ന്യൂഡൽഹി: മുനമ്പത്തേത് വഖഫ് ഭൂമി തന്നെയാണെന്ന് മുസ്‍ലിം ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ. മുനമ്പം വിഷയത്തിൽ കെ.എം. ഷാജി പറഞ്ഞത് വസ്തുതയുടെ അടിസ്ഥാനത്തിലാണ്. അത് വഖഫ് ചെയ്തതിന് രേഖകളുണ്ട്. ഇടതുസർക്കാർ നിയോഗിച്ച നിസാർ കമ്മീഷനും ഇത് വ്യക്തമാക്കിയിട്ടുണ്ട്. മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് ലീഗ് ഒരു ഘട്ടത്തിലും പറഞ്ഞിട്ടില്ലെന്നും ഇ.ടി. മുഹമ്മദ് ബഷീർ വ്യക്തമാക്കി.
വഖഫ് ഭൂമിയാണ് എന്ന സത്യം നിലനിർത്തി പ്രശ്നപരിഹാരത്തിന് സർക്കാർ തയാറാകണം. വിഷയത്തിൽ പ്രതിപക്ഷ നേതാവുമായി ഏറ്റുമുട്ടലിനില്ല. മുനമ്പം വഖഫ് ഭൂമിയാണെന്ന് കെ.പി.എ മജീദ് നിയമസഭയിൽ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ പറഞ്ഞിരുന്നു. സമസ്ത നേതാക്കളും കാന്തപുരം വിഭാഗവും പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന തള്ളി രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മുനമ്പം വഖഫ് ഭൂമിയാണെന്ന കെ.എം ഷാജിയുടെ പ്രസംഗം ചർച്ചയായത്. ഡോ. എം.കെ മുനീറും മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.