കോഴിക്കോട്: വിവാദങ്ങളെ തുടർന്ന് സ്ഥാനങ്ങളിൽനിന്നും നീക്കം ചെയ്ത ഹരിത മുൻ നേതാക്കളും ആരോപണ വിധേയനായ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസും ഒരേ വേദിയിൽ. ഹരിത മുൻ നേതാക്കളായ ഫാത്തിമ തഹ്‌ലിയ, മുഫീദ തസ്‌നി, നജ്മ തബ്ഷീറ എന്നിവർക്കൊപ്പമാണ് പി. കെ നവാസ് വേദി പങ്കിട്ടത്. നവാസിനെതിരെ ഹരിത മുൻ നേതാക്കൾ ലൈംഗികാധിക്ഷേപത്തിന് പൊലീസിലും വനിതാ കമ്മീഷനിലും പരാതി നൽകിയശേഷം ഇതാദ്യമായാണ് ഇവർ ഒരേ വേദിയിലെത്തുന്നത്.
എം.എസ്.എഫ് കാലിക്കറ്റ് യൂനിവേഴ്‌സിറ്റി കാംപസ് യൂനിറ്റ് സംഘടിപ്പിച്ച സമ്മേളനത്തിലാണ് നവാസും മുൻ ഹരിത നേതൃത്വവും ഒരുമിച്ചെത്തിയത്. 'വേരറിയുന്ന ശിഖരങ്ങളാകുക' എന്ന പ്രമേയത്തിലാണ് യൂനിവേഴ്‌സിറ്റി കാംപസിൽ എം.എസ്.എഫ് യൂനിറ്റ് സമ്മേളനം നടന്നത്. ഹരിത മുൻ നേതൃത്വം ലൈംഗികാധിക്ഷേപത്തിന് പരാതി നൽകിയ എം.എസ്.എഫ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി വഹാബ് ചാപ്പനങ്ങാടിയും പരിപാടിയിൽ പങ്കെടുത്തു. എം.എസ്.എഫ് ദേശീയ പ്രസിഡന്റ് ടി.പി അഷ്‌റഫലിയാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്.
എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി യോഗത്തിനിടെ ഹരിത സംസ്ഥാന ജനറൽ സെക്രട്ടറി നജ്മ തബ്ഷീറയെ നവാസ് ലൈംഗികമായി അധിക്ഷേപിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് 10 ഹരിത നേതാക്കൾ വനിതാ കമ്മീഷനിൽ പരാതി നൽകിയത്. വനിതാ കമ്മീഷന്റെ നിർദേശപ്രകാരം കഴിഞ്ഞ വർഷം ആഗസ്റ്റ് 17ന് വെള്ളയിൽ പൊലീസ് കേസെടുക്കുകയും അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തിരുന്നു.
സ്ത്രീത്വത്തെ അപമാനിച്ചതുൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് കോടതിയിൽ പി.കെ നവാസിനെതിരെ കുറ്റപത്രം സമർപ്പിച്ചിരുന്നു. സ്ത്രീകൾക്കെതിരെ ലൈംഗിക ആരോപണങ്ങളുന്നയിച്ചതുൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. സംഭവം ലീഗിൽ വൻ വിവാദങ്ങൾക്ക് വഴിവെച്ചതിനെ തുടർന്ന് പരാതി ഹരിത നേതാക്കളെ സ്ഥാനങ്ങളിൽനിന്ന് പുറത്താക്കിയാണ് ലീഗ് പ്രശ്നം പരിഹരിച്ചത്.
മുസ്‍ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം അടക്കം പരാതിക്കാരായ പെൺകുട്ടികൾക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. അതേസമയം, ഹരിത മുൻ നേതാക്കളെ സംബന്ധിച്ചുള്ള വിഷയത്തിൽ മുതിർന്ന നേതാവ് ഇ.ടി മുഹമ്മദ് ബഷീർ അനുകൂലമായി സംസാരിക്കുന്ന ഓഡിയോ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.