ന്യൂഡൽഹി: ദേശീയപാത 66ൽ നടക്കുന്ന വികസന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് തന്റെ മണ്ഡലത്തിലെ ജനങ്ങൾ അനുഭവിക്കുന്ന പ്രയാസങ്ങൾക്ക് അടിയന്തിര പരിഹാരം കാണണമെന്ന് ഡോ. എം.പി അബ്ദുസ്സമദ് സമദാനി ലോക്സഭയിൽ ആവശ്യപ്പെട്ടു. പദ്ധതികൾ രൂപകൽപന ചെയ്യുമ്പോൾ കേരളം അങ്ങേയറ്റം ജനസാന്ദ്രതയേറിയ സംസ്ഥാനമാണെന്ന ധാരണ വേണമെന്ന് സമദാനി ഓർമിപ്പിച്ചു.
അരീക്കോട് - പരപ്പനങ്ങാടി സംസ്ഥാനപാതയിൽ കൊളപ്പുറം ജംഗ്ഷനിൽ അഞ്ച് കിലോമീറ്റർ അധികം യാത്ര ചെയ്താൽ മാത്രമേ മറുവശത്തേക്ക് എത്തിച്ചേരാൻ സാധിക്കൂ എന്നത് വലിയ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. താഴെ ചേളാരിയിൽ പരപ്പനങ്ങാടി റോഡിലേക്കും മേലെ ചേളാരിയിൽ മാതാപ്പുഴ റോഡിലേക്കും ദേശീയപാതയിൽ നിന്ന് പ്രവേശിക്കാൻ വേണ്ടത്ര സ്ഥലം ലഭ്യമല്ലാത്തതിനാൽ ചേളാരി അനിയന്ത്രിതമായ ഗതാഗതക്കുരുക്ക് അനുഭവിക്കുകയാണെന്നും സമദാനി പറഞ്ഞു.
ഇരുമ്പുചോല, വെളിമുക്ക്, കോഹിനൂർ, പേങ്ങോട്ടൂർമാട്, പാറമ്മൽ എന്നിവിടങ്ങളിൽ മേൽപാലങ്ങൾക്കും അണ്ടർ പാസുകൾക്കുമുള്ള ജനങ്ങളുടെ ആവശ്യം ഇനിയും അംഗീകരിക്കപ്പെട്ടിട്ടില്ല. ദേശീയപാത ഉയർത്തി നിർമിച്ചതിനാൽ പരപ്പുലാക്കൽ കുഴിമ്പാട്ടുപാടം റോഡിൽ നിന്ന് ഹൈവേയിൽ പ്രവേശിക്കാൻ സാധിക്കാത്ത വിധം ഗതാഗത തടസ്സമുണ്ട്.
കലുങ്കുകൾ, ഡ്രെയിനേജ് എന്നിവ ജനവാസ കേന്ദ്രങ്ങളിലേക്ക് തുറക്കുന്നതുമൂലം നിരവധി പ്രദേശങ്ങളിൽ വീടുകളിലേക്ക് വെള്ളം കയറുന്നതിനാൽ ജനങ്ങൾ ദുരിതത്തിലാണ്. അവിടെ ആവശ്യമായ ഡ്രെയിനേജുകൾ നിർമിച്ച് തോടുകളിലേക്ക് വെള്ളം തിരിച്ചുവിട്ട് പരിഹാരം കാരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രവൃത്തി പൂർത്തിയാകുന്ന ഹൈവേയുടെ വശങ്ങളിൽ നിന്ന് വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും പ്രവേശിക്കുന്നതിന് ആവശ്യമായ സൗകര്യം ഏർപ്പെടുത്തണം.
കേരളം ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശമാണെന്നും ദേശീയപാതയുടെ രൂപരേഖ തയാറാക്കിയ സമയത്ത് തന്നെ അത് കണക്കിലെടുക്കേണ്ടതായിരുന്നുവെന്നും സമദാനി പറഞ്ഞു. എന്നാൽ അത് വേണ്ടത്ര ഗൗനിക്കാത്തതിനെ തുടർന്നാണ് ഈ പ്രയാസങ്ങൾ ഉണ്ടായിട്ടുള്ളത്. ജനങ്ങൾ വിഷമിക്കുന്ന ഈ സാഹചര്യത്തിൽ ഇടപെട്ട് സർക്കാർ അടിയന്തിരമായി പരിഹാരനടപടികൾ കൈക്കൊള്ളണമെന്ന് സമദാനി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.