തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിൽ സർക്കാറുമായി സഹകരിക്കുമെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. സമരങ്ങളെ അടിച്ചമർത്താനാണ് സർക്കാർ നിരോധനാജ്ഞ പ്രഖ്യാപിക്കുന്നതെന്ന കെ.മുരളീധരൻ എം.പിയുടെ വാദങ്ങളെ തള്ളിയാണ് കെ.പി.സി.സി പ്രസിഡന്‍റിന്‍റെ പ്രസ്താവന.
ആരോഗ്യ സുരക്ഷയുമായി ബന്ധപ്പെട്ട് സർക്കാർ എടുക്കുന്ന തീരുമാനങ്ങൾ അംഗീകരിക്കേണ്ടി വരും. 144 പ്രഖ്യാപിച്ചാൽ പാലിക്കേണ്ടി വരുമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. ഒക്ടോബർ 31 വരെ നിലവിലെ നിലപാട് കെ.പി.സി.സി തുടരുമെന്നും അദ്ദേഹം പറഞ്ഞു.
കണ്ടെയിൻമെൻറ് സോൺ അല്ലാത്തിടത്ത് 144 പ്രഖ്യാപിക്കാൻ സർക്കാരിന് അവകാശമില്ലെന്നായിരുന്നു കോൺഗ്രസ് നേതാവും എംപിയുമായ കെ മുരളീധരൻ രാവിലെ അഭിപ്രായപ്പെട്ടത്. സമരങ്ങൾ ഇല്ലായ്മ ചെയ്യാനുള്ള ഗൂഢശ്രമമാണിത്. രോഗ വ്യാപനം എന്ന പേരിൽ 144 പ്രഖ്യാപിക്കുന്നത് ശരിയല്ല. സർക്കാർ തീരുമാനത്തെ കോൺഗ്രസിന് ലംഘിക്കേണ്ടി വരും. കേസ് എടുക്കുന്നെങ്കിൽ എടുക്കട്ടെ. കുറച്ച് മാസം കഴിഞ്ഞാൽ ആ കേസ് കോൺഗ്രസ് തന്നെ കൈകാര്യം ചെയ്യുമെന്നും മുരളീധരൻ പറഞ്ഞിരുന്നു. ഇതിനെതിരായ അഭിപ്രായമാണ് മുല്ലപ്പള്ളി രാമചന്ദ്രൻ രേഖപ്പെടുത്തിയിരിക്കുന്നത്.
കൂടിയാലോചനയില്ലാതെയാണ് യു.ഡി.എഫ് സമരം നിർത്തിയതെന്നും ഉമ്മൻചാണ്ടിയോടും ചെന്നിത്തലയോടും മാത്രമേ കെ.പി.സി.സി പ്രസിഡന്‍റ് കൂടിയാലോചിക്കുന്നുള്ളുവെന്നും കെ. മുരളീധരൻ കഴിഞ്ഞ ദിവസം വിമർശിച്ചിരുന്നു. എം.പിമാർ നിഴൽ യുദ്ധം അവസാനിപ്പിക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടിട്ടും നേതൃത്വത്തോട് വിമർശനമുണ്ടെന്ന് കെ. മുരളീധരൻ പരസ്യമായി ഉന്നയിച്ചു. നേതൃത്വവുമായി കലഹിച്ച് കെ.പി.സി.സി പ്രചാരണസമിതി അധ്യക്ഷ സ്ഥാനവും മുരളീധരൻ രാജിവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.