മൂന്നാറിലെ വീട് നിർമാണം: എൻ.ഒ.സി പിൻവലിക്കില്ലെന്ന് റവന്യൂ മന്ത്രി

തിരുവനന്തപുരം: മൂന്നാർ മേഖലയിൽ വീട് നിർമാണത്തിന് എൻ.ഒ.സി നിർബന്ധമാക്കിയ തീരുമാനം പിൻവലിക്കില്ലെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ. എട്ട് വില്ലേജുകളിൽ എൻ.ഒ.സി നൽകാത്ത സാഹചര്യം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെ.എം. മാണി നൽകിയ അടിയന്തര പ്രമേയത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി. ഹൈകോടതി നിർദേശ പ്രകാരമാണ് എൻ.ഒ.സി നിർബന്ധമാക്കിയത്. അതിനാൽ ഹൈകോടതി ഉത്തരവിനെ  മറികടന്ന് തീരുമാനം പിൻവലിക്കാൻ സർക്കാറിന് സാധിക്കില്ലെന്നും മന്ത്രി നിയമസഭയെ അറിയിച്ചു. 

സർക്കാർ തീരുമാനത്തിൽ നട്ടംതിരിയുന്നത് ജനങ്ങളാണെന്ന് അടിയന്തര പ്രമേയത്തിന് അനുമതി തേടി കൊണ്ട് കെ.എം. മാണി ചൂണ്ടിക്കാട്ടി. വൻകിടക്കാർക്ക് നിർമാണ പ്രവർത്തനങ്ങൾ അനുവദിക്കുമ്പോൾ സാധാരണ കർഷകർക്ക് വീട് നിർമിക്കാനും അറ്റകുറ്റപണി നടത്താനും സാധിക്കുന്നില്ല. എട്ട് വില്ലേജുകളിലെ ഉത്തരവ് പിൻവലിക്കണമെന്നും മാണി പറഞ്ഞു. 

എൻ.ഒ.സി വിഷയത്തിൽ മാണിയെ പിന്തുണച്ച് സി.പി.എം എം.എൽ.എ എസ്. രാജേന്ദ്രനും രംഗത്തെത്തി. മാണിയുടെ അഭിപ്രായം തന്നെയാണ് മൂന്നാറിലെ കർഷകർക്കിടയിലുള്ളതെന്ന് രാജേന്ദ്രൻ സഭയിൽ പറഞ്ഞു. ഉദ്യോഗസ്ഥർ ഉത്തരവിറക്കിയത് സർക്കാർ അറിയാതെ ആണ്. ഇവന്‍റ് മാനേജ്മെന്‍റിൽ ബിരുദമെടുത്ത ചില ഉദ്യോഗസ്ഥരാണ് മൂന്നാറിലെ കുഴപ്പങ്ങൾക്ക് കാരണമെന്നും രാജേന്ദ്രൻ വ്യക്തമാക്കി. 

ഉത്തരവ് പിൻവലിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കർഷകർ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് സി.പി.ഐ എം.എൽ.എ ഇ.എസ്. ബിജി മോളും കേരളാ കോൺഗ്രസ് എം. എം.എൽ.എ റോഷി അഗസ്റ്റിനും പറഞ്ഞു. 

നിർമാണ പ്രവർത്തനങ്ങൾ അനുമതി നൽകാൻ ഉത്തരവുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിച്ചു. റവന്യൂ വകുപ്പിന്‍റെ എന്‍.ഒ.സി. ഇല്ലാതെയും പഞ്ചായത്തിന്‍റെ അനുമതിയില്ലാതെയും യാതൊരു നിര്‍മാണ പ്രവര്‍ത്തനവും മൂന്നാര്‍ മേഖലയില്‍ നടത്തുന്നില്ലെന്ന് ഉറപ്പാക്കാന്‍ ഹൈകോടതി നിര്‍ദേശമുണ്ട്. എന്നാല്‍ സ്വന്തം ഗൃഹനിര്‍മാണത്തിന് എന്‍.ഒ.സി നല്‍കുന്നതിനുള്ള അധികാരം ആര്‍.ഡി.ഒ.ക്ക് നല്‍കിയിരുന്നു. ഈ തീരുമാനം വളരെ ദൂരെയുള്ള വില്ലേജുകളിലെ ജനങ്ങള്‍ക്കുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ പരിഗണിച്ചാണ് എന്‍.ഒ.സി. നല്‍കുന്നതിനുള്ള അധികാരം വില്ലേജ് ഓഫീസര്‍മാര്‍ക്ക് നല്‍കി 26.05.2018ന് സര്‍ക്കാര്‍ ഉത്തരവായത്. 

എന്നാല്‍ സബ് കളക്ടര്‍ നിര്‍മ്മിതികള്‍ക്കുള്ള അനുമതി നൽകുന്നതിന് ചില വിലക്കുകൾ വരും വിധമുള്ള കത്ത് സഹിതമാണ് സർക്കാർ ഉത്തരവ് വില്ലേജ് ഓഫീസർമാർക്ക് നൽകിയിട്ടുള്ളതെന്ന് ശ്രദ്ധയിൽപെട്ടിട്ടുണ്ട്.  ജനങ്ങള്‍ക്ക് പ്രയാസമനുഭവപ്പെടാതെ സര്‍ക്കാര്‍ ഉത്തരവ് അനുസരിച്ചു തന്നെ മൂന്നാര്‍ മേഖലയില്‍ നിര്‍മാണ പ്രവര്‍ത്തനത്തിന് എന്‍.ഒ.സി. നല്‍കണമെന്ന് കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മൂന്നാറില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അടക്കമുള്ള കാര്യങ്ങള്‍ക്ക് പ്രത്യേക നിയമ നിര്‍മാണം നടത്തുന്ന കാര്യം സര്‍ക്കാരിന്‍റെ സജീവ പരിഗണനയിലാണെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. 

മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും വിശദീകരണത്തിൽ തൃപ്തരാകാത്ത പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി. 
 

Tags:    
News Summary - Munnar House Construction issues Assembly -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.