കോഴിക്കോട്: മുസ്ലിംവനിതകൾക്ക് കോടതി കയറാതെ മതനിയമം (ശരീഅത്ത്) അനുസരിച്ച് വിവാഹമോചനം നേടാൻ അവസരം നൽകി കേരള ഹൈകോടതിയുടെ ഖുൽഅ് വിധി. കുടുംബജീവിതം ഒന്നിച്ചു കൊണ്ടുപോകാൻ ഒരു നിലക്കും സാധ്യമല്ലെന്നുവന്നാൽ സ്ത്രീകൾക്ക് സ്വയം വിവാഹമുക്തി പ്രഖ്യാപിച്ചു പിരിയാൻ ഇസ്ലാമികനിയമം നൽകുന്ന അവകാശമാണ് ഖുൽഅ് (ബന്ധവിഛേദനം).
ദാമ്പത്യജീവിതം തീർത്തും അസാധ്യമായിട്ടും വിവാഹ മോചനം നൽകാതെ സ്ത്രീകളെ കഷ്ടപ്പെടുത്തുന്നതിന് അറുതി വരുത്തുന്ന സംവിധാനത്തിന് നിയമസാധുത നൽകുകയാണ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് സി.എസ്. ഡയസ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിെൻറ സുപ്രധാന വിധി. ഇനി മുതൽ മുസ്ലിം വനിതകൾക്ക് അനിവാര്യഘട്ടങ്ങളിൽ വിവാഹമോചനം നേടാം.
സംഭാഷണങ്ങളിലൂടെ അനുരഞ്ജനത്തിനുള്ള സാധ്യത അടഞ്ഞു എന്നുറപ്പാക്കുകയും വിവാഹ മൂല്യം (മഹ്ർ) സ്ത്രീ തിരിച്ചുനൽകുകയോ അതിനു വാക്കുകൊടുക്കുകയോ ചെയ്തും വേണം ഖുൽഇലൂടെ വിവാഹമോചനം നേടാൻ. കുടുംബ കോടതിയിൽ രേഖാമൂലം അറിയിച്ച് ഖുൽഇന് അംഗീകാരം നേടാമെന്നും വിധിന്യായത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. വിവാഹ മോചനം തേടി ഹൈകോടതിയിൽ സമർപ്പിച്ച വിവിധ അപ്പീൽ ഹരജികളിൽ ഒന്നിച്ച് വാദം കേട്ടാണ് ഹൈകോടതി വിധി. േകാടതി മുഖേനയല്ലാതെ സ്ത്രീക്ക് വിവാഹമോചനം നേടാൻ അധികാരമില്ലെന്ന് 1972ൽ കെ.സി. മോയിൻ/നഫീസ കേസിൽ സിംഗിൾ ബെഞ്ച് നടത്തിയ വിധി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. അര നൂറ്റാണ്ടായി നഷ്ടപ്പെട്ട അവകാശമാണ് വിധിയിലൂടെ മുസ്ലിം വനിതകൾക്ക് പുനഃസ്ഥാപിച്ചു കിട്ടിയത്.
ശരീഅത്ത് നിയമങ്ങളുടെ അടിസ്ഥാനമായ ഖുർആെൻറയും പ്രവാചകചര്യ (സുന്നത്ത്)യുടെയും വെളിച്ചത്തിലാണ് കോടതി വിധി പ്രസ്താവിച്ചത്. ഖുർആൻ രണ്ടാം അധ്യായത്തിലെ 228, 229, നാലാം അധ്യായത്തിലെ 1, 20, 21, 58,128 സൂക്തങ്ങളും അഞ്ചാം അധ്യായത്തിലെ എട്ടാം സൂക്തവും പ്രബല ഹദീസ് ഗ്രന്ഥമായ സ്വഹീഹ് അൽബുഖാരിയും വിധിയിൽ തെളിവായി സ്വീകരിച്ചു. രാജ്യത്തെ പ്രമുഖ നിയമജ്ഞൻ ഡോ. താഹിർ മഹ്മൂദിെൻറ പ്രശസ്ത കൃതിയായ 'മുസ്ലിം ലോ ഇൻ ഇന്ത്യ ആൻഡ് അബ്റോഡ്', ഇസ്ലാമിക പണ്ഡിതനും ചിന്തകനുമായ സയ്യിദ് അബുൽ അഅ്ല മൗദൂദിയുടെ 'ഹുഖൂഖുസ്സൗജൈൻ' (ഇണതുണ അവകാശങ്ങൾ) എന്നീ കൃതികളും കോടതി പരാമർശിച്ചിട്ടുണ്ട്.
വിധിന്യായത്തിലെ 75ാം ഖണ്ഡികയിൽ ഖുൽഇെൻറ നടപടിക്രമം കോടതി വിശദീകരിച്ചു. ഖുൽഅ് പ്രഖ്യാപനത്തിനു മുമ്പ് അനുരഞ്ജനശ്രമം നടത്തണം. അതുപരാജയപ്പെട്ടാൽ ഖുൽഅ് ആവാം. വിവാഹ ബന്ധം ഒഴിയുന്നു (അവസാനിപ്പിക്കുന്നു) എന്ന സ്ത്രീയുടെ പ്രസ്താവനയാണ് ഇതിെൻറ മർമം. ഒപ്പം ഭർത്താവിൽനിന്ന് കൈപ്പറ്റിയ മഹറും (വിവാഹമൂല്യം) മറ്റു സമ്മാനങ്ങളും തിരിച്ചുനൽകുമെന്ന് ഉറപ്പുനൽകണം. മതപരമായ കാര്യങ്ങളിൽ കോടതിക്ക് കൃത്യത നൽകുന്നതിന് അഭിഭാഷകനും വ്യക്തിനിയമ പണ്ഡിതനുമായ അഡ്വ. കെ.ഐ. മായിൻകുട്ടി മേത്തർ അമിക്കസ്ക്യൂറിയായി കേസിൽ കോടതിയെ സഹായിച്ചു.
പൂർണമായും ശരീഅത്തിന് അനുസൃതമാണ് ഖുൽഅ് സംബന്ധിച്ച ഹൈകോടതി ഡിവിഷൻ ബെഞ്ചിെൻറ വിധിയെന്ന് കേസിൽ അമിക്കസ് ക്യൂറിയായി കോടതിയെ സഹായിച്ച അഡ്വ. മായിൻകുട്ടി മേത്തർ. മുസ്ലിം വനിതകൾക്ക് ഏറെ ആത്മവീര്യം പകരുന്നതാണ് വിധി. ഇസ്ലാം മുന്നോട്ടുവെച്ച കാര്യങ്ങൾ കൃത്യമായി വിശകലനം നടത്തി കോടതി അനുവദിച്ചു എന്നേയുള്ളൂ.
ഇസ്ലാമിക ശരീഅത്ത് പ്രകാരം വിവാഹ മോചനത്തിന് പുരുഷനുള്ളതുപോലെ സ്ത്രീക്കും അധികാരവും അവകാശവുമുണ്ട്. പുരുഷന് ത്വലാഖും സ്ത്രീക്ക് ഖുൽഉം. ഖുർആനിലെ രണ്ടാം അധ്യായമായ അൽബഖറയിലെ 228, 229 സൂക്തങ്ങളിൽ ഇത് വ്യക്തമാക്കുന്നുണ്ട്. ഏറ്റവും വിശ്വസ്തമായ ബുഖാരി പോലുള്ള ഹദീസുകളിലും പ്രവാചകൻ ഖുൽഅ് അനുവദിച്ച സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ലോകത്ത് മുസ്ലിം രാജ്യങ്ങളിലും ഇതര രാജ്യങ്ങളിലും കുടുംബ- വ്യക്തിനിയമങ്ങളിൽ ഖുൽഅ് അനുവദിക്കുന്നുണ്ട്.
എന്നാൽ, നമ്മുടെ രാജ്യത്ത് കാലങ്ങളായി മുസ്ലിം വനിതകൾക്ക് ഈ അവകാശം അനുവദിച്ചു കിട്ടിയിരുന്നില്ല. വിവാഹമോചനം നൽകാതെ സ്ത്രീകളെ പീഡിപ്പിക്കുന്ന സംഭവങ്ങളിൽ നീതിലഭിക്കാൻ അവർക്ക് വർഷങ്ങളോളം കോടതി കയറിയിറങ്ങണം. കോടതിയിലാവട്ടെ ഹരജിയും എതിർ ഹരജിയുമൊക്കെയായി വിധി ലഭിക്കുേമ്പാഴേക്കും കാലങ്ങളെടുക്കും. ഇത് വലിയ പണച്ചെലവും സമയനഷ്ടവുമുണ്ടാക്കുന്നു. തീർപ്പുണ്ടാവുേമ്പാഴേക്കും പലപ്പോഴും ആയുസ്സിലെ നല്ല കാലം കഴിഞ്ഞിരിക്കും. പുതിയ വിധിയോടെ ഈ ദുരവസ്ഥക്ക് അറുതിയായിരിക്കുകയാണ്. കോടതിയെ സമീപിക്കാതെതന്നെ അനിവാര്യ ഘട്ടങ്ങളിൽ ഇനി മുതൽ മുസ്ലിം വനിതകൾക്ക് ഭർത്താവിനെ വിവാഹ മോചനം (ഖുൽഅ്) നടത്താം.
ഇതിനുപുറമെ മറ്റു വിവാഹ മോചന രീതികളായ മബാറാത്ത് (ഉഭയ കക്ഷി തീരുമാന പ്രകാരമുള്ള വിവാഹ മോചനം) ത്വലാഖെ തഫ്വീസ് (വിവാഹവ്യവസ്ഥ ലംഘിക്കുന്നത് മൂലമുള്ള വിവാഹ മോചനം) എന്നിവക്കും ഇനി മുതൽ കോടതി കയറേണ്ടതില്ല. ഇസ്ലാമിക ശരീഅത്ത് വിവാഹത്തിൽ മുസ്ലിം വനിതകൾക്ക് അനുവദിച്ച വ്യക്തി സ്വാതന്ത്ര്യം തുറന്നു കാട്ടിയിരിക്കുകയാണ് ഈ വിധിയിലൂടെ കേരള ഹൈകോടതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.