ഇടുക്കി: തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് വക ബോട്ടിൽ മുല്ലപ്പെരിയാർ അണക്കെട്ടിലേക്ക് ഉല്ലാസയാത്ര നടത്തിയ നാലംഗ സംഘത്തിനെതിരെ വനം വകുപ്പ് കേസെടുത്തു. അനുമതിയില്ലാതെ കടുവ സങ്കേതത്തിനുള്ളിൽ കടന്നുകയറിയതിനാണ് കേസ്. കഴിഞ്ഞ ഞായറാഴ്ചയാണ് സംഘം തമിഴ്നാട് ബോട്ടിൽ അണക്കെട്ടിലെത്തിയത്.
പ്രധാന അണക്കെട്ട്, ബേബി ഡാം, സ്പിൽവേ എന്നിവിടങ്ങളിലെല്ലാം ചുറ്റിനടക്കുകയും ചിത്രങ്ങളെടുക്കുകയും ചെയ്തതായാണ് വിവരം. കേരള പൊലീസിലെ രണ്ട് റിട്ട. എസ്.ഐമാർ, ഡൽഹി പൊലീസിലെ ഒരു ഉദ്യോഗസ്ഥനും മകനും എന്നിവരാണ് അണക്കെട്ട് സന്ദർശിച്ചത്.
അണക്കെട്ടിന്‍റെ സുരക്ഷ കൂടുതൽ കർശനമാക്കുന്നതിന്‍റെ ഭാഗമായി പ്രത്യേക പൊലീസ് സബ്ഡിവിഷൻ രൂപവത്കരിക്കുകയും രണ്ട് ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ വലിയ പൊലീസ് സംഘം സുരക്ഷ ശക്തമാക്കിയെന്ന് ആവർത്തിക്കുകയും ചെയ്യുന്നതിനിടെയാണ് അണക്കെട്ടുമായി ബന്ധമില്ലാത്തവർ സന്ദർശനം നടത്തിയത്.
പൊലീസിന്‍റെ ഭാഗത്തുനിന്ന് ഗുരുതര പിഴവ് സംഭവിച്ചത് വിവാദമായതോടെയാണ് വനം വകുപ്പും നടപടിയുമായി രംഗത്തിറങ്ങിയത്. കടുവ സങ്കേതത്തിൽ അനധികൃതമായി കയറിയതിന് തേക്കടി റേഞ്ച് അധികൃതരാണ് വെള്ളിയാഴ്ച നാലുപേർക്കുമെതിരെ കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.