കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 142ന് മുകളിലേക്ക് ഉയർത്താതെ നിയന്ത്രിച്ച് നിർത്തണമെന്നും രാത്രിയിൽ ഇടുക്കിയിലേക്ക് ജലം തുറന്നുവിടുന്ന നടപടി അവസാനിപ്പിക്കണമെന്നുമുള്ള മുഖ്യമന്ത്രി പിണറായി വിജയെൻറ കത്ത് തമിഴ്നാട് അധികൃതർ മുഖവിലയ്ക്കെടുത്തില്ല.
കത്ത് ലഭിച്ചശേഷവും അണക്കെട്ടിൽ തമിഴ്നാട് തുടരുന്ന നടപടികൾക്ക് ഒരു മാറ്റവും ഉണ്ടായില്ല. മാത്രവുമല്ല, അണക്കെട്ടിലെ ജലനിരപ്പ് 142ൽനിന്ന് 152 അടിയിലേക്ക് ഉയർത്താനുള്ള ആലോചനകളും തമിഴ്നാട് തുടങ്ങി. ഇതിെൻറ ഭാഗമായി തമിഴ്നാട് ഇറിഗേഷൻ വിഭാഗം ചീഫ് എൻജിനീയർ രാമമൂർത്തി, മധുര റീജനൽ ചീഫ് എൻജിനീയർ എം. കൃഷ്ണൻ ഉൾെപ്പടെ ഉദ്യോഗസ്ഥർ കഴിഞ്ഞദിവസം അണക്കെട്ട് സന്ദർശിച്ചു. അണക്കെട്ടിൽനിന്ന് പതിവുപോലെ രാത്രിയിൽ ജലം തുറന്നുവിട്ട് ജനങ്ങളെ ഭീതിപ്പെടുത്തുന്നത് തുടരുകയുമാണ്.
അണക്കെട്ടിൽ 142 അടി ജലം ഏറ്റവും കൂടുതൽ ദിവസം നിലനിർത്തിയത് ഇപ്പോഴുള്ള സർക്കാറാണെന്ന് വരുത്തിത്തീർക്കുകയാണ് നീക്കങ്ങൾക്ക് പിന്നിൽ. ജലനിരപ്പ് 138ൽ എത്തിയ ഘട്ടത്തിൽ ഒക്ടോബർ 29ന് വെള്ളം ഇടുക്കിയിലേക്ക് തുറന്നു വിട്ടത് സ്റ്റാലിൻ സർക്കാറിന് തലവേദന സൃഷ്ടിച്ചിരുന്നു. മുൻ ഉപമുഖ്യമന്ത്രി ഒ. പനീർെശൽവം ഉൾെപ്പടെ നേതാക്കൾ സ്റ്റാലിനെതിരെ രംഗത്തുവന്നു. ജയലളിത സർക്കാറിനുമാത്രമാണ് അണക്കെട്ടിലെ ജലനിരപ്പ് 142ൽ നിലനിർത്താനായതെന്നായിരുന്നു പ്രചാരണം. ഇതോടെ പ്രതിരോധത്തിലായ ഡി.എം.കെ സർക്കാർ നാല് മന്ത്രിമാരെ അണക്കെട്ടിലേക്ക് അയച്ച് പ്രതിഷേധം തണുപ്പിച്ചതിന് പിന്നാലെയാണ് ജലനിരപ്പ് 142ൽ ദിവസങ്ങളായി നിലനിർത്തി കേരളത്തെ മുൾമുനയിലാക്കിയത്.
ശനിയാഴ്ച ജലനിരപ്പ് 141.90 അടിയിൽ നിലനിൽക്കേ രാവിലെ 10ന് ഇടുക്കിയിലേക്കുള്ള ജലമൊഴുക്ക് സെക്കൻഡിൽ 143 ഘന അടി മാത്രമാക്കുകയും തമിഴ്നാട്ടിലേക്കുള്ള ജലമൊഴുക്ക് സെക്കൻഡിൽ 1867ൽനിന്നും 1200 ഘന അടി മാത്രമാക്കി കുറക്കുകയും ചെയ്തു. വൈകീട്ട് അഞ്ചോടെ ജലനിരപ്പ് വീണ്ടും ഉയർന്ന് 142ൽ എത്തി. സെക്കൻഡിൽ 5761ഘന അടി ജലമാണ് അണക്കെട്ടിലേക്ക് ഒഴുകി എത്തുന്നത്. ഇതോടെ ഇടുക്കിയിലേക്കുള്ള രണ്ട് ഷട്ടർ തുറന്ന് 841.22 ഘന അടി ജലം രാത്രി ഒഴുക്കുകയാണ് ചെയ്യുന്നത്. മുഖ്യമന്ത്രി ഇതിനെതിരെയാണ് കത്ത് നൽകിയത്.
തമിഴ്നാട് ചീഫ് എൻജിനീയറും സംഘവും മുല്ലപ്പെരിയാർ ബേബി ഡാമിന് സമീപം വിലയിരുത്തൽ നടത്തുന്നു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.