കട്ടപ്പന: കട്ടപ്പന ഇരട്ടക്കൊലപാതക കേസിലെ മുഖ്യപ്രതി നിതീഷിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. കസ്റ്റഡി കാലാവധി കഴിഞ്ഞ പ്രതിയെ മുട്ടം സബ് ജയിലിലേക്ക് മാറ്റി. ഒന്നാം പ്രതി നിതീഷ് താമസിച്ചിരുന്ന കക്കാട്ടുകടയിലെ വീട്ടിൽ നിന്ന് കണ്ടെടുത്ത എയർ പിസ്റ്റളുകൾ, 25 സിം കാർഡുകൾ, 20ഓളം എ.ടി.എം കാർഡുകൾ എന്നിവയും പൊലീസ് കോടതിയിൽ ഹാജരാക്കി. ഈ തോക്കുകളും സിം - എ.ടി.എം കാർഡുകളും ഉപയോഗിച്ച് കുറ്റകൃത്യങ്ങൾ നടത്തിയിട്ടുണ്ടോ എന്നും പൊലീസ് അനേഷിക്കുന്നുണ്ട്.
കട്ടപ്പന ഇരട്ടകൊലപാതക കേസിന്റെ അന്വേഷണം രണ്ടാം ഘട്ടത്തിലാണ്. വിജയനെ കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിയായ മകൻ വിഷ്ണുവിനെ തിങ്കളാഴ്ച കട്ടപ്പന കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങാനാണ് പൊലീസിന്റെ ശ്രമം. ഇതിനു ശേഷം നിധീഷിനെ വീണ്ടും പൊലീസ് കസ്റ്റഡിയിൽ വാങ്ങി കൊല്ലപ്പെട്ട വിജയന്റെ ഭാര്യ സുമയെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും.
മൊഴികളിൽ വ്യക്തത വരുത്തുന്നതിനാണ് മുഖ്യപ്രതി നിതീഷിനെ കസ്റ്റഡിയിൽ വാങ്ങി കുറ്റകൃത്യങ്ങൾ നടത്തിയ സ്ഥലത്ത് എത്തിച്ചു തെളിവെടുപ്പ് നടത്തിയത്. കുഴിച്ചുമൂടിയ വിജയന്റെ മൃതദേഹ അവശിഷ്ടങ്ങൾ കക്കാട്ടുകടയിലെ വാടക വീട്ടിൽ നിന്ന് കണ്ടെത്തിയെങ്കിലും നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്താൻ സാധിച്ചിട്ടില്ല. നവജാത ശിശുവിനെ ശ്വാസം മുട്ടിച്ചു കൊലപെടുത്തി കത്തിച്ചു മൃതദേഹം കുഴിച്ചിട്ട കേസിലാകും മൂന്ന് പേരെയും ഒരുമിച്ചിരുത്തി പൊലീസ് ചോദ്യം ചെയ്യുക. രണ്ടു സ്ഥലത്തും കൊലപാതകം നടക്കുന്ന സമയത്ത് നിധീഷിന്റെ സാന്നിധ്യം ഉണ്ടായിരുന്നുവെന്ന് തെളിയിക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഭാഗം അഭിഭാഷകൻ പി.എ വിൽസൺ കോടതിയിൽ ജാമ്യാപേക്ഷ നൽകിയത്.
വിഷ്ണു, സുമ, വിഷ്ണുവിന്റെ സഹോദരി, നിതീഷ് എന്നിവരെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്തു കേസ് തെളിയിക്കാനാണ് പൊലീസ് ശ്രമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.