കൊച്ചി: മുനമ്പത്ത് വഖഫ് ബോർഡ് നോട്ടീസ് നൽകിയത് 12 പേർക്ക് മാത്രം. മുനമ്പത്തിനുപുറത്ത് വിലാസമുള്ള ഇവരിൽ പലരും റിസോർട്ട് ഉടമകളും കച്ചവടക്കാരുമാണ്. മുനമ്പത്തെ പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ സ്വന്തം ഭൂമിയിൽനിന്ന് ഇറക്കിവിടാനൊരുങ്ങുന്നു എന്ന് അവരെ മുന്നിൽനിർത്തി ചിലർ നടത്തുന്ന പ്രചാരണത്തിന്റെ പൊള്ളത്തരം തുറന്നുകാട്ടുന്നതാണ് ഇതുമായി ബന്ധപ്പെട്ട രേഖകൾ. അവിടെ വീടുവെച്ച് താമസിക്കുന്ന സാധാരണക്കാരായ ഒരാൾക്കുപോലും നോട്ടീസ് നൽകിയിട്ടില്ലെന്നിരിക്കെയാണ് 600ഓളം താമസക്കാരെ ഉടൻ കുടിയിറക്കും എന്ന രീതിയിൽ വർഗീയതയും സാമുദായികതയും കലർത്തിയുള്ള പ്രചാരണം.
ഏഴ് നോട്ടീസുകൾ 2022 മാർച്ച് 14നും ഒരെണ്ണം 2022 മാർച്ച് 13നും രണ്ടെണ്ണം 2020 ആഗസ്റ്റ് 12നും രണ്ടെണ്ണം 2022 മേയ് 19നും ആണ് അയച്ചിട്ടുള്ളത്. മുൻ ഉടമകൾ മുറിച്ചുവിറ്റ ഭൂമിയുടെ ഭാഗമാണ് ഇവരിൽ ചിലർ വാങ്ങിയത്. വ്യവസായ പ്രമുഖരായ പോളക്കുളം കുടുംബത്തിന് ഇവിടെ മൂന്ന് ആധാരങ്ങളിലായി 83.51 സെന്റ് സ്ഥലമുണ്ട്. റിസോർട്ടടക്കം ഇതിൽ പ്രവർത്തിക്കുന്നു.
സ്ഥലം വാങ്ങിയ ചിലർ പോക്കുവരവിന് വില്ലേജ് ഓഫിസറെ സമീപിച്ചപ്പോൾ വഖഫ് ഭൂമിയാണെന്ന് രേഖകളിൽനിന്ന് വ്യക്തമായതിനെത്തുടർന്ന് ഇവരോട് ബോർഡിന്റെ എൻ.ഒ.സി ഹാജരാക്കാൻ നിർദേശിക്കുകയായിരുന്നു. ഇവർ എൻ.ഒ.സി ആവശ്യപ്പെട്ടതോടെയാണ് കൈയേറ്റം ബോധ്യപ്പെട്ട് ബോർഡ് നോട്ടീസ് അയച്ചുതുടങ്ങിയത്. നോട്ടീസ് ലഭിച്ചവരിൽ ഒരാളായ ബിസിനസുകാരനായ ജയിംസ്, തൃശൂർ ആലപ്പാട്ട് കുടുംബത്തിലെ ഡോ. ഡേവിസ് പോളിൽനിന്നാണ് മുനമ്പത്ത് ഏഴ് സെന്റ് വാങ്ങിയത്. ഫാറൂഖ് കോളജ് മാനേജ്മെന്റിൽനിന്ന് മുനമ്പം സ്വദേശി ജോസഫിന് വിറ്റ ഭൂമി തുടർന്ന് തൃശൂർ മാള സ്വദേശിനി വിമലക്കും ഇവരിൽനിന്ന് മറ്റൊരാളും വാങ്ങിയതായും രേഖകളിലുണ്ട്. ഭൂമി അന്യാധീനപ്പെട്ടതായി കണ്ടെത്തിയാൽ രേഖകൾ സഹിതം ഹാജരായി ഭൂമിയുടെ അവകാശവാദം തെളിയിക്കാൻ ഉടമകൾക്ക് അവസരം നൽകുന്നതിനുള്ള പ്രാഥമിക നടപടിയായ നോട്ടീസ് അയക്കൽ മാത്രമാണ് ബോർഡ് തുടങ്ങിവെച്ചത്. ഭൂമി തിരിച്ചുപിടിക്കണമെങ്കിൽ കലക്ടർക്ക് കത്ത് നൽകുന്നതടക്കം സുപ്രധാന നടപടികൾ വേറെയുമുണ്ട്.
നോട്ടീസ് ലഭിച്ചവർ
1. തരുൺജിത്ത് നാഗ്പാൽ (കപിൽ), ഹൗസ് നമ്പർ 32/2229, ന്യൂ കളവത്ത് റോഡ്, പാലാരിവട്ടം പി.ഒ, കൊച്ചി (9.5 സെന്റ്)
2. ജോസ്, ഈരശ്ശേരിയിൽ, കതൃക്കടവ്, കലൂർ, എറണാകുളം (65.43 സെന്റ്)
3. കൃഷ്ണലാൽ, പോളക്കുളത്ത്, മാമംഗലം, പാലാരിവട്ടം, ഇടപ്പള്ളി സൗത്ത്, കണയന്നൂർ താലൂക്ക്, എറണാകുളം (27.88 സെന്റ്). ഇദ്ദേഹത്തിന്റെ മരണശേഷം 2024 മാർച്ച് 26ന് ഭാര്യക്കും മക്കൾക്കും നോട്ടീസ് അയച്ചിട്ടുണ്ട്.
4. കൃഷ്ണദാസ്, പോളക്കുളത്ത്, മാമംഗലം, പാലാരിവട്ടം, ഇടപ്പള്ളി സൗത്ത്, കണയന്നൂർ താലൂക്ക്, എറണാകുളം (25.09 സെന്റ്)
5. ബിന്ദു ചാക്കോ, തടത്തിൽ ഹൗസ്, ചളിക്കവട്ടം, പാലാരിവട്ടം, ഇടപ്പള്ളി സൗത്ത്, കണയന്നൂർ താലൂക്ക്, എറണാകുളം (26.60 സെന്റ്)
6. ചാക്കോ ടി. വർഗീസ്, തടത്തിൽ ഹൗസ്, ചളിക്കവട്ടം, പാലാരിവട്ടം, ഇടപ്പള്ളി സൗത്ത്, കണയന്നൂർ താലൂക്ക്, എറണാകുളം (69.95 സെന്റ്)
7. ഗോപാലകൃഷ്ണൻ കെ.ബി, കിഴക്കഞ്ചേരി, അയിരൂർ, കുന്നുകര, പറവൂർ താലൂക്ക്, എറണാകുളം (18.15 സെന്റ്)
8. ഡോ. കൃഷ്ണനുണ്ണി, പോളക്കുളത്ത്, മാമംഗലം, പാലാരിവട്ടം, ഇടപ്പള്ളി സൗത്ത്, കണയന്നൂർ താലൂക്ക്, എറണാകുളം (30.52 സെന്റ്)
9, 10. എം. ഗോപീകൃഷ്ണൻ, ഹരിവിഹാർ, ദിവാൻസ് റോഡ്, എം.ജി റോഡ്, എറണാകുളം (രണ്ട് സർവേ നമ്പറിലായി 25 സെന്റ്)
11. സഹജൻ, പേരീക്കാട് ഹൗസ്, കണയന്നൂർ താലൂക്ക്, നടമ വില്ലേജ്, എരൂർ മുറിയിൽ, എരൂർ വെസ്റ്റ്, എറണാകുളം (മൂന്ന് സെന്റ്)
12. ജയിംസ്, വലിയമാറത്തിങ്കൽ ഹൗസ്, പീപ്പിൾസ് റോഡ്, കണയന്നൂർ താലൂക്ക്, പൂണിത്തുറ വില്ലേജ്, തൈക്കൂടം, വൈറ്റില (ഏഴ് സെന്റ്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.