മുല്ലപ്പെരിയാർ: സർക്കാർ ആരെയോ ഭയപ്പെടുന്നത്​ പോലെ പെരുമാറുന്നു -വി.ഡി സതീശൻ

തിരുവനന്തപുരം; മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരള സര്‍ക്കാരും മുഖ്യമന്ത്രിയും നിഷ്‌ക്രിയമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.മേല്‍നോട്ട സമിതി യോഗം ചേരണമെന്നു പോലും ആവശ്യപ്പെടാത്ത കേരള സര്‍ക്കാര്‍ കൈയ്യുംകെട്ടി നോക്കിയിരിക്കുകയാണ്. മുഖ്യമന്ത്രി ആരുമായും ചര്‍ച്ച നടത്തുന്നില്ല. മിണ്ടാതിരുന്ന് യഥാര്‍ഥ പ്രശ്‌നങ്ങളില്‍ നിന്നും ഒളിച്ചോടാനാണ് ശ്രമിക്കുന്നതെന്നും വി.ഡി.സതീശൻ കുറ്റപ്പെടുത്തി.

ജനങ്ങള്‍ ബുദ്ധിമുട്ടുമ്പോഴും സര്‍ക്കാര്‍ ആരെയോ ഭയപ്പെടുന്നതു പോലെയാണ് പെരുമാറുന്നത്. മുല്ലപ്പെരിയാറില്‍ മരം മുറിക്കാന്‍ അനുമതി നല്‍കിയതും മേല്‍നോട്ട സമിതിയില്‍ തമിഴ്‌നാടിന് അനുകൂലമായി തീരുമാനമെടുത്തതും സുപ്രീം കോടതിയില്‍ കേരളത്തിന്‍റെ കേസ് ദുര്‍ബലമാക്കുന്ന തരത്തിലുള്ള നടപടികള്‍ സ്വീകരിക്കുന്നതും രാത്രിയില്‍ വെള്ളം തുറന്നു വിടുന്നതിനെ എതിര്‍ക്കാത്തതും ആരെ ഭയന്നിട്ടാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. പ്രതിപക്ഷം ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ ഒളിച്ചോടുന്ന മുഖ്യമന്ത്രി, ജനങ്ങളെ നേരിട്ടു ബാധിക്കുന്ന മുല്ലപ്പെരിയാര്‍ വിഷയത്തിലെങ്കിലും തീരുമാനങ്ങളെടുക്കണം.

തമിഴ്‌നാട് ജലം തുറന്നുവിടുന്നത് വേദനാജനകമാണെന്ന ജലവിഭവ വകുപ്പ് മന്ത്രിയുടെ പ്രസ്താവന പരിഹാസ്യമാണ്. വെള്ളം തുറന്നു വിടുന്നത് മുന്‍കൂട്ടി അറിയിക്കുമെന്നും രാത്രികാലങ്ങളില്‍ ഷട്ടര്‍ തുറക്കില്ലെന്നും കേരള, തമിഴ്‌നാട് പ്രതിനിധികള്‍ അംഗമായുള്ള ഡാം മേല്‍നോട്ട സമിതിയില്‍ ധാരണയുണ്ട്. എന്നാല്‍ തുടര്‍ച്ചയായി രാത്രികാലങ്ങളില്‍ തമിഴ്‌നാട് വെള്ളം തുറന്നുവിടുകയാണ്. അതിനെതിരെ പ്രതികരിക്കാനോ തമിഴ്‌നാട് മുഖ്യമന്ത്രിയുമായി സംസാരിക്കാനോ കേരള മുഖ്യമന്ത്രി ഇതുവരെ തയാറായിട്ടില്ല.

Tags:    
News Summary - Mullaperiyar: The government is behaving as if it is afraid of someone - VD Satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.