പട്ടാമ്പി: വിവാദങ്ങൾക്കൊടുവിൽ പട്ടാമ്പിയിൽ മുഹമ്മദ് മുഹ്സിനുതന്നെ നറുക്ക്. സി.പി.ഐ ലോക്കൽ കമ്മിറ്റി മുതൽ ജില്ല എക്സിക്യൂട്ടിവ് വരെ ഉയർത്തിയ വിമർശനങ്ങൾ മറികടന്നാണ് മുഹ്സിന് സംസ്ഥാന നേതൃത്വം രണ്ടാമൂഴം നൽകുന്നത്.
സി.പി.ഐ പ്രാദേശിക നേതൃത്വങ്ങളോട് യോജിക്കാതെ പ്രവർത്തിക്കുന്നുവെന്ന ആരോപണമാണ് പാർട്ടിയുടെ വിവിധ ഘടകങ്ങളിൽ ഉയർന്നത്. സി.പി.എം പ്രതിനിധി പോലുള്ള പ്രവർത്തനമാണ് നടത്തുന്നതെന്നും മണ്ഡലം കമ്മിറ്റിയിൽ മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിലുയർന്നിരുന്നു.
ജെ.എൻ.യു വിദ്യാർഥി പരിവേഷത്തിൽ കന്നിയങ്കത്തിനിറങ്ങി 15 വർഷത്തെ സി.പി. മുഹമ്മദ് യുഗത്തിന് അന്ത്യംകുറിച്ചാണ് മുഹമ്മദ് മുഹ്സിൻ നിയമസഭ പ്രവേശനം നേടിയത്.
യു.ഡി.എഫ് സ്ഥാനാർഥി പ്രഖ്യാപനം ബുധനാഴ്ചയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജില്ല നേതൃത്വം സി.പി. മുഹമ്മദ്, കെ.എസ്.ബി.എ. തങ്ങൾ എന്നിവരുടെ പേരുകളാണ് നിർദേശിച്ചിരിക്കുന്നത്. സി.പി. വന്നാൽ 2016 ആവർത്തിക്കുമോ മണ്ഡലം തിരിച്ചുപിടിക്കുമോ എന്ന ചർച്ച സജീവമായിക്കഴിഞ്ഞു.
കെ.എസ്.ബി.എ. തങ്ങൾക്കുള്ള സാധ്യതയും അവഗണിക്കാനാവില്ല. എന്നാൽ, യുവജനപ്രതിനിധ്യം കണക്കിലെടുത്ത് സംസ്ഥാന നേതൃത്വം മൂന്നാമതൊരാളെ നിർദേശിക്കുമോ എന്നും പ്രവർത്തകർ ഉറ്റുനോക്കുന്നു. മണ്ഡലത്തിനു വേണ്ടിയുള്ള മുസ്ലിം ലീഗ് അവകാശവാദം കോൺഗ്രസ് നേതൃത്വം നിരാകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.