കോഴിക്കോട്: റിയൽ എസ്റ്റേറ്റ് ബിസിനസുകാരൻ മുഹമ്മദ് ആട്ടൂരിനെ കാണാതായിട്ട് ഒരുവർഷമാകുമ്പോഴും തെളിവൊന്നും ലഭിക്കാതെ പൊലീസ്. ബാലുശ്ശേരി എരമംഗലം സ്വദേശിയായ ആട്ടൂർ ഹൗസിൽ മുഹമ്മദിനെ (മാമി -56) കഴിഞ്ഞ ആഗസ്റ്റ് 21നാണ് നഗരത്തിൽനിന്ന് കാണാതായത്. നടക്കാവ് പൊലീസ് രജിസ്റ്റർ ചെയ്ത കേസ് ആദ്യം ലോക്കൽ പൊലീസും പിന്നീട് സിറ്റി പൊലീസ് മേധാവി രാജ്പാൽ മീണയുടെ നേതൃത്വത്തിലുള്ള സംഘവും തുടർന്നിപ്പോൾ മലപ്പുറം എസ്.പി എസ്. ശശിധരന്റെ മേൽനോട്ടത്തിലുള്ള സംഘവുമാണ് അന്വേഷിക്കുന്നത്. ഇരുന്നൂറോളം പേരുടെ മൊഴി രേഖപ്പെടുത്തിയിട്ടും നിരവധി വാഹനങ്ങളും മൊബൈൽ ഫോൺ നമ്പറുകൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയിട്ടും കാര്യമായ പുരോഗതിയൊന്നും ഇതുവരെ ഉണ്ടാക്കാനായില്ലെന്നാണ് വിവരം. അതേസമയം, കേസിന്റെ അന്വേഷണം നടക്കുകയാണെന്നും ഇപ്പോൾ ഒന്നും പറയാൻ കഴിയില്ലെന്നും എസ്. ശശിധരൻ ‘മാധ്യമ’ത്തോട് പറഞ്ഞു.
തിരോധാനത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മാമിയുടെ കുടുംബവും ആക്ഷൻ കമ്മിറ്റിയും ഹൈകോടതിയെ സമീപിച്ചെങ്കിലും തീരുമാനം വന്നിട്ടില്ല. പൊലീസ് റിപ്പോർട്ട് തേടിയ കോടതി ഹരജി വീണ്ടും സെപ്റ്റംബർ നാലിന് പരിഗണിക്കും. മാമിയുടെ ഓഫിസുള്ള അരയിടത്തുപാലം സി.ഡി ടവറിനടുത്തുനിന്ന് 21ന് വൈകീട്ടാണ് ഇദ്ദേഹത്തെ കാണാതായത്. ഭാര്യ പൊലീസിൽ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിൽ, തൊട്ടടുത്ത ദിവസം മാമിയുടെ മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ തലക്കുളത്തൂർ ഭാഗത്തായിരുന്നു. തുടർന്ന്, ഇവിടെ പരിശോധന നടത്തിയെങ്കിലും സൂചനയൊന്നും ലഭിച്ചില്ല. പിന്നീട് ഈ ഭാഗത്തെ മൊബൈൽ ഫോൺ ടവറുകളുടെ വിവരങ്ങൾ സർവിസ് ദാതാക്കളിൽ നിന്ന് ശേഖരിച്ചു. ഫോണുകളുടെ ഐ.പി വിലാസത്തിനായി യു.എസിലെ ഗൂഗ്ൾ ആസ്ഥാനത്തേക്കും അന്വേഷണ സംഘം സന്ദേശം നൽകി. കാണാതായ ദിവസത്തെ നഗരത്തിലെ സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിച്ചു. മാമിയുമായി ചേർന്ന് ബിസിനസ് നടത്തിയവർ, സാമ്പത്തിക ഇടപാടുകൾ നടത്തിയവർ, ബന്ധുക്കൾ, ജീവനക്കാർ അടക്കമുള്ളവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയെങ്കിലും തിരോധാനവുമായി ബന്ധപ്പെട്ട സൂചനകളൊന്നും കിട്ടിയില്ല. മാമിയെ ഉടൻ കണ്ടെത്തണമെന്നാവശ്യപ്പെട്ട് നിരവധി സമരങ്ങൾ നടത്തിയ ആക്ഷൻ കമ്മിറ്റി വീണ്ടും പ്രക്ഷോഭത്തിനുള്ള ഒരുക്കത്തിലാണ്.
അടിമുടി ദുരൂഹം
കോഴിക്കോട്: മുഹമ്മദ് ആട്ടൂരിന്റെ (മാമി) തിരോധാനത്തിൽ അടിമുടി ദുരൂഹതയാണ് ആദ്യം മുതലുള്ളത്. നിറയെ സി.സി.ടി.വി കാമറകളുള്ള നഗരത്തിൽനിന്ന് ഒരുതെളിവുമില്ലാത്ത വിധം പെട്ടെന്നാണ് പ്രധാന ബിസിനസുകാരനെ കാണാതായത്. സാമ്പത്തിക പ്രയാസങ്ങൾ കാരണം മാമി മാറിനിൽക്കുകയാണെന്നാണ് ആദ്യം ഊഹാപോഹം പരന്നത്. എന്നാൽ, ദിവസങ്ങൾ കഴിഞ്ഞതോടെ മാമി ഹൈദരാബാദിലുള്ള ഭാര്യയുടെ അടുത്തുണ്ടെന്നായി.
പൊലീസ് അന്വേഷിച്ചപ്പോൾ അവിടെയെത്തിയിട്ടില്ലെന്ന് വ്യക്തമായി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മാമി പീഡിപ്പിച്ചെന്നും പോക്സോ കേസ് ഭയന്ന് ഒളിവിൽ പോയെന്നും പിന്നീട് ചർച്ചവന്നു. ഇതും വ്യാജമെന്ന് വ്യക്തമായി. അതിനിടെ, ഹൈദരാബാദിൽനിന്ന് രണ്ടുപേർ വന്ന് ബീച്ചിൽ വെച്ച് മാമിയുമായി കൂടിക്കാഴ്ച നടത്തിയെന്നും ഇതിനുപിന്നാലെയാണ് കണാതായതെന്നും ചില കോണുകളിൽനിന്ന് വാദമുയർന്നു.
മാമിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് കുപ്രസിദ്ധ കുറ്റവാളി കാക്ക രഞ്ജിത്ത് പണം വാങ്ങി പൊലീസിന് സമാന്തരമായി അന്വേഷണം നടത്തിയെന്നും ചിലർ അഭിപ്രായപ്പെട്ടു. എന്നാൽ, തങ്ങൾ ആർക്കും പണം നൽകിയിട്ടില്ലെന്ന് പിന്നീട് കുടുംബം വ്യക്തത വരുത്തി. മാമിയുടെ ചില ജീവനക്കാരെ ചുറ്റിപ്പറ്റിയും ഊഹാപോഹങ്ങൾ ഉയർന്നു.
മാമിക്ക് ബിസിനസ് ശത്രുക്കളുണ്ടായിരുന്നോ എന്നതിലേക്ക് അന്വേഷണം നീണ്ടെങ്കിലും പൊലീസിന് സൂചനകളൊന്നും കിട്ടിയില്ല. അതിനിടെ, ചില പണമിടപാടുകളെ പറ്റിയും സംശയങ്ങളുയർന്നു. തുടക്കത്തിൽ മാമി തിരോധാനം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് രംഗത്തുവന്ന ചിലർ പിന്നീട് അഭിപ്രായ ഭിന്നതകളുന്നയിച്ചു. ആദ്യം കേസ് അന്വേഷിച്ച നടക്കാവ് പൊലീസ് എസ്.എച്ച്.ഒയെ വീണ്ടും കൊണ്ടുവരണമെന്നും വേണ്ടെന്നും പറഞ്ഞായിരുന്നു ഭിന്നത.
പാർലമെന്റ് തെരഞ്ഞെടുപ്പ് വേളയിൽ സ്ഥലം മാറിപ്പോയ ഈ ഉദ്യോഗസ്ഥൻ തിരിച്ചെത്തിയപ്പോൾ ആദ്യം അന്വേഷണ സംഘത്തിൽനിന്ന് ഒഴിവാക്കപ്പെട്ടെങ്കിലും പുതിയ അന്വേഷണ സംഘത്തിൽ ഇദ്ദേഹം ഉൾപ്പെട്ടതിൽ കുടുംബം പിന്നീട് ദുരൂഹത ഉന്നയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.