കോട്ടായി: കഴിഞ്ഞ ദിവസം വിടപറഞ്ഞ സംഗീതജ്ഞൻ കെ.ജി. ജയന്റെ വിയോഗം കോട്ടായി ചെമ്പൈ ഗ്രാമത്തെ ദുഃഖസാന്ദ്രമാക്കി. ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ശിഷ്യനായ കെ.ജി. ജയൻ ചെമ്പൈ ഏകാദശീ സംഗീതോത്സവത്തിൽ നിറസാന്നിധ്യമായിരുന്നു. 2023 മാർച്ചിൽ നടന്ന ഏകാദശീ സംഗീതോത്സവത്തിനായാണ് അവസാനമായി അദ്ദേഹം കോട്ടായി ചെമ്പൈ ഗ്രാമത്തിലെത്തിയത്. വാർധക്യത്തിന്റെ അവശതകൾക്കിടയിലും ഗുരുവിന്റെ സന്നിധിയിലെത്തി സംഗീതാർച്ചന നടത്താറുള്ള കെ.ജി. ജയനെ ഓർത്തെടുക്കുകയാണ് ചെമ്പൈ ഗ്രാമവും വിദ്യാപീഠം അധ്യാപകരും വിദ്യാർഥികളും ഭാരവാഹികളായ കീഴത്തൂർ മുരുകനും ചെമ്പൈ സുരേഷും.
സംഗീതജ്ഞൻ കെ.ജി. ജയന് ആയിരങ്ങളുടെ അന്ത്യാഞ്ജലി
തൃപ്പൂണിത്തുറ: ചൊവ്വാഴ്ച അന്തരിച്ച പ്രശസ്ത സംഗീതജ്ഞൻ കെ.ജി. ജയന് ആയിരങ്ങളുടെ അന്ത്യാഞ്ജലി. ജയന്റെ എരൂരിലുള്ള വസതിയിലും ലായം കൂത്തമ്പലത്തിലും വീട്ടിലും നടന്ന പൊതുദർശനത്തിൽ ചലച്ചിത്ര- സംഗീത രംഗത്തെ പ്രമുഖരും വിവിധ രാഷ്ട്രീയ സാമൂഹിക നേതാക്കളും നാട്ടുകാരും അടക്കം നിരവധിപേർ അന്ത്യാഞ്ജലിയർപ്പിച്ചു. മൃതശരീരം ബുധനാഴ്ച രാവിലെ 7.30ഓടെ തൃപ്പൂണിത്തുറ എരൂർ എസ്.എം.പി കോളനി റോഡിലുള്ള വിൻയാർഡ് മെഡോസിലെ വസതിയിലെത്തിച്ചു. വീട്ടിലെ കർമങ്ങൾക്കുശേഷം ഉച്ചതിരിഞ്ഞ് മൂന്നിന് തൃപ്പൂണിത്തുറ സ്റ്റാച്യു ജങ്ഷനിലെ ലായം കൂത്തമ്പലത്തിലും പൊതുദർശനത്തിന് വെച്ചു.
മന്ത്രി പി.രാജീവ്, കെ.ബാബു എം.എൽ.എ, നഗരസഭാധ്യക്ഷ രമ സന്തോഷ്, നടന്മാരായ മമ്മൂട്ടി, കുഞ്ചാക്കോ ബോബൻ, ഹരിശ്രീ അശോകൻ, ടിനി ടോം, ഇടവേള ബാബു, രമേഷ് പിഷാരടി, നടിമാരായ മാലാ പാർവതി, കലാരഞ്ജിനി, ഗായകൻ എം.ജി. ശ്രീകുമാർ, എൽ.ഡി.എഫ് സ്ഥാനാർഥി കെ.ജെ. ഷൈൻ, നിർമാതാവും സംവിധായകരുമായ രഞ്ജിത്, ഉദയ്കൃഷ്ണ, ഗായകരായ വിജയ് യേശുദാസ്, ഗണേഷ് സുന്ദരം, നിഖിൽ ഉണ്ണി, സുദീപ്, ഉണ്ണിമേനോൻ, കലാഭവൻ സാബു, പ്രദീപ് പള്ളുരുത്തി, സുദീപ്കുമാർ, ഗണേഷ് സുന്ദരം, കെ.വി. തോമസ്, ബി.ജെ.പി സ്ഥാനാർഥി ഡോ. കെ.എസ്. രാധാകൃഷ്ണൻ, കുമ്മനം രാജശേഖരൻ, കെ.വി. ഹരിദാസ്, അഡ്വ.നാരായണൻ നമ്പൂതിരി, അഡ്വ. ഷൈജു, ആർ.കെ. ദാമോദരൻ, ടി.എസ്. രാധാകൃഷ്ണൻ, ആർ.എൽ.വി രാധാകൃഷ്ണൻ, ചേർത്തല രാജേഷ് തുടങ്ങിയവർ ആദരാഞ്ജലി അർപ്പിച്ചു. പാലക്കാട് മുതലമട സുനിൽ സ്വാമി കാർമികനായി. വൈകീട്ട് 5.30ന് തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.