മുല്ലപ്പെരിയാർ ഹൃദയത്തിൽ ഇടിമുഴക്കം പോലെ; പൊട്ടിയാൽ ആര് ഉത്തരം പറയുമെന്ന് സുരേഷ് ഗോപി

തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ സുരക്ഷ സംബന്ധിച്ച് പ്രതികരണവുമായി കേന്ദ്ര മന്ത്രി സുരേഷ് ഗോപി. മുല്ലപ്പെരിയാർ ആശങ്ക പരുത്തുന്നുവെന്നും അണക്കെട്ട് പൊട്ടിയാൽ ആര് ഉത്തരം പറയുമെന്ന് സുരേഷ് ഗോപി ചോദിച്ചു.

ഹൃദയത്തിൽ ഇടിമുഴക്കം പോലെയാണ് മുല്ലപ്പെരിയാർ നിൽക്കുന്നത്. പൊട്ടിയാൽ ആര് ഉത്തരം പറയും. കോടതി ഉത്തരം പറയുമോ?. കോടതികളിൽ നിന്ന് അങ്ങനെയുള്ള തീരുമാനങ്ങൾ കൈപ്പറ്റി, ആ തീരുമാനങ്ങളുമായി ഇന്നത്തെ സ്ഥിതിവിശേഷം തുടരുന്ന അവസ്ഥയിൽ കൊണ്ടു പോകുന്നവർ ഉത്തരം പറയണം. എന്താണ് ഇതിന്‍റെ അന്തരഫലമെന്ന് അവർ ഉത്തരം പറയണം. നമുക്ക് ഇനി കണ്ണീരിൽ മുങ്ങിത്താഴാൻ ആവില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

നേരത്തെ, മുല്ലപ്പെരിയാർ അണക്കെട്ട് പുനർ നിർമിക്കണമെന്ന് കോൺഗ്രസ് എം.പി ഹൈബി ഈഡനും ലോക്സഭയിലും മുസ്‍ലിം ലീഗ് എം.പി ഹാരീസ് ബീരാൻ രാജ്യസഭയിലും ആവശ്യം ഉന്നയിച്ചിരുന്നു.

വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായ പശ്ചാത്തലത്തിലാണ് മുല്ലപ്പെരിയാർ ഡാം ഡീകമീഷൻ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് ലോക്സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകിയിരുന്നു. ഡാമിന് സമീപത്ത് താമസിക്കുന്ന ജനങ്ങളുടെ ജീവൻ അപകടത്തിലാണെന്നും വി​ഷയം ലോക്സഭ നിർത്തിവെച്ച് ചർച്ച​ ചെയ്യണമെന്നും ഡീൻ കുര്യാക്കോസ് നോട്ടീസിൽ ആവശ്യപ്പെട്ടു.

അണക്കെട്ടിൽ വിദഗ്ധ പരിശോധന നടത്തി സുരക്ഷിതമാണോയെന്ന് പറയണം. അതല്ലെങ്കിൽ പുതിയ അണക്കെട്ട് നിർമ്മിക്കാമെന്ന കേരളത്തിന്റെ നിർദേശം അംഗീകരിക്കണമെന്ന് തമിഴ്നാടിനോട് ആവശ്യപ്പെടണമെന്നും ഹാരീസ് ബിരാൻ വ്യക്തമാക്കിയിരുന്നു.

മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കണമെന്ന കേരളത്തിന്‍റെ ആവശ്യത്തിൽ നിന്ന് ഒരിഞ്ച് പോലും പിന്നോട്ടില്ലെന്നാണ് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ കഴിഞ്ഞ ദിവസം പ്രതികരിച്ചത്. മുല്ലപ്പെരിയാറിലെ വെള്ളം തുറന്നുവിട്ടാൽ അത് ഇടുക്കി അണക്കെട്ടിൽ വന്നുചേരും. ഒരു അപകടം ഉണ്ടാകേണ്ട കാര്യമില്ല. എന്നാൽ, ഇടുക്കിയിലെ വെള്ളം തുറന്നു വിടുമ്പോൾ എറണാകുളത്ത് ഉൾപ്പെടെ വെള്ളപ്പൊക്കമുണ്ടാകുന്നു. അതുകൊണ്ട് ഡാം മാനേജ്മെന്റ് രൂപപ്പെടുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

Tags:    
News Summary - Mullaperiyar is like thunder in the heart; If it breaks, who will answer - Suresh Gopi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.