'ജിന്നുകൾ' വീട്ടിൽനിന്ന് സ്വർണം മോഷ്ടിക്കുന്നത് പതിവ്, പണം നഷ്ടമായപ്പോൾ പരാതി നൽകി; ജിന്നിനെ കണ്ട് ഞെട്ടി വീട്ടുകാർ

മുംബൈ: കഴിഞ്ഞ ഒരു വർഷമായി മുംബൈ ബൈക്കുളയിലുള്ള ഒരു വീട്ടിൽനിന്നും നിരന്തരം സ്വർണം മോഷണം പോയിക്കൊണ്ടിരിക്കുകയായിരുന്നു. സ്വർണം മോഷ്ടിച്ചത് ജിന്നാണെന്ന് കുടുംബം വിശ്വസിച്ചു. അവർ പൊലീസിൽ പരാതി നൽകിയതുമില്ല. സാക്ഷാൽ 'ജിന്ന്' ഇതൊരു അവസരമായി കണ്ടു. നിരവധി തവണ ലക്ഷക്കണക്കിന് രൂപയുടെ സ്വർണം മോഷ്ടിക്കപ്പെട്ടു. ജിന്നുബാധയിൽ ഭയന്ന വീട്ടുകാർ 3.75 കോടി രൂപ വിലയുള്ള അവരുടെ വീട് വെറും 1.5 കോടി രൂപക്ക് വിൽക്കാനും തയ്യാറായി.

പിന്നീടാണ് യഥാർഥ വിവരങ്ങൾ പുറത്തുവരാൻ തുടങ്ങിയത്. ഒടുവിൽ മോഷ്ടാവിനെ കണ്ടെത്താൻ പൊലീസിനെ തന്നെ ആശ്രയിക്കേണ്ടിവന്നു. അബ്ദുൽ ഖാദർ ഗോധവാല എന്നയാളുടെ വീട്ടിലാണ് സംഭവം. ഒരു വർഷത്തിനിടെ ലക്ഷക്കണക്കിന് രൂപയുടെ സ്വർണവും വിലപിടിപ്പുള്ള വസ്തുക്കളുമാണ് അബ്ദുൽ ഖാദറിന്റെ വീട്ടിൽനിന്നും നഷ്ടമായത്. എന്നകൽ, കഴിഞ്ഞ സെപ്തംബർ 24ന് വീട്ടിൽനിന്ന് 10 ലക്ഷം രൂപ നഷ്ടപ്പെട്ടതായി കണ്ടെത്തി. ജിന്നുകൾ പണം മോഷ്ടിക്കാൻ സാധ്യതയില്ലെന്ന് മനസിലാക്കിയ വീട്ടുകാർ പൊലീസിൽ പരാതി നൽകി.

കേസിൽ പരാതിക്കാരന്റെ അനന്തരവൻ ഉൾപ്പെടെ മൂന്ന് പ്രതികളെ ബൈക്കുള പൊലീസ് അറസ്റ്റ് ചെയ്യുകയും ഗുജറാത്തിലെ സൂറത്തിൽ നിന്ന് 40 ലക്ഷം രൂപ വിലമതിക്കുന്ന പണവും സ്വർണാഭരണങ്ങളും കണ്ടെടുക്കുകയും ചെയ്തു. കേസിൽ പ്രായപൂർത്തിയാകാത്ത ഒരാളുടെ പങ്ക് കണ്ടെത്തിയെങ്കിലും അയാളെ താക്കീത് നൽകി വിട്ടയച്ചു. പരാതിക്കാരനായ അബ്ദുൽ ഖാദർ ഗോധവാല തന്റെ വീട്ടിൽ നിന്ന് 10 ലക്ഷം രൂപയും നാല് ലക്ഷം രൂപ വിലമതിക്കുന്ന പണവും നാല് ലക്ഷം രൂപയുടെ സ്വർണാഭരണങ്ങളും മോഷണം പോയെന്ന് പറഞ്ഞ് സമീപിച്ചതായി പൊലീസ് പറഞ്ഞു. സെപ്തംബർ 26ന് ബൈക്കുള പൊലീസ് എഫ്‌.ഐ.ആർ ഫയൽ ചെയ്ത് അന്വേഷണം ആരംഭിച്ചു.

"ഞങ്ങൾക്ക് പരാതി ലഭിച്ചപ്പോൾ, താമസസ്ഥലത്ത് നിന്ന് 14 ലക്ഷം രൂപയുടെ പണവും സ്വർണ്ണാഭരണങ്ങളും മോഷ്ടിച്ചതായി പരാതിക്കാരൻ ഞങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ അന്വേഷണത്തിനിടെ, മുമ്പും പലതവണ സ്വർണം നഷ്ടപ്പെട്ടതായി പറഞ്ഞു. എന്തുകൊണ്ടാണ് പൊലീസിനെ സമീപിക്കാത്തതെന്ന് ഞങ്ങൾ ചോദിച്ചപ്പോൾ, സ്വർണം മോഷ്ടിക്കുന്ന വീട്ടിൽ ജിന്ന് ഉണ്ടെന്നാണ് താൻ വിശ്വസിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മുൻകാല മോഷണ സംഭവങ്ങളിൽനിന്നും അകത്തുള്ളവരിൽ ആരെങ്കിലും തന്നെയാകും കുറ്റവാളികൾ എന്ന നിഗമനത്തിൽ ഞങ്ങൾ എത്തി'' -അന്വേഷണ ഉദ്യോഗസ്ഥൻ ഇൻസ്‌പെക്ടർ സുഹാഷ് മാനെ പറഞ്ഞു.

ഗോധാവാലയുടെ അനന്തരവൻ ഹുസൈൻ പത്രാവാല സ്ഥിരമായി മുംബൈയിൽ വരാറുണ്ടെന്ന് ഇൻസ്പെക്ടർ മാനെ പറഞ്ഞു. ഇയാൾ സ്വർണവും പണവും മോഷ്ടിച്ചതിന് നിരവധി തെളിവുകളും പൊലീസ് കണ്ടെത്തി. പത്രാവാലയെയും കൂട്ടാളികളായ ഹുസൈൻ ബോംബെവാല, അബ്ബാസ് അട്ടാരി എന്നിവരെയും സൂറത്തിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്യുകയും ഇവരിൽ നിന്ന് 10 ലക്ഷം രൂസ്‍യും 30 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളും കണ്ടെടുക്കുകയും ചെയ്തു. 

Tags:    
News Summary - Mumbai: Family suspects 'jinn' of stealing gold

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.