പാലേരി: ‘ഫെബ്രുവരി 21ന് പാലേരി പാറക്കടവിൽവെച്ച് കഴിക്കുന്ന പണംപയറ്റിന് താങ്കളെ സ്നേഹപൂർവം ക്ഷണിക്കുന്നു. എന്ന്, മുഹമ്മദ് ബിഹാർ’ -ഈ പണംപയറ്റ് ക്ഷണക്കത്ത് ബിഹാർ സ്വദേശി മുഹമ്മദിന്റേതാണ്. പണിക്ക് വന്ന ബിഹാർ സ്വദേശി ഒരു പാറക്കടവുകാരനായിരിക്കുകയാണ്.
12 വർഷം മുമ്പാണ് ബിഹാറിൽനിന്ന് മുഹമ്മദ് ഇൻഡസ്ട്രിയൽ വർക്കിന് ചങ്ങരോത്ത് പഞ്ചായത്തിലെ പാറക്കടവിൽ എത്തുന്നത്. മാന്യമായ പെരുമാറ്റവും സഹോദരസ്നേഹവുമായി വളരെ പെട്ടെന്നുതന്നെ മുഹമ്മദ് നാട്ടുകാരുടെ മനസ്സു കീഴടക്കി. 2019ൽ ഏഴു സെന്റ് സ്ഥലം വാങ്ങി ചെറിയൊരു വീടുവെച്ചു. ഭാര്യയും നാലും രണ്ടും വയസ്സുള്ള കുട്ടികളും അടങ്ങുന്നതാണ് മുഹമ്മദിന്റെ കുടുംബം.
ജില്ലയുടെ കിഴക്കൻ ഭാഗങ്ങളിൽ വളരെ പ്രചാരത്തിലുള്ള ഒന്നാണ് പണംപയറ്റ്. സാധാരണക്കാരുടെ സമ്പാദ്യമാണിത്. ഒരാൾക്ക് സാമ്പത്തിക ആവശ്യം വരുമ്പോൾ പണംപയറ്റ് കഴിക്കും. സുഹൃത്തുക്കളും നാട്ടുകാരും അന്നേ ദിവസം ചെറിയ തുക ആവശ്യക്കാരന് നൽകും. മറ്റുള്ളവർക്ക് ആവശ്യം വരുമ്പോൾ ഇയാൾ തനിക്ക് തന്നതിന്റെ ഇരട്ടി നൽകും. ഇങ്ങനെ ഒരാൾക്ക് ചുരുങ്ങിയത് 100 ആളുകളെങ്കിലുമായി ഇടപാട് ഉണ്ടാവും.
50,000 രൂപ മുതൽ അഞ്ച് ലക്ഷം വരെയെല്ലാം ലഭിക്കുന്നുണ്ട്. നാട്ടുകാർക്ക് ഇടയിൽ നടക്കുന്ന ഈ സാമ്പത്തിക സഹായത്തിലാണ് ഒരു ഇതര സംസ്ഥാന തൊഴിലാളികൂടി ഭാഗഭാക്കാവുന്നത്. നാട്ടുകാരും മഹല്ല് കമ്മിറ്റിയും വലിയ സഹായമാണ് നൽകിവരുന്നതെന്ന് മുഹമ്മദ് പറയുന്നു. മലയാളം നന്നായി സംസാരിക്കുന്ന മുഹമ്മദിന് ഇവിടെ റേഷൻ കാർഡും വോട്ടുമെല്ലാം ശരിയായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.