തിരുവനന്തപുരം: മൂന്നാറിലെ കൈയേറ്റം സംബന്ധിച്ച് കലക്ടർ ജി.ആർ. ഗോകുലും ദേവികുളം സബ്കലക്ടർ ശ്രീരാം വെങ്കിട്ടരാമനും ചേർന്ന് തയാറാക്കിയ സമഗ്ര റിപ്പോർട്ട് ശനിയാഴ്ച സമർപ്പിക്കും. മുഖ്യമന്ത്രിക്കും റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിക്കുമാണ് റിപ്പോർട്ട് സമർപ്പിക്കുക. കൈയേറ്റത്തെക്കുറിച്ച് വില്ലേജ് തലത്തിൽ തയാറാക്കിയ റിപ്പോർട്ട് കലക്ടറുടെ നേതൃത്വത്തിൽ പരിശോധന നടത്തി വെള്ളിയാഴ്ച പൂർണരൂപം നൽകി. ചെറുകിട കൈയേറ്റത്തെക്കുറിച്ച് റിപ്പോർട്ട് നൽകണമെന്ന് റവന്യൂ വകുപ്പിന് മുഖ്യമന്ത്രി നിർദേശം നൽകിയിരുന്നു. അതനുസരിച്ച് 10 സെൻറ് വരെയുള്ള കൈയേറ്റങ്ങളുടെ പട്ടികയും റിപ്പോർട്ടിലുണ്ടാവും. ഞായറാഴ്ച ഇടുക്കിയിലെ വിവിധ ക്രൈസ്തവസഭ മതമേലധ്യക്ഷന്മാർ, എൻ.എസ്.എസ്, എസ്.എൻ.ഡി.പി യോഗം, വിശ്വകർമ സഭ, കെ.പി.എം.എസ്, പട്ടികജാതി ക്ഷേമസമിതി, ആദിവാസി സംഘടന നേതാക്കൾ തുടങ്ങിയവരെ യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
പരിസ്ഥിതി പ്രവർത്തകർ, രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾ, മാധ്യമങ്ങളിലെ എഡിറ്റർമാർ തുടങ്ങിയവരെ പങ്കെടുപ്പിച്ച് പ്രത്യേക യോഗങ്ങളും നടത്തും. കൈയേറ്റം ഒഴിപ്പിക്കുന്നകാര്യത്തിൽ എല്ലാവർക്കും സ്വീകാര്യമായ തീരുമാനമെടുക്കാനാണ് വിവിധ വിഭാഗങ്ങളുമായി മുഖ്യമന്ത്രി നേരിട്ട് ചർച്ച നടത്തുന്നത്.
സീറോ മലബാർ കത്തോലിക്ക ചർച്ച് ബിഷപ് മാർമാത്യു ആനുക്കുഴിക്കാട്ടിൽ, കാഞ്ഞിരപ്പള്ളി ആർച് ബിഷപ് മാത്യു അറക്കൽ, സി.എസ്.ഐ ഈസ്റ്റ് കേരള റവ. ഡോ.കെ.ജി. ഡാനിയേൽ, എസ്.എൻ.ഡി.പി യൂനിയൻ കൗൺസിലർ കെ.ഡി. രമേശൻ, എൻ.എസ്.എസ് ഹൈറേഞ്ച് യൂനിയൻ ആർ. മണിക്കുട്ടൻ, കെ.പി.എം.എസ് സെക്രട്ടറി കെ.കെ. രാജൻ, കോഴിമല രാജ രാജമന്നാൻ, ഹൈറേഞ്ച് സംരക്ഷണസമിതി ഫാദർ സെബാസ്റ്റ്യൻ കൊച്ചുപുരക്കൽ, കട്ടപ്പന ടൗൺ ജുമാമസ്ജിദ് ഇമാം മുഹമ്മദ് റഫീഖ് അൽ കൗസരി, അടിമാലി യാക്കോബൈറ്റ സിറിയൻ ക്രിസ്ത്യൻ ചർച്ച് എലിയാസ മാർ യൂലിയോസ, അണക്കര മലങ്കര ഓർത്തഡോക്സ് സിറിയൻ ചർച്ച് ഡോ. തോമസ് മാർ അത്തോനോയിസ, സി.എം.എസ് ആംഗ്ലിക്കൻ ചർച്ച് ബിഷപ് ലൈവി ജോസഫ്, പട്ടികജാതി ക്ഷേമസമിതി നേതാവ് കെ.ജി. സത്യൻ, പരിസ്ഥിതി പ്രവർത്തകൻ അഡ്വ. ഹരീഷ് വാസുദേവ്, ജൈവവൈവിധ്യ ബോർഡ് മുൻ ചെയർമാൻ ഡോ.വി.എസ്. വിജയൻ തുടങ്ങിയവരും വനം, റവന്യൂ, പരിസ്ഥിതി വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും. വൈകീട്ട് അഞ്ചിനാണ് ഇടുക്കിയിലെ രാഷ്ട്രീയ പാർട്ടി നേതാക്കളുടെ യോഗം. കൈയേറ്റം ഒഴിപ്പിക്കുന്നത് സംബന്ധിച്ച് വിശദമായ ചർച്ച യോഗത്തിലുണ്ടാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.