ആറ്റിങ്ങൽ: പൊലീസിനെ കബളിപ്പിച്ച് മതം മാറി, പേരും രൂപവും മാറ്റി വിവാഹം കഴിച്ച് ഒളിവിൽ താമസിച്ചുവന്ന വധശ്രമക്കേസ് പ്രതി പിടിയിൽ. മേൽതോന്നയ്ക്കൽ പാട്ടത്തിൽ ഇടയാവണം ക്ഷേത്രത്തിന് സമീപം കണ്ണങ്കരക്കോണം കൈതറ വീട്ടിൽ ദീപുവിനെയാണ് (36) ചിറയിൽകീഴ് പൊലീസ് അറസ്റ്റ് ചെയ്തത്.
നാലുവർഷം മുമ്പ് ചിറയിൽകീഴ് തെറ്റിച്ചിറ ലാൽഭാഗ് മിച്ചഭൂമിയിൽ കഞ്ചാവ് മാഫിയക്കെതിരെ ജാഗ്രത സമിതി രൂപവത്കരണത്തിന് നേതൃത്വം നൽകിയ തെറ്റിച്ചിറ ലാൽഭാഗ് മനോജ് ഭവനിൽ മുകേഷിനെ 2018 മാർച്ച് 24ന് രാവിലെ ഏഴിന് വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിലെ മുഖ്യപ്രതിയാണ് ദീപു.
നിരവധി മോഷണ, പിടിച്ചുപറി കേസുകളിലെ പ്രതിയായ ഇയാൾ നാല് വർഷമായി സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിലും ഗുജറാത്തിലും കർണാടകയിലുമായി മുങ്ങിനടക്കുകയായിരുന്നു. മൊബൈൽ പിന്തുടർന്ന് പൊലീസ് വരുന്നുണ്ടെന്നറിഞ്ഞ വിനോദ് സിം വടക്കേ ഇന്ത്യക്കാരന് കൈമാറി. ഇതോടെ പൊലീസ് അന്വേഷണം താളംതെറ്റി. ഏറെ വൈകിയാണ് ഫോൺ ഉപയോഗിക്കുന്നത് വടക്കേ ഇന്ത്യക്കാരനാണെന്ന് പൊലീസ് അറിഞ്ഞത്.
രണ്ട് വർഷം മുമ്പാണ് ഇയാൾ മലപ്പുറത്തുള്ള സുഹൃത്ത് മുഖേന പെരുന്തൽമണ്ണ അങ്ങാടിപ്പുറത്തിന് സമീപം വഴിപ്പാറയിൽ എത്തി ഇസ്ലാം മതം സ്വീകരിച്ച് മുഹമ്മദാലി എന്ന പേര് സ്വീകരിച്ചത്. അവിടെനിന്ന് വിവാഹം കഴിച്ച് ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു. പൊലീസ് പിടിയിലാവാതിരിക്കാൻ ബന്ധുക്കളുമായും സുഹൃത്തുക്കളുമായും ഫോണിൽ ബന്ധപ്പെട്ടിരുന്നില്ല.
തിരുവനന്തപുരം റൂറൽ ജില്ല പൊലീസ് മേധാവി ഡോ. ദിവ്യാ ഗോപിനാഥിന്റെ നിർദേശപ്രകാരം ആറ്റിങ്ങൽ ഡിവൈ.എസ്.പി സുനീഷ് ബാബുവിന്റെ നേതൃത്വത്തിൽ പ്രത്യേകസംഘം രൂപവത്കരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.
നേരത്തെ ഉപയോഗിച്ചിരുന്ന ഫോണിന്‍റെ ഇ.എം.ഐ നമ്പർ കണ്ടെത്തിയതോടെയാണ് അന്വേഷണത്തിന് വഴിത്തിരിവായത്. തുടർന്ന് ഇതേ ഫോണിൽ ഉപയോഗിച്ച പുതിയ സിം കണ്ടുപിടിച്ചു. ഇതിൽനിന്ന് മലപ്പുറം, വയനാട്, മൈസൂർ, കോയമ്പത്തൂർ മേഖലകളിൽ പ്രതി നിരന്തരം സഞ്ചരിക്കുന്നത് സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ആഴ്ചകളോളം താമസിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. ചിറയിൻകീഴ് പൊലീസ് ഇൻസ്പെക്ടർ ജി.ബി. മുകേഷിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ വി.എസ്. വിനീഷ്, എ.എസ്.ഐ ഷജീർ, സി.പി.ഒ അരുൺ, തിരുവനന്തപുരം റൂറൽ ഡാൻസാഫ് ടീമിലെ എ.എസ്.ഐ ബി. ദിലീപ്, സി.പി.ഒ സുനിൽരാജ് എന്നിവരുടെ സംഘം ആഴ്ചകൾ നീണ്ട പരിശ്രമത്തിലൂടെയാണ് പ്രതിയെ പിടികൂടിയത്. പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ സാഹസികമായാണ് അന്വേഷണസംഘം പിടികൂടിയത്.
പോത്തൻകോട് കൊലപാതകക്കേസിലെ മുഖ്യപ്രതിയായ ഒട്ടകം രാജേഷിന്റെ കൂട്ടാളിയായിരുന്നു. മലപ്പുറത്ത് ഇയാളുടെ നിയമവിരുദ്ധമായ ഇടപാടുകളെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മൈസൂർ, കോയമ്പത്തൂർ യാത്രകൾ കഞ്ചാവ് കച്ചവടത്തിനായിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.