‌റീച്ചിന്റെ ഗ്രീന്‍ ട്യൂഡ്‌സേ പ്രതിജ്ഞയില്‍ ഒപ്പുവെച്ചിട്ടുണ്ട്. ചില സ്ഥാപനങളിൽ മാംസം വിളമ്പുന്നത് നിർത്തി. , മറ്റു ചിലര്‍ അവരുടെ ഭക്ഷണശാലകളില്‍ വിളമ്പുന്ന മുട്ടകളുടെയും പാലുല്‍പ്പന്നങ്ങളുടെയും എണ്ണവും അളവും കുറച്ചിട്ടുണ്ട്. തൻ്റെ അറിവിൽ ഇത്തരം ധാരണ പത്രം ഒപ്പിട്ടതായി അറിയില്ലെന്ന് കോഴിക്കോട് എൻ.ഐ.ടി രജിസ്ട്രാർ ലെഫ്.കേണൽ കെ.പങ്കജാക്ഷൻ പറഞ്ഞു. ഏതെങ്കിലും ഡിപ്പാർട്ട്മെൻ്റുകൾ വഴി ഇത്തരം നീക്കം നടന്നോ എന്നറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, മെസ് കോർഡിനേറ്ററുമായും സ്റ്റുഡന്‍റ് കോർഡിനേറ്ററുമായും ഈ പദ്ധതിയെ കുറിച്ച് ചർച്ച നടത്തിയതായും ക്യാമ്പസ് തുറന്നു കഴിഞ്ഞാൽ ചൊവ്വാഴ്ചകളിൽ മെസ്സുകളിൽ വെജിറ്റേറിയൻ ഭക്ഷണം മാത്രമേ നൽകൂവെന്നും വെഗാൻ ഔട്ട്റീച്ചിന്‍റെ പ്രതിനിധി പറഞ്ഞു. 

Tags:    
News Summary - Move to ban meat consumption in Kozhikode NIT

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.