തിരുവനന്തപുരം: മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കുന്നതുമായി ബന്ധപ്പെട്ട് വിശദ പ്രോജക്ട് റിപ്പോർട്ടിന്റെ (ഡി.പി.ആർ) കരട് തയാറായി. സൂക്ഷ്മമായ പരിശോധനകൾക്ക് ശേഷം ഈ മാസം അവസാനത്തോടെ അന്തിമ ഡി.പി.ആർ തയാറാവും. ഇതിനുള്ള നടപടികൾ ഇറിഗേഷൻ വകുപ്പ് വേഗത്തിലാക്കി. കരട് ഡി.പി.ആറിൽ പുതിയ ഡാം നിർമാണത്തിന് 1300 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. നിലവിലെ ഡാമിന്റെ 1200 അടി താഴ്ഭാഗത്തായി നേരത്തേ കേരളം സർവേ നടത്തിയ സ്ഥലത്തിന് യോജിച്ച രീതിയിലാണ് ഡി.പി.ആർ.
അന്തിമ ഡി.പി.ആർ വന്നശേഷം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റേയും അനുമതിക്ക് സമർപ്പിക്കും. തമിഴ്നാടിന് ആവശ്യമായ വെള്ളം കൊടുത്തുകൊണ്ട് മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കുകയെന്ന നിലപാടാണ് സംസ്ഥാനത്തിനുള്ളത്. അതേസമയം വയനാട് ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ മുല്ലപ്പെരിയാർ വിഷയത്തിൽ ആശങ്കപരത്താനുള്ള ശ്രമങ്ങൾ അവസാനിപ്പിക്കണമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ അഭ്യർഥിച്ചു. പാട്ടക്കരാറിന്റെ സാധുത പുനഃപരിശോധിക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചതോടെ മുല്ലപ്പെരിയാര്‍ കേസ് കേരളത്തിന് ഏറ്റവും അനുകൂല സാഹചര്യത്തിലാണെന്നും മന്ത്രി പറഞ്ഞു. ഈ മാസം 12ന് ഇടുക്കിയിൽ മന്ത്രി പങ്കെടുക്കുന്ന യോഗം ചേരുന്നുണ്ട്.
മുല്ലപ്പെരിയാർ ഡാം ഡീ കമീഷൻ ചെയ്യണമെന്ന ആവശ്യം ബുധനാഴ്ച ലോക്സഭയിൽ ഉയർന്നെങ്കിലും തമിഴ്നാടിനെ പ്രകോപിപ്പിക്കാതെ നിയമനടപടികളുമായടക്കം മുന്നോട്ടുപോകാനുള്ള നിലപാടിലാണ് സംസ്ഥാന സർക്കാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.