തൊടുപുഴ: മുല്ലപ്പെരിയാർ അണക്കെട്ട് വിവാദത്തിെൻറയും അതിലേറെ ആശങ്കകളുടെയും അകമ്പടിയോടെ ഒരിക്കൽകൂടി വാർത്തകളിൽ നിറയുന്നു. അരനൂറ്റാണ്ട് കാലാവധിയുള്ള അണക്കെട്ടിന് പ്രായം 125 കടന്നതോടെ ഒാരോ മഴക്കാലത്തും മലയാളിയുടെ ഭീതിയും കേരളത്തിനും തമിഴ്നാടിനുമിടയിലെ തർക്കവുമായി മുല്ലപ്പെരിയാർ മാറുന്നു. 999 വർഷം കാലാവധിയുള്ള മുല്ലപ്പെരിയാർ പാട്ടക്കരാറിന് ഇൗ മാസം 29ന് 135 വയസ്സ് തികയാനിരിക്കെ ഇരുസംസ്ഥാനത്തെയും സർക്കാറുകൾക്കും ജനങ്ങൾക്കുമിടയിൽ വിഷയം വീണ്ടും ചൂടുപിടിക്കുകയാണ്.
പെരിയാറിലെ വെള്ളം തമിഴ്നാട്ടിലെത്തിച്ച് അവിടത്തെ അഞ്ച് ജില്ലയിലെ ജലക്ഷാമം പരിഹരിക്കാൻ പീരുമേട് താലൂക്കിലെ വള്ളക്കടവിൽ മുല്ലയാറും പെരിയാറും ചേരുന്ന നദിയിൽ അണക്കെട്ട് നിർമിക്കാൻ 1886 ഒക്ടോബർ 29നാണ് തിരുവിതാംകൂർ മഹാരാജാവ് വിശാഖം തിരുനാളും ബ്രിട്ടീഷ് ഭരണകൂടവും പാട്ടക്കരാർ ഒപ്പുവെച്ചത്. മനസ്സുകൊണ്ട് മഹാരാജാവ് കരാറിന് എതിരായിരുന്നു. ചുണ്ണാമ്പ്, സുർക്കി, ശർക്കര, കരിമ്പിൻനീര്, മുട്ടവെള്ള എന്നിവയുടെ മിശ്രിതവും കരിങ്കല്ലും ഉപയോഗിച്ച് 60 ലക്ഷം രൂപ ചെലവിൽ 1895ലായിരുന്നു നിർമാണം.
തിരുവിതാംകൂറിെൻറ നിയന്ത്രണത്തിലുള്ള 8100 ഏക്കർ സ്ഥലം ഇതിനായി വിട്ടുകൊടുത്തു. ഏക്കറിന് അഞ്ച് രൂപയായിരുന്നു പാട്ടം. രാജ്യം സ്വതന്ത്രമായതോടെ ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട് പ്രകാരം കരാർ റദ്ദായെങ്കിലും 1970ൽ സി. അച്യുതമേനോൻ മുഖ്യമന്ത്രിയായിരിക്കെ വൈദ്യുതി ഉൽപാദനത്തിനുകൂടി തമിഴ്നാടിന് അനുമതി നൽകി കരാർ പുതുക്കി. തുരങ്കത്തിലൂടെ തമിഴ്നാട്ടിലെത്തിച്ച് വൈഗ ഡാമിൽ സംഭരിക്കുന്ന ജലം കുടിക്കാനും ജലസേചനത്തിനും വൈദ്യുതി ഉൽപാദനത്തിനും ഉപയോഗിക്കുന്നു.
176 അടിയോളം ഉയരവും 1200 അടി നീളവുമുള്ള പ്രധാന അണക്കെട്ടിനുപുറമെ ബേബി ഡാമും എർത്ത് ഡാമും കൂടി ഉൾപ്പെടുന്നതാണ് മുല്ലപ്പെരിയാർ. 1948ലും '61ലും അണക്കെട്ട് കവിഞ്ഞൊഴുകി. 1979ൽ ഡാമിന് ബലക്ഷയം കണ്ടെത്തിയതോടെ സംഭരണശേഷി 136 അടിയായി നിശ്ചയിച്ചു. തർക്കങ്ങൾക്കൊടുവിൽ സുപ്രീംകോടതി നിയോഗിച്ച അഞ്ചംഗ സമിതിയുടെ റിപ്പോർട്ട് പ്രകാരം ജലനിരപ്പ് 142 അടിയാക്കാൻ 2014ൽ സുപ്രീം കോടതി തമിഴ്നാടിനെ അനുവദിച്ചു. 2018 ആഗസ്റ്റ് 14ന് ജലനിരപ്പ് ഇൗ പരിധി കടന്നിരുന്നു.
ഉയരമുള്ള ഭൂഗുരുത്വ അണക്കെട്ടുകളിൽ ഏറ്റവും പഴയത്, ലോകത്ത് സുർക്കി മിശ്രിതം കൊണ്ട് നിർമിച്ച നിലനിൽക്കുന്ന ഏക അണക്കെട്ട്, രാജ്യത്തെ ഏറ്റവും പയ അണക്കെട്ട് എന്നീ വിശേഷണങ്ങൾ മുല്ലപ്പെരിയാറിനുണ്ട്. യു.എൻ സർവകലാശാലക്കുകീഴിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വാട്ടർ എൻവയൺമെൻറ് ആൻഡ് ഹെൽത്ത് ലോകത്ത് അപകടാവസ്ഥയിലുള്ള ആറ് അണക്കെട്ടിലാണ് മുല്ലപ്പെരിയാറിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഭൂകമ്പസാധ്യതയുള്ള മേഖലയിൽ സ്ഥിതി ചെയ്യുന്ന അണക്കെട്ടിന് ഘടനാപരമായ പ്രശ്നങ്ങളുണ്ടെന്നും തകർന്നാൽ 35 ലക്ഷം പേരുടെ ജീവൻ അപകടത്തിലാകുമെന്നുമാണ് ഇൻസ്റ്റിറ്റ്യൂട്ടിെൻറ വിലയിരുത്തൽ. ഒാരോ വർഷവും ടൺ കണക്കിന് സുർക്കി മിശ്രിതം ഡാമിൽനിന്ന് ഒലിച്ചുപോകുന്നതായാണ് കണക്ക്. ഡാമിെൻറ ദുർബലാവസ്ഥയാണ് കേരളത്തിെൻറ ഉറക്കം കെടുത്തുന്നത്. പൊളിച്ചുപണിയണമെന്ന ആവശ്യം ശക്തമാകുന്നതും ഇതുകൊണ്ടുതന്നെ.
പെരിയാർ തീരം ജാഗ്രതയിൽ; ആശങ്ക വേണ്ടെന്ന് കലക്ടർ
കുമളി: മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ പൊതുജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് പെരിയാർ തീരത്ത് മുൻകരുതൽ നടപടി ശക്തിപ്പെടുത്തി. ഇതിനായി എല്ലാ വകുപ്പുകളുടെയും കൂട്ടായ പ്രവർത്തനം ഉറപ്പാക്കിയിട്ടുണ്ടെന്നും പൊതുജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും ചൊവ്വാഴ്ച വണ്ടിപ്പെരിയാറിൽ നടന്ന ഉന്നതതല യോഗത്തിൽ ഇടുക്കി കലക്ടർ ഷീബ ജോർജ് പറഞ്ഞു.
ആവശ്യമെങ്കിൽ പീരുമേട് താലൂക്കിലെ ഏലപ്പാറ, ഉപ്പുതറ, പെരിയാര്‍, മഞ്ചുമല വില്ലേജുകൾ, ഇടുക്കി താലൂക്കിലെ അയ്യപ്പന്‍കോവില്‍, കാഞ്ചിയാര്‍ വില്ലേജുകള്‍, ഉടുമ്പഞ്ചോല താലൂക്കിലെ ആനവിലാസം എന്നിവിടങ്ങളിൽനിന്ന് 3220 പേരെ മാറ്റി പാര്‍പ്പിക്കും. ക്യാമ്പുകളിലേക്ക് മാറ്റി പാര്പ്പിക്കേണ്ടവര്ക്കായി കെട്ടിടങ്ങള്‍ കണ്ടെത്തി. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് ക്യാമ്പുകള്‍ സജ്ജീകരിച്ചത്. വളര്‍ത്തു മൃഗങ്ങളെ മാറ്റാനും സൗകര്യം ഒരുക്കി. എല്ലാ ക്യാമ്പിലും ചാര്‍ജ് ഓഫിസര്‍മാരുണ്ട്.
ആരോഗ്യ സുരക്ഷ ആവശ്യത്തിനായി എല്ലായിടത്തും ടീമിനെ സജ്ജീകരിച്ചു. പെരിയാറിലൂടെ ജലത്തിന് സുഗമമായി ഒഴുകാനുള്ള തടസ്സങ്ങള്‍ നീക്കും. ജില്ലാതലത്തിലും താലൂക്ക്, വില്ലേജ് തലങ്ങളിലും കണ്ട്രോള് റൂം തുറന്നു. മുല്ലപ്പെരിയാര്‍ സ്പെഷല്‍ ഓഫിസര്‍മാരായി രണ്ട് ഡെപ്യൂട്ടി കലക്ടര്‍മാരെ നിയോഗിച്ചിട്ടുണ്ട്. ദ്രുതകര്മസേനാംഗങ്ങളുടെ സഹകരണം പഞ്ചായത്ത് ഉറപ്പാക്കും. ക്യാമ്പിലേക്ക് പോകുന്നവരുടെ വീടുകളില്‍ പൊലീസ് നൈറ്റ് പട്രോളിങ് നടത്തും.
ഫയര്‍ ഫോഴ്സിെൻറ നാല് ടീം സജ്ജമാണ്. വണ്ടിപ്പെരിയാറ്റിലും വള്ളക്കടവിലും വനം വകുപ്പിെൻറ കൺട്രോൾ റൂം പ്രവര്‍ത്തനം ആരംഭിച്ചു. പ്രശ്നസാധ്യത പ്രദേശങ്ങളിൽ പ്രത്യേക ടാസ്ക് ഫോഴ്സും ഉണ്ട്. അത്യാവശ്യ ഘട്ടങ്ങളില്‍ കെ.എസ്.ഇ.ബി യുടെ താൽക്കാലിക സംവിധാനം സജ്ജമാണ്. വൈദ്യുതി മുടങ്ങിയാലും വാര്‍ത്താവിനിമയത്തിന് ബി.എസ്.എൻ.എല്‍ സംവിധാനം ഒരുക്കും. ജലസേചനം, ഫയര്‍ഫോഴ്സ് തുടങ്ങി എല്ലാ വകുപ്പുകളിലും കൺട്രോള് റൂം തുടങ്ങാനും തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.