പെരിയ ഇരട്ടക്കൊലക്കേസ് സി.പി.എം പ്രതികളുടെ വക്കാലത്ത് ഏറ്റെടുത്ത അഡ്വ. സികെ ശ്രീധരനെതിരെ കെ.പി.സി.സി മുൻ പ്രസിഡന്റെ മുല്ലപ്പളളി രാമചന്ദ്രൻ. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിന്റേയും ശരത് ലാലിന്റേയും കൊലപാതകം കുടുംബത്തോട് കാട്ടിയ കൊടും ക്രൂരതക്കപ്പുറം നീതിബോധമുള്ള കേരളീയ പൊതുസമൂഹത്തോട് കാട്ടിയ നിന്ദയും അവഹേളനവുമാണെന്ന് മുല്ലപ്പള്ളി തന്റെ ഫേസ്ബുക്കിലൂടെ പങ്കുവച്ചു. പാർട്ടി വിട്ടതിലപ്പുറം ഇപ്പോൾ ചെയ്തതാണ് അക്ഷന്തവ്യമായ അപരാധവും, കൊടും ചതിയുമെന്നും അദ്ദേഹം കുറിച്ചു.
മുൻ കോൺഗ്രസ് നേതാവും പ്രമുഖ ക്രിമിനൽ അഭിഭാഷകനുമായ സി കെ ശ്രീധരൻ പ്രതികളുടെ വക്കാലത്ത് ഏറ്റെടുത്ത വാർത്ത തീവ്ര ദുഃഖത്തോടെയാണ് കേട്ടതെന്ന് പറഞ്ഞാണ് ഫേസ്ബുക്കിൽ കുറിപ്പ് ആരംഭിക്കുന്നത് ."കൊലപാതകം നടന്നത് മുതൽ പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ട് വരാനും മാതൃകാ പരമായി ശിക്ഷിക്കാനും നാം നടത്തിയ കൂട്ടായ ശ്രമം ബഹു : ശ്രീധരൻ വക്കീൽ മറന്നോ"എന്നാണ് അദ്ദേഹത്തിന്റെ ചോദ്യം.
'സംസ്ഥാന കോൺഗ്രസ്സിലെ സമുന്നതരെല്ലാം ഒരു ദിവസം ജില്ല മുഴവൻ പര്യടനം നടത്തി. താങ്കളും ഞാനും ഒന്നിച്ചായിരുന്നല്ലൊ ഫണ്ട് പിരിവിൽ പങ്കെടുത്തത്. ഞാൻ വെച്ച നിർദ്ദേശങ്ങൾ മുഴുവൻ പാലിക്കപ്പെട്ടതറിയാമല്ലോ. നിരാലംബ കുടുംബത്തോടൊപ്പം കോൺഗ്രസ്സുണ്ടെന്ന സന്ദേശം. അതോടൊപ്പം സഹായ നിധി സമാഹരിച്ചപ്പോൾ കാട്ടേണ്ട സുതാര്യതയും സത്യസന്ധതയും. ഒരു കാപ്പി പോലും ഈ ഫണ്ടിൽ നിന്ന് ആരും കുടിക്കരുതെന്ന നിഷ്കർഷത. എല്ലാം നാം കൃത്യമായി പാലിച്ചു. പൊതു പ്രവർത്തകർക്ക് മുഴുവൻ മാതൃകയായി കാസർഗോട്ടെ കോൺഗ്രസ്സുകാർ മാറി"തുടങ്ങിയ ഓർമ്മപ്പെടുത്തലും അദ്ദേഹം പങ്കുവച്ചു.
മുല്ലപ്പള്ളിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
പെരിയ ഇരട്ടക്കൊലപാതകക്കേസിൽ ഒന്നാം പ്രതി മുതൽ ഒമ്പത് പ്രതികൾക്ക് വേണ്ടി അഡ്വ: സി.കെ. ശ്രീധരൻ ഹാജരാവുന്നുവെന്ന വാർത്ത തീവ്ര ദു:ഖത്തോടെയാണ് കേട്ടത്. പെരിയയിൽ നിഷ്ഠൂരമായി വധിക്കപ്പെട്ട കൃപേഷ്, ശരത് ലാൽ കൊലപാതകം കേരളീയ മന:സാക്ഷിയെ മരവിപ്പിച്ച സംഭവമാണ്. ആ കൊലപാതകം നടന്നത് മുതൽ പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ട് വരാനും മാതൃകാ പരമായി ശിക്ഷിക്കാനും നാം നടത്തിയ കൂട്ടായ ശ്രമം ബഹു : ശ്രീധരൻ വക്കീൽ മറന്നോ.
നിരാലംബമായ കുടുംബത്തെ സഹായിക്കാൻ നാം ധനസമാഹരണം നടത്തിയത് ഓർമ്മയില്ലെ. ഇത് സംബന്ധമായി ഒറ്റക്കും കൂട്ടായും നടത്തിയ ചർച്ചകൾ. കാസർഗോഡ് ജില്ലയിൽ നിന്ന് മാത്രം ഒരു കോടി വീതം ഒറ്റ ദിവസം കൊണ്ട് സമാഹരിച്ച് കുടുംബത്തെ ഏല്പിക്കാൻ നാം നടത്തിയ ശ്രമം . ജില്ലയിലെ മുഴുവൻ പാർട്ടി പ്രവർത്തകന്മാരും നമ്മുടെ പിന്നിൽ അണി നിരന്നു. സംസ്ഥാന കോൺഗ്രസ്സിലെ സമുന്നതരെല്ലാം ഒരു ദിവസം ജില്ല മുഴവൻ പര്യടനം നടത്തി. താങ്കളും ഞാനും ഒന്നിച്ചായിരുന്നല്ലൊ ഫണ്ട് പിരിവിൽ പങ്കെടുത്തത്. ഞാൻ വെച്ച നിർദ്ദേശങ്ങൾ മുഴുവൻ പാലിക്കപ്പെട്ടതറിയാമല്ലോ.
നിരാലംബ കുടുംബത്തോടൊപ്പം കോൺഗ്രസ്സുണ്ടെന്ന സന്ദേശം. അതോടൊപ്പം സഹായ നിധി സമാഹരി പ്പോൾ കാട്ടേണ്ട സുതാര്യതയും സത്യസന്ധതയും. ഒരു കാപ്പി പോലും ഈ ഫണ്ടിൽ നിന്ന് ആരും കുടിക്കരുതെന്ന നിഷ്കർഷത. എല്ലാം നാം കൃത്യമായി പാലിച്ചു. പൊതു പ്രവർത്തകർക്ക് മുഴുവൻ മാതൃകയായി കാസർഗോട്ടെ കോൺഗ്രസ്സുകാർ മാറി.
കുടുംബത്തെ ഫണ്ട് ഏൽപ്പിച്ചു കൊടുത്ത രംഗം മനസ്സിൽ നിറഞ്ഞു നിൽക്കുന്നു. രാജാവിനേക്കാൾ രാജഭക്തി കാണിക്കാനുള്ള വ്യഗ്രതക്കുപരി, പെരിയ കേസ്സ് പ്രതികൾക്ക് വേണ്ടി ഹാജരാകാൻ താങ്കളെ പ്രേരിപ്പിച്ചതെന്താണ് ? അഭിഭാഷകനായാൽ മന:സാക്ഷി പാടില്ലെന്ന് ഏത് നിയമ പുസ്തകത്തിൽ നിന്നാണ് താങ്കൾ വായിച്ചത്.
ഈ മൃഗീയ കൊലപാതകത്തിന്റെ നാൾ വഴികൾ കൃത്യമായി അറിയുന്ന താങ്കൾ എന്ത് കാരണം കൊണ്ടായാലും പാർട്ടി വിട്ടതിലപ്പുറം ഇപ്പോൾ ചെയ്തതാണ് അക്ഷന്തവ്യമായ അപരാധം. കൊടും ചതി. താങ്കൾ ഇപ്പോൾ ചെയ്തത് കൃപേഷിന്റെയും ശരത് ലാലിന്റെയും കുടുംബത്തോട് കാട്ടിയ കൊടും ക്രൂരതക്കപ്പുറം നീതിബോധമുള്ള കേരളീയ പൊതു സമൂഹത്തോട് കാട്ടിയ നിന്ദയും അവഹേളനവുമാണ്. കാലവും ചരിത്രവും താങ്കൾക്ക് മാപ്പു തരില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.