തൊടുപുഴ: ജലനിരപ്പ് താഴ്ന്നില്ലെങ്കില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് വെള്ളിയാഴ്ച (29/10/2021) രാവിലെ ഏഴു മണിക്ക് തുറക്കുമെന്ന് തമിഴ്‌നാട് കേരളത്തെ അറിയിച്ചതായി ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. ഡാം തുറക്കുന്നതിന് മുന്‍പായുള്ള മുന്നൊരുക്കങ്ങള്‍ കേരളം ഇതിനോടകം സ്വീകരിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ സംസ്ഥാനം സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവില്‍ 137.75 അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്. സെക്കന്‍ഡില്‍ 3800 ഘനയടിയാണ് ഇപ്പോള്‍ ഒഴുകിയെത്തുന്ന ജലം. 2300 ഘനയടി ജലം തമിഴ്‌നാട് കൊണ്ടുപോകുന്നുണ്ട്.
മുല്ലപ്പെരിയാർ അണക്കെട്ടിൽ സുപ്രീംകോടതി അനുവദിച്ച 142 അടിയെന്ന ജലനിരപ്പിൽ മാറ്റം വരുത്തേണ്ടെന്നും തങ്ങളുടെ തീരുമാനത്തോട് കേരളം വിയോജിച്ചുവെന്നും മേൽനോട്ട സമിതി ഇന്ന് സുപ്രീംകോടതിയെ അറിയിച്ചിരുന്നു. മുല്ലപ്പെരിയാർ കേസ് സുപ്രീംകോടതി പരിണിക്കവേയാണ് സമിതി നിലപാട് അറിയിച്ചത്.
റിപ്പോർട്ടിൽ മറുപടി നൽകാൻ കൂടുതൽ സമയം അനുവദിക്കണമെന്ന് കേരളം ആവശ്യപ്പെട്ടു. ഡാമിലെ ജലനിരപ്പ് 139 അടിയിൽ താഴെയായി ക്രമീകരിക്കണമെന്നും കേരളം കോടതിയിൽ ആവശ്യപ്പെട്ടു.
സെപ്റ്റംബർ ഒക്ടോബർ മാസങ്ങളിൽ ശക്തമായ മഴ പെയ്‌തെന്നും നവംബറിലും ശക്തമായ മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ടെന്നും കേരളം ചൂണ്ടിക്കാട്ടി. 137.60 അടിയാണ് ഇപ്പോഴുള്ളതെന്നത് ആശങ്ക ഉണ്ടാക്കുന്നുണ്ടെന്നും സംസ്ഥാനം വ്യക്തമാക്കി. അണക്കെട്ടിന്‍റെ സുരക്ഷ പ്രധാനമാണെന്ന് പറഞ്ഞ സുപ്രീംകോടതി കേസ് പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.