സി.പി.ഐയിൽ വിഭാഗീയത രൂക്ഷം; മുഹമ്മദ് മുഹ്സിൻ എം.എൽ.എ പാലക്കാട് ജില്ല കൗൺസിലിൽനിന്ന് രാജിവെച്ചു

പാലക്കാട്: വിഭാഗീയത രൂക്ഷമായതോടെ പട്ടാമ്പി എം.എൽ.എ മുഹമ്മദ് മുഹ്സിൻ സി.പി.ഐ പാലക്കാട് ജില്ലാ കൗൺസിലിൽനിന്ന് രാജിവെച്ചു. ജില്ലാ നേതൃത്വത്തിന്റെ ഏകപക്ഷീയ നിലപാടിൽ പ്രതിഷേധിച്ചാണ് രാജിയെന്നാണ് പാർട്ടിക്ക് നൽകിയ കത്തിൽ പറയുന്നത്. മുൻ ജില്ല പഞ്ചായത്തംഗം ഉൾപ്പെടെ ആറുപേരും രാജിവെച്ചിട്ടുണ്ട്. ചൊവ്വാഴ്ച ചേരുന്ന ജില്ല എക്സിക്യൂട്ടീവ് രാജി ചർച്ച ചെയ്യും. മുഹ്സിനെതിരെ കൂടുതൽ നടപടിക്കും സാധ്യതയുണ്ട്.

വിഭാഗീയ പ്രവർത്തനം നടത്തിയെന്നാരോപിച്ച് മുഹ്സിനെ നേരത്തെ ജില്ല എക്സിക്യൂട്ടീവിൽനിന്ന് ജില്ല കൗൺസിലിലേക്ക് തരം താഴ്ത്തിയിരുന്നു. ഇതിൽ പാർട്ടിയില്‍ അമർഷമുണ്ട്. ജില്ല കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടെ 13 പേര്‍ മണ്ണാർക്കാട് മണ്ഡലം കമ്മിറ്റിയിൽനിന്ന് രാജിക്ക് ഒരുങ്ങുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. പട്ടാമ്പി മണ്ഡലം കമ്മിറ്റിയിലെ പ്രവർത്തകരും നേരത്തെ കൂട്ടരാജി സമർപ്പിച്ചിരുന്നു.

ജില്ല സമ്മേളനത്തിലെ വിഭാഗീയതയെ കുറിച്ച് അന്വേഷിച്ച കമീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മുഹമ്മദ് മുഹ്സിൻ എം.എൽ.എയെ ജില്ലാ കൗൺസിലിലേക്കും പട്ടാമ്പി മണ്ഡലം സെക്രട്ടറി സുഭാഷ്, പട്ടാമ്പിയിൽ നിന്നുള്ള ജില്ലാ കമ്മിറ്റിയംഗം കൊടിയില്‍ രാമകൃഷ്ണന്‍ എന്നിവരെ ബ്രാഞ്ച് കമ്മിറ്റിയിലേക്കും തരംതാഴ്ത്തിയത്. കാനം പക്ഷക്കാരനായ സി.പി.ഐ ജില്ലാ സെക്രട്ടറിയുടെ അഴിമതി ചൂണ്ടിക്കാണിച്ചതാണ് എം.എൽ.എ അടക്കമുള്ളവർക്കെതിരെ നടപടിക്ക് കാരണമെന്നാണ് മറുവിഭാഗത്തിന്റെ ആരോപണം. കാനം രാജേന്ദ്രന്‍ വിഭാഗത്തിനാണ് പാലക്കാട് ജില്ലാ കമ്മിറ്റിയില്‍ മുന്‍തൂക്കം. 

Tags:    
News Summary - Muhammed Muhsin MLA resigned from Palakkad District Council

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.