കോഴിക്കോട്: കേരള കോൺഗ്രസ് എമ്മിന് സീറ്റ് നൽകിയതിനെ തുടർന്ന് കുറ്റ്യാടിയിൽ സി.പി.എം പ്രവർത്തകരിലുണ്ടായ എതിർപ്പ് വിമത നീക്കത്തിലേക്ക്. എൽ.ഡി.എഫ് സ്ഥാനാർഥിക്കെതിരെ വിമതനെ മത്സരിപ്പിച്ച് വിയോജിപ്പ് പ്രകടിപ്പിക്കാനാണ് ഒരു വിഭാഗം പ്രവർത്തകരുടെ നീക്കം. ഇന്ന് വൈകീട്ട് നാലിന് കുറ്റ്യാടിയിൽ ഒത്തുചേരാനും ആഹ്വാനം ചെയ്തിരിക്കുകയാണ്.
കഴിഞ്ഞ ദിവസം കുറ്റ്യാടി ടൗണിൽ സി.പി.എം പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. മണ്ഡലം കേരള കോൺഗ്രസിന് നൽകിയതിനെതിരെയും ജനകീയനായ സി.പി.എം നേതാവും ഏരിയ കമ്മിറ്റി അംഗവുമായ കെ.പി. കുഞ്ഞമ്മദ് കുട്ടിക്ക് സ്ഥാനാർഥിത്വം നിഷേധിച്ചതിനെതിരെയുമാണ് പ്രതിഷേധം അരങ്ങേറിയത്. ജില്ലാ നേതൃത്വത്തിനെതിരെയും രൂക്ഷ വിമർശനമാണ് പ്രവർത്തകർ ഉയർത്തുന്നത്.
(കുറ്റ്യാടിയിലെ സി.പി.എം പ്രവർത്തകർ പ്രതിഷേധ പോസ്റ്റർ പ്രചാരണത്തിൽ)
കഴിഞ്ഞ തവണ കെ.കെ. ലതിക മത്സരിച്ച് തോറ്റ മണ്ഡലമാണ് കുറ്റ്യാടി. സി.പി.എമ്മിന് ആധിപത്യമുള്ള മണ്ഡലമായിട്ടും വിഭാഗീയ പ്രശ്നങ്ങളാണ് ആയിരത്തിലേറെ വോട്ടിന് സി.പി.എമ്മിനെ പരാജയപ്പെടുത്തിയത്. ഇത്തവണയും അത്തരമൊരു ഭീഷണിയുടെ വക്കിലാണ് കുറ്റ്യാടിയിലെ സി.പി.എം.
കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ മത്സരിക്കണമെന്ന് 2016ൽ തന്നെ ആവശ്യമുയർന്നിരുന്നു. എന്നാൽ, സി.പി.എം ജില്ല സെക്രട്ടറി പി. മോഹനന്‍റെ ഭാര്യയും സിറ്റിങ് എം.എൽ.എയുമായിരുന്ന കെ.കെ. ലതികക്ക് തന്നെയാണ് കഴിഞ്ഞ തവണയും ടിക്കറ്റ് നൽകിയത്. ഇത്തവണ കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ മത്സരിക്കുമെന്ന പ്രതീക്ഷയിലായിരുന്നു പ്രവർത്തകർ. സി.പി.എം പ്രചാരണ ജാഥയുടെ ലീഡറായതും കുഞ്ഞമ്മദ് കുട്ടി സ്ഥാനാർഥിയാകുമെന്ന പ്രതീക്ഷക്ക് ആക്കം കൂട്ടി.
അതേസമയം, കുഞ്ഞമ്മദ് കുട്ടിയെ സ്ഥാനാർഥിയാക്കാതെ മണ്ഡലം കേരള കോൺഗ്രസിന് നൽകിയതിൽ ജില്ല നേതൃത്വത്തിന് പങ്കുണ്ടെന്നാണ് പ്രവർത്തകർ ആരോപിക്കുന്നത്. ജില്ല സെക്രട്ടറി പി. മോഹനൻ ഉൾപ്പെടെയുള്ള നേതൃത്വത്തെ വിമർശിച്ച് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. പാർട്ടി മെമ്പർമാർ തന്നെ വിമത നീക്കത്തിന് പിന്തുണ നൽകുന്നത് നേതൃത്വത്തെ ആശങ്കയിലാക്കുന്നുണ്ട്.
കുറ്റ്യാടി കൂടി സി.പി.എമ്മിന് നഷ്ടമായാൽ വടകര താലൂക്കിൽ സി.പി.എമ്മിന് ഒരു എം.എൽ.എ പോലും ഉണ്ടാകാത്ത സാഹചര്യമുണ്ടാകുമെന്ന് പ്രതിഷേധമുയർത്തിയവർ ചൂണ്ടിക്കാട്ടുന്നു. താലൂക്കിലെ മറ്റ് മണ്ഡലങ്ങളായ വടകരയിൽ എൽ.ജെ.ഡിയും നാദാപുരത്ത് സി.പി.ഐയുമാണ് മത്സരിക്കുന്നത്.
അതേസമയം, മുന്നണി തീരുമാനത്തിൽ യാതൊരു മാറ്റവുമുണ്ടാകില്ലെന്നാണ് സി.പി.എം നേതൃത്വം വ്യക്തമാക്കിയത്. പ്രതിഷേധിച്ചത് പാർട്ടി പ്രവർത്തകർ തന്നെയാണെന്ന് സമ്മതിച്ച ജില്ല സെക്രട്ടറി പി. മോഹനൻ, പ്രവർത്തകരെ കാര്യങ്ങൾ ബോധ്യപ്പെടുത്തി മുന്നോട്ട് പോകുമെന്നാണ് പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.