കൊച്ചി: ഹോട്ടൽ മുറിയിൽ ഒന്നര വയസ്സുകാരിയെ വെള്ളത്തിൽ മുക്കിക്കൊന്ന സംഭവത്തിൽ റിമാൻഡിലുള്ള പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ ഉടൻ കോടതിയിൽ അപേക്ഷ നൽകും. കസ്റ്റഡിയിൽ ലഭിച്ചാലുടൻ മൂന്നുപേരെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനൊരുങ്ങുകയാണ് കേസ് അന്വേഷിക്കുന്ന എറണാകുളം നോർത്ത് പൊലീസ്. നോറ മരിയയെ കൊലപ്പെടുത്തിയ പള്ളുരുത്തി സ്വദേശി ജോൺ ബിനോയ് ഡിക്രൂസ്, കുട്ടിയുടെ അച്ഛൻ അങ്കമാലി പാറക്കടവ് കോടുശ്ശേരി മനന്താനത്ത് വീട്ടിൽ സജീവ്, ഇയാളുടെ മാതാവ് സിപ്സി എന്നിവരാണ് റിമാൻഡിലുള്ളത്.
മൂവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്താൽ സംഭവത്തിലെ ദുരൂഹത നീങ്ങുമെന്നും കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നുമുള്ള പ്രതീക്ഷയിലാണ് പൊലീസ്. കഴിഞ്ഞ തിങ്കളാഴ്ച രാത്രി കലൂരിലെ ഹോട്ടൽ മുറിയിലാണ് ജോൺ ബിനോയ് കുഞ്ഞിനെ നിഷ്ഠുരമായി കൊലപ്പെടുത്തിയത്. പിറ്റേദിവസം തന്നെ ഇയാൾ അറസ്റ്റിലായി. സംഭവത്തിന് പിന്നാലെ ഒളിവിൽപോയ സിപ്സിയും സജീവും ശനിയാഴ്ചയാണ് പിടിയിലായത്. കുട്ടികളെ ശരിയായി നോക്കാത്തതിന് ബാലനീതി നിയമപ്രകാരമാണ് അച്ഛനും അമ്മൂമ്മക്കുമെതിരെ കേസെടുത്തത്. തനിക്ക് കൊലപാതകത്തിൽ പങ്കില്ലെന്ന് സിപ്സി മൊഴി നൽകിയിട്ടുണ്ടെങ്കിലും അന്വേഷണസംഘം വിശ്വസിച്ചിട്ടില്ല. ഇവർ നോറയെയും സഹോദരനെയും ജോണിനെ ഏൽപ്പിച്ച് അർധരാത്രി ഹോട്ടലിൽനിന്ന് എങ്ങോട്ടുപോയി, കുഞ്ഞിനെ കൊല്ലാനുള്ള കാരണമെന്ത്, കുഞ്ഞിന്റെ അമ്മ ഡിക്സി ആരോപിച്ചതുപോലെ ഇവരുടെ ലഹരി ഇടപാടുകൾക്ക് കുട്ടികളെ മറയാക്കിയിരുന്നോ തുടങ്ങി ഒട്ടേറെ ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കാനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.