എം.എസ്.എഫ് ലോങ് മാര്‍ച്ച് കാലിക്കറ്റ് സർവകലാശാല കാമ്പസിന് സമീപം ചെട്ടിയാര്‍മാട്-ഒലിപ്രംകടവ് റോഡില്‍ പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞപ്പോള്‍

നാക് സന്ദര്‍ശനത്തിനിടെ കാലിക്കറ്റ് സർവകലാശാലയിലേക്ക് എം.എസ്.എഫ് ലോങ് മാര്‍ച്ച്

തേഞ്ഞിപ്പലം: നാഷനല്‍ അസസ്‌മെന്റ് ആൻഡ് അക്രഡിറ്റേഷന്‍ കൗണ്‍സില്‍ (നാക്) സംഘത്തിന്റെ സന്ദര്‍ശനത്തിനിടെ കാലിക്കറ്റ് സർവകലാശാലയിലേക്ക് എം.എസ്.എഫ് ലോങ് മാര്‍ച്ച്. മുന്നൂറിലധികം വിദ്യാർഥികൾ രാമനാട്ടുകരയില്‍നിന്ന് ആരംഭിച്ച മാര്‍ച്ച് യൂനിവേഴ്‌സിറ്റി കാമ്പസില്‍ പ്രവേശിക്കുംമുമ്പ് ചെട്ടിയാര്‍മാട്-ഒലിപ്രം കടവ് റോഡില്‍ പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. വിദ്യാർഥികളുടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചും സർവകലാശാല ഭരണത്തില്‍ അഴിമതിയും സ്വജനപക്ഷപാതവും ആരോപിച്ചുമായിരുന്നു സമരം.

പി. അബ്ദുൽ ഹമീദ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പിന്‍വാതില്‍ നിയമനത്തിന്റെയും അഴിമതിയുടെയും കേന്ദ്രമായി സർവകലാശാല മാറിയെന്ന് അദ്ദേഹം ആരോപിച്ചു. സിന്‍ഡിക്കേറ്റ് പെരുമാറുന്നത് ഫാഷിസ്റ്റ് ശൈലിയിലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് അധ്യക്ഷത വഹിച്ചു. മുസ്‍ലിം യൂത്ത് ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി അഡ്വ. വി.കെ ഫൈസല്‍ ബാബു, യൂത്ത് ലീഗ് ജില്ല പ്രസിഡന്റ് ശരീഫ് കുറ്റൂര്‍, എം.എസ്.എഫ് സംസ്ഥാന ട്രഷറര്‍ അസ്ഹര്‍ പെരുമുക്ക്, ഹരിത സംസ്ഥാന പ്രസിഡന്റ് ആയിഷ ബാനു എന്നിവര്‍ സംസാരിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കെ നജാസ് സ്വാഗതവും വൈസ് പ്രസിഡന്റ് ഫാരിസ് പൂക്കോട്ടൂര്‍ നന്ദിയും പറഞ്ഞു. ലോങ് മാര്‍ച്ചിന്റെ ഫ്ലാഗ് ഓഫ് മുസ്‍ലിം ലീഗ് സംസ്ഥാന സെക്രട്ടറി പ്രഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ നിർവഹിച്ചു. എം.എസ്.എഫ് അലിലേന്ത്യ പ്രസിഡന്റ് പി.വി അഹമ്മദ് സാജു സംസാരിച്ചു.

തിരൂരങ്ങാടി തഹസില്‍ദാര്‍ പി.ഒ സാദിഖ്, മലപ്പുറം ഡിവൈ.എസ്.പി പി. അബ്ദുൽ ബഷീര്‍, താനൂര്‍ ഡിവൈ.എസ്.പി മൂസ വള്ളിക്കാടന്‍, സ്‌പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി കെ.എം ബിജു എന്നിവരുടെ നേത്യത്വത്തില്‍ മൂന്ന് സി.ഐമാര്‍ ഉള്‍പ്പെടെ തിരൂരങ്ങാടി, പരപ്പനങ്ങാടി, വാഴക്കാട്, അരീക്കോട്, മലപ്പുറം സ്റ്റേഷനുകളില്‍ നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥരും ഒരു കമ്പനി എം.എസ്.പി പൊലീസും ജലപീരങ്കി, ടിയര്‍ ഗ്യാസ്, ഇലക്ട്രിക് ലാത്തി എന്നിവയുമായി സമരത്തെ നേരിടാനെത്തിയിരുന്നു.

സർവകലാശാലക്ക് ഗ്രേഡ് നല്‍കുന്നതിന് മുന്നോടിയായുള്ള നാക് പരിശോധന വ്യാഴാഴ്ച മുതല്‍ മൂന്നുദിവസമായി നടക്കുന്നതിനാലാണ് പൊലീസ് സമരത്തെ നേരിടാന്‍ ശക്തമായ കാവലൊരുക്കിയത്. 

Tags:    
News Summary - MSF Long March to University of Calicut during NAAC visit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.