മൂ​ല​മ​റ്റം വൈ​ദ്യു​തി നി​ല​യ​ത്തി​ന്‍റെ ഉ​ൾ​വ​ശം

മൂലമറ്റം വൈദ്യുതി നിലയം; ജനറേറ്ററുകളുടെ ആയുസ്സ് അളന്ന് തുടങ്ങി

മൂലമറ്റം: ഇന്ത്യയിലെ ഏറ്റവും വലിയ ഭൂഗർഭ വൈദ്യുതി നിലയമായ മൂലമറ്റം നിലയത്തിലെ ജനറേറ്ററുകളുടെ ആയുസ്സ് അളന്ന് തുടങ്ങി. ജനറേറ്ററുകളുടെ നിലവിലെ സ്ഥിതിയും ഇനി എത്രകാലം പ്രവർത്തിക്കുമെന്നതെല്ലാം മനസ്സിലാക്കുന്നതിന് വേണ്ടിയാണ് ആർ.എൽ.എ (റെസിഡ്യുവൽ ലൈഫ് അനാലിസിസ്) നടത്തുന്നത്. കേന്ദ്രസർക്കാർ സ്ഥാപനമായ മെകോൺ ആണ് ആർ.എൽ.എ പഠനം നടത്തുന്നത്.

ജൂൺ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ നടന്നു വരുന്ന വാർഷിക അറ്റകുറ്റപ്പണികൾക്ക് ഒപ്പം ആർ.എൽ.എ നടത്തുന്നതിനാണ് തീരുമാനം. എന്നാൽ, ഇത്തവണത്തെ വാർഷിക അറ്റകുറ്റപ്പണികൾ യഥാസമയം തുടങ്ങാൻ സാധിക്കാത്തതിനാൽ ഫെബ്രുവരിയോടെ മാത്രമേ വാർഷിക അറ്റകുറ്റപ്പണി പൂർത്തീകരിക്കാൻ കഴിയൂ. ഈ കാലഘട്ടത്തിൽ 4,5,6 നമ്പർ ജനറേറ്ററുകളുടെ വാർഷിക അറ്റകുറ്റപ്പണിയും ആർ.എൽ.എ യും പൂർത്തിയാക്കും. ആറാം നമ്പർ ജനറേറ്ററിന്‍റെ ആയുസ്സ് ആണ് ഈ മാസം വിലയിരുത്തുന്നത്.

അടുത്ത വർഷം ജൂൺ മുതൽ നടക്കുന്ന വാർഷിക അറ്റകുറ്റപ്പണിക്ക് ഒപ്പം 1,2,3 നമ്പർ ജനറേറ്ററുകളുടെയും പരിശോധന നടത്തും. ഒരു മാസം ഒരു ജനറേറ്റർ എന്ന നിലയിലാണ് വാർഷിക അറ്റകുറ്റപ്പണികൾ നടത്തുന്നത്.1976 ഫെബ്രുവരി 12 ന് പ്രവർത്തനം തുടങ്ങിയ നിലയത്തിൽ 130 മെഗാവാട്ട് വീതം ശേഷിയുള്ള ആറ് ജനറേറ്ററുകൾ രണ്ടുഘട്ടങ്ങളായാണ് സ്ഥാപിച്ചത്. ഒന്നാം നമ്പർ ജനറേറ്റർ (12.02.1976), രണ്ടാം നമ്പർ (07.06.1976), മൂന്നാം നമ്പർ (24.12.1976) എന്നീ തീയതികളിലാണ് പ്രവർത്തനം തുടങ്ങിയത്.

നാലാം നമ്പർ ജനറേറ്റർ (04.11.1985), അഞ്ചാം നമ്പർ (22.03.1986), ആറാം നമ്പർ (09.09.1986) എന്നീ തീയതികളിലും പ്രവർത്തനം തുടങ്ങി. ജനറേറ്ററുകൾ പ്രവർത്തനം തുടങ്ങി 35 വർഷങ്ങൾക്കുശേഷം ആദ്യ ആർ.എൽ.എ നടത്തണം. ശേഷമുള്ള ഓരോ 10 വർഷങ്ങളിലും തുടർച്ചയായി ആർ.എൽ.എ നടത്തേണ്ടതുണ്ട്. ഇതുപ്രകാരം 2011 ൽ ആദ്യഘട്ടത്തിലെ മൂന്ന് ജനറേറ്ററുകളുടെയും ആർ.എൽ.എ നടത്തുകയും ഇതിന്‍റെ അടിസ്ഥാനത്തിൽ 2020 ൽ ഈ ജനറേറ്ററുകൾ പൂർണമായും നവീകരിക്കുകയും ചെയ്തു.

2011 ൽ ആർ.എൽ.എ പഠനം നടത്തിയ ഒന്നാംഘട്ട ജനറേറ്ററുകളിൽ 10 വർഷത്തിനുശേഷം വീണ്ടും ആർ.എൽ.എ നടത്തണം. ഇതിനാലാണ് പുതിയ ആർ. എൽ. എ പഠനത്തിൽ ഒന്നാംഘട്ട ജനറേറ്ററുകളും ഉൾപ്പെടുത്തിയിരിക്കുന്നത്. നവീകരണ പ്രവർത്തനങ്ങൾക്ക് നൂറ് കോടിയോളം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

Tags:    
News Summary - Mulamattam Power Station; The lifetime of the generators was measured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.