കുമളി: മുല്ലപ്പെരിയാർ ഉപസമിതി സന്ദർശനത്തിനുശേഷം നടന്ന യോഗത്തിൽനിന്ന് തമിഴ്നാട് അധികൃതർ ഇറങ്ങിപ്പോയി. ബേബി ഡാമിന് സമീപത്തെ മരങ്ങൾ മുറിക്കാൻ അനുമതി നൽകിയശേഷം ഇത് പിൻവലിച്ച വനം വകുപ്പിനെതിരെ പ്രതിഷേധിച്ചാണ് വെള്ളിയാഴ്ച ചേർന്ന ഉപസമിതി യോഗത്തിൽനിന്ന് തമിഴ്നാട് ഉദ്യോഗസ്ഥർ ഇറങ്ങിപ്പോയത്.
അണക്കെട്ടിൽ അറ്റകുറ്റപ്പണി നടത്താനുള്ള സാമഗ്രികൾ വനത്തിലൂടെ കൊണ്ടുപോകാൻ വനപാലകർ അനുവദിക്കുന്നില്ലെന്ന കാരണമാണ് യോഗത്തിൽ തമിഴ്നാട് ഉദ്യോഗസ്ഥർ ഉന്നയിച്ചത്. എന്നാൽ, ഇത്തരത്തിൽ അനുമതി തേടിയിട്ടില്ലെന്നാണ് വനപാലകർ പറയുന്നത്.
മുല്ലപ്പെരിയാർ അണക്കെട്ടിനുസമീപത്തെ ബേബി ഡാം ബലപ്പെടുത്തുന്നതിന് ഡാമിന് സമീപത്തെ മരങ്ങൾ മുറിച്ചുമാറ്റാൻ വനം വകുപ്പ് തമിഴ്നാടിന് അനുമതി നൽകിയത് വലിയ വിവാദമായിരുന്നു. ഇതേതുടർന്ന് നൽകിയ അനുമതി പിന്നീട് പിൻവലിച്ചു. ഇക്കാര്യങ്ങൾ കോടതിയുടെ പരിഗണനയിലുള്ളതിനാൽ മരംമുറി കാര്യം പറയാതെയാണ് വനം വകുപ്പിനെതിരെ ഉദ്യോഗസ്ഥർ പ്രതിഷേധിച്ചത്.
രാവിലെ ഉപസമിതി അംഗങ്ങൾ അണക്കെട്ട് സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. സ്പിൽവേയിലെ മൂന്ന് ഷട്ടർ ഉയർത്തി പരിശോധിച്ചു. 129.40 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. ഗാലറിയിലൂടെ മിനിറ്റിൽ 71 ലിറ്റർ ജലമാണ് പുറത്തേക്ക് ഒഴുകുന്നത്. സന്ദർശനശേഷം വൈകീട്ട് മൂന്നോടെ മുല്ലപ്പെരിയാർ മേൽനോട്ട സമിതി ഓഫിസിലാണ് യോഗം ചേർന്നത്.
ചെയർമാൻ ശരവണകുമാർ, കേരള പ്രതിനിധികളായ ഹരികുമാർ, പ്രസീദ്, തമിഴ്നാടിന്റെ സാം ഇർവിൻ, കുമാർ എന്നിവരാണ് യോഗത്തിനെത്തിയത്. കോവിഡ് ആരംഭിച്ച ശേഷം രണ്ടുവർഷം നീണ്ട ഇടവേളക്കുശേഷമാണ് മുല്ലപ്പെരിയാർ ഓഫിസിൽ വെള്ളിയാഴ്ച യോഗം ചേർന്നത്. കഴിഞ്ഞ നവംബറിലാണ് മുല്ലപ്പെരിയാർ ഉപസമിതി ഏറ്റവും ഒടുവിൽ അണക്കെട്ട് സന്ദർശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.