കുമളി: മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട തേക്കടിയിലെ പാട്ടഭൂമിയിൽ തമിഴ്നാട് പിടിമുറുക്കുന്നു. പെരിയാർ കടുവ സങ്കേതത്തിനുള്ളിൽ വർഷങ്ങളായി ആൾ താമസമില്ലാതെ നശിച്ചുകിടന്ന മുഴുവൻ ക്വാർട്ടേഴ്സുകളും നവീകരിക്കാൻ തമിഴ്നാട് നടപടി തുടങ്ങി.
തേക്കടിയിലെ വനം വകുപ്പ് ചെക്ക്പോസ്റ്റിന് സമീപത്തെ തമിഴ്നാട് ഇൻസ്പെക്ഷൻ ബംഗ്ലാവിനും ഓഫിസിനും സമീപത്തെ കെട്ടിടങ്ങളാണ് അറ്റകുറ്റപ്പണി നടത്തി നവീകരിക്കുന്നത്. ക്വാർട്ടേഴ്സുകൾ നവീകരിച്ച് കൂടുതൽ ജീവനക്കാരെ താമസിക്കാനെത്തിക്കുകയാണ് ലക്ഷ്യം.
മുല്ലപ്പെരിയാർ അണക്കെട്ടിന് സമീപത്തെ ബേബി ഡാം ബലപ്പെടുത്താൻ അനുമതിക്കായി തമിഴ്നാട് ശ്രമം തുടരുകയാണ്. ഇതിന്റെ ഭാഗമായി കൂടിയാണ് കൂടുതൽ ജീവനക്കാരെ തേക്കടിയിൽ നിയോഗിക്കുക.
വനം വകുപ്പിന്റെ അനുമതി വാങ്ങാതെ ഇവിടേക്ക് സാമഗ്രികൾ എത്തിക്കാൻ നടത്തിയ നീക്കം വനപാലകർ കഴിഞ്ഞ ദിവസം തടഞ്ഞിരുന്നു. ഇതിനെതിരെ ശനിയാഴ്ച തമിഴ്നാട്ടിലെ കർഷകർ അതിർത്തിയിൽ നടത്തിയ മിന്നൽ സമരം തമിഴ്നാട് പൊലീസ് ഇടപെട്ട് തടഞ്ഞു. സമരക്കാരെ പിന്നീട് അറസ്റ്റ് ചെയ്ത് നീക്കി.
മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട് അണക്കെട്ടിലെ ഗെസ്റ്റ് ഹൗസ് നവീകരണത്തിനായി കഴിഞ്ഞ ദിവസം ലക്ഷങ്ങളുടെ വൈദ്യുതി ഉപകരണങ്ങൾ തമിഴ്നാട് അണക്കെട്ടിലെത്തിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.