തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ ജലനിരപ്പ് 138 അടിയിൽ നിലനിർത്താൻ ഉന്നതതലസമിതി യോഗത്തില്‍ ധാരണയായി. തമിഴ്നാട് അംഗീകരിച്ച റൂൾ കർവ് പ്രകാരം 138 അടിയിൽ കൂടുതൽ ജലനിരപ്പ് ഉയർന്നാൽ തുറന്നുവിടും. തൽക്കാലം ഒക്ടോബർ 30 വരെയാകും ഇത് ബാധകമാകുക.
അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ മന്ത്രി റോഷി അഗസ്റ്റിനാണ് തമിഴ്നാട് പ്രതിനിധികളെക്കൂടി പെങ്കടുപ്പിച്ച് യോഗം വിളിച്ചത്. ജലനിരപ്പ് അടിയന്തരമായി 137 അടിയായി നിലനിര്‍ത്തണമെന്നാണ് യോഗത്തില്‍ കേരളം ആവശ്യപ്പെട്ടത്. ജലനിരപ്പ് 142 അടിയായി നിജപ്പെടുത്തണമെന്നായിരുന്നു തമിഴ്നാടിെൻ നിലപാട്. 139.99 അടിയായി ജലനിരപ്പ് നിലനിര്‍ത്തണമെന്ന് 2018ല്‍ സുപ്രീംകോടതി നിര്‍ദേശിച്ചത് കേരളം ചൂണ്ടിക്കാട്ടിയതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. അന്നത്തെ സാഹചര്യത്തെക്കാള്‍ മോശം അവസ്ഥയാണിപ്പോള്‍.
കേരളത്തില്‍ തുലാവര്‍ഷം തുടങ്ങുന്നതേയുള്ളൂ. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് വര്‍ധിച്ച് ഒഴുക്കിക്കളയേണ്ട അവസ്ഥ വന്നാല്‍ ഇടുക്കി അണക്കെട്ടിലേക്കാകും ജലം ഒഴുകിയെത്തുക. ഇവിടെ കൂടുതല്‍ ജലം ഉള്‍ക്കൊള്ളാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ പരമാവധി ജലം തമിഴ്നാട് കൊണ്ടുപോകണം. വൈഗയിലും മധുരയിലുമായി മുല്ലപ്പെരിയാറിലെ ജലം സംഭരിക്കണമെന്നും തമിഴ്നാട് പ്രതിനിധിയോട് ആവശ്യപ്പെട്ടു. കേരളത്തെ പ്രതിനിധീകരിച്ച് അഡീ. ചീഫ് സെക്രട്ടറി ടി.കെ. ജോസ് പങ്കെടുത്തു. അഡീ. ചീഫ് സെക്രട്ടറി (പി.ഡബ്ല്യു.ഡി, തമിഴ്നാട് പ്രതിനിധി) സന്ദീപ് സക്സേന, കേന്ദ്ര ജലകമീഷന് അംഗവും മുല്ലപ്പെരിയാര്‍ ഉന്നതതല സമിതി ചെയര്‍മാനുമായ ഗുല്‍ഷന്‍ രാജ് എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.