സി.പി.എമ്മിന്റെ മുസ്‍ലീം ലീഗ് പ്രശംസ സി.പി.ഐക്ക് പിടിക്കാത്തതിനു കാരണം മുന്നണിക്കകത്തെ രണ്ടാം സ്ഥാനം നഷ്ടമാകുമെന്ന ഭയത്താലാകുമെന്ന് മുസ്‍ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. മുന്നണി മാറാനുള്ള രാഷ്ട്രീയ സാഹചര്യമിപ്പോഴില്ല. യു.ഡി.എഫിനെ ശക്തിപ്പെടുത്തുകയാണ് ലീഗിന്റെ ലക്ഷ്യം. ദേശീയതലത്തിൽ ഫാഷിസത്തെ തടഞ്ഞുനിർത്താൻ ഇടതുപക്ഷത്തിന്റെതുൾപ്പെടെ സഹകരണം വേണം. മത നിരപേക്ഷ കാഴ്ചപ്പാടുള്ള കോൺഗ്രസും സി.പി.എമ്മും ഇക്കാര്യത്തിൽ ഒന്നിച്ചു നിൽക്കണമെന്നും സാദിഖലി തങ്ങൾ പറഞ്ഞു.
മുസ്‍ലീം ലീഗിനെ പ്രശംസിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ രംഗത്തെത്തിയ സാഹചര്യത്തിൽ സി.പി.ഐ പ്രകടിപ്പിച്ച അതൃപ്തിയെ കുറിച്ച് സംസാരിക്കവെയാണ് സാദിഖലി തങ്ങൾ ഈ അഭിപ്രായം പങ്കുവെച്ചത്. സി.പി.എം പറഞ്ഞത് കേരളത്തിന്റെ മുഴുവൻ അഭിപ്രായമാണ്. നല്ലതുപറഞ്ഞാൽ നിഷേധിക്കേണ്ട കാര്യം ലീഗിനില്ല. ലീഗിനെ ഏവർക്കും വേണം. എന്നാൽ, ലീഗിനു എല്ലാവരെയും സ്വീകരിക്കാനാകില്ല. എൽ.ഡി.എഫിലേക്ക് ലീഗിനെ ആരും ക്ഷണിച്ചിട്ടില്ല.
എക്കാലത്തും പ്രതിപക്ഷത്തിരിക്കുക ലീഗിന്റെ ലക്ഷ്യമല്ല. എന്നാൽ, ഭരണമില്ലാതെ പിടിച്ചുനിൽക്കാൻ കഴിയാത്ത പാർട്ടിയൊന്നുമല്ല ലീഗ്. സംഘപരിവാർ അനുകൂലിയായ ഗവർണറെ ലീഗ് എതിർക്കും. വഖഫ് വിഷയത്തിലുൾപ്പെടെ ലീഗ് മുന്നോട്ട് വെച്ച നിലപാടാണ് ശരിയെന്ന് തെളിഞ്ഞെന്നും സാദിഖലി തങ്ങൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.