മലപ്പുറം: മുഈനലി തങ്ങളുടെ പ്രസ്താവന പാർട്ടി വിരുദ്ധമാണെന്നും അദ്ദേഹത്തിനെതിരെ നടപടി എടുക്കുമെന്നും മുസ്ലിം ലീഗ് നേതാവ് കെ.പി.എ. മജീദ്. ഇന്നലെ പാണക്കാട് ചേർന്ന മുസ്ലിം ലീഗ് ഉന്നതാധികാര സമിതി മുഈനലിക്കെതിരെ നടപടി വേണ്ടെന്ന് തീരുമാനിച്ചു എന്ന തരത്തിലുള്ള വാർത്തകൾ അദ്ദേഹം നിഷേധിച്ചു.
'മുഈനലിയുടെ പ്രസ്താവനയെ കുറിച്ച് മാത്രമാണ് ഇന്നലെ നടന്ന ചർച്ച. ആ ഒരു അജണ്ട മാത്രമാണ് ഉണ്ടായിരുന്നത്. മുഈനലി പറഞ്ഞത് തെറ്റാണെന്ന് യോഗത്തിൽ സംസാരിച്ച സ്വാദിഖലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു. യോഗത്തിൽ പങ്കെടുത്ത 12 പേരും ഇതേ അഭിപ്രായമാണ് പങ്കുവെച്ചത്. അതിൽ എല്ലാവരും ഒറ്റക്കെട്ടാണ്. മുഈനലി പറഞ്ഞത് പാർട്ടിവിരുദ്ധമാണ്. പാർട്ടിയുടെ മുഴുവൻ നിലപാടിനും എതിരായ കാര്യമാണ്. അത് കൊണ്ട് ഏത് തരം നടപടി വേണമെന്നത് മാത്രമാണ് ഇന്നലത്തെ ചർച്ച. നടപടി എടുക്കേണ്ടന്ന് ഒരാളും പറഞ്ഞിട്ടില്ല. ഹൈദരലി തങ്ങൾ ചികിത്സയിലാണ്. അദ്ദേഹവുമായി ചർച്ച ചെയ്ത് മുഈനലിക്കെതിരെ എന്ത് നടപടി സ്വീകരിക്കണമെന്ന് തീരുമാനിക്കും. എന്നാൽ, ഇതുസംബന്ധിച്ച് വരുന്ന വാർത്തകളിൽ സത്യത്തിന്‍റ പുലബന്ധമില്ല' -മജീദ് പറഞ്ഞു.
യോഗത്തില്‍ പി.കെ കുഞ്ഞാലിക്കുട്ടിയെ ഒറ്റപ്പെടുത്തിയെന്ന വാര്‍ത്ത അദ്ദേഹം നിഷേധിച്ചു. ഇത്തരം പ്രചാരണങ്ങള്‍ അവാസ്തവമാണ്. കുഞ്ഞാലിക്കുട്ടിക്കെതിരെ ചേരി തിരിഞ്ഞിട്ടില്ല. ലീഗ് യോഗത്തില്‍ തര്‍ക്കങ്ങളുണ്ടായിട്ടില്ല. ഐക്യകണ്‌ഠേനയാണ് തീരുമാനങ്ങളെടുത്തത്. -മജീദ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.