പാലക്കാട്: പാലക്കാട് ജില്ലയിൽ സി.പി.ഐയെ കൂടുതൽ പ്രതിസന്ധിയിലാക്കി പരസ്യ പോരുമായി അണികളും നേതാക്കളും. പടലപ്പിണക്കവും തൊഴുത്തിൽകുത്തും രൂക്ഷമാകുന്നതിനിടെ ചേർന്ന ജില്ല സമ്മേളനത്തിൽ സ്വീകരിച്ച അച്ചടക്ക നടപടിയെച്ചൊല്ലി മണ്ഡലം കമ്മിറ്റികളിൽ കൂട്ടരാജി തുടരുകയാണ്. അംഗങ്ങൾ രാജിക്കത്തുമായി പോരിനിറങ്ങിയതോടെ പട്ടാമ്പി, മണ്ണാർക്കാട് കമ്മിറ്റികളുടെ പ്രവർത്തനം സ്തംഭിച്ചു.
നേതൃത്വത്തിനെതിരെ അതൃപ്തി പരസ്യമാക്കി ജില്ല കമ്മിറ്റിയിൽനിന്ന് മുഹമ്മദ് മുഹ്സിൻ എം.എൽ.എ രാജിവെച്ചു. എം.എൽ.എ അടക്കമുള്ളവർ ജില്ല നേതൃത്വത്തിനെതിരെയും സെക്രട്ടറി കെ.പി. സുരേഷ് രാജിനെതിരെയും പരസ്യവിമർശനവും നടത്തി. ഇവർ പാർട്ടി കമ്മിറ്റികളിൽനിന്ന് രാജിസന്നദ്ധത അറിയിച്ച് ജില്ല, സംസ്ഥാന, ദേശീയ നേതൃത്വങ്ങൾക്ക് കത്തയച്ചിട്ടുണ്ട്.
നേരത്തെ പാർട്ടി സമ്മേളനങ്ങളിൽ വിഭാഗീയ പ്രവർത്തനം നടത്തിയെന്ന പാർട്ടി കമീഷൻ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ മുഹമ്മദ് മുഹ്സിൻ എം.എൽ.എയെ ജില്ല എക്സിക്യൂട്ടീവിൽനിന്ന് ജില്ല കമ്മിറ്റിയിലേക്ക് തരം താഴ്ത്തിയിരുന്നു.അതേസമയം, എം.എൽ.എ അടക്കമുള്ളവരുടെ രാജി സംബന്ധിച്ച് തനിക്ക് വിവരമില്ലെന്ന് ജില്ല സെക്രട്ടറി കെ.പി. സുരേഷ് രാജ് പറഞ്ഞു. രാജിക്കത്തൊന്നും ലഭിച്ചിട്ടില്ല. നിലവിൽ പരക്കുന്നത് ഊഹാപോഹങ്ങളാണ്.
പാർട്ടി നടപടികൾ എടുത്താൽ അത് സ്ഥിരീകരിക്കും. എന്നാൽ, നിലവിൽ അത്തരത്തിൽ ഒരു നിലപാടിലേക്കും കടന്നിട്ടില്ലെന്ന് കെ.പി. സുരേഷ് രാജ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.