കോഴിക്കോട്: മുസ്ലിം ലീഗ് വർഗീയ പാർട്ടിയാണെന്ന സി.പി.എം നിലപാടിലെ തിരുത്തൽ ഗുണകരമായെന്ന് ലീഗ് വിലയിരുത്തൽ. സാമുദായിക പാർട്ടിയെന്ന പരിമിതിക്കുള്ളിൽ പ്രവർത്തിക്കുമ്പോൾ സി.പി.എമ്മിന്റെ ഭാഗത്തുനിന്നാണ് ഏറ്റവും കൂടുതൽ വർഗീയ ആരോപണം ലീഗിന് നേരിടേണ്ടിവന്നത്. പാർട്ടി സെക്രട്ടറി തന്നെ 'ഗുഡ് സർട്ടിഫിക്കറ്റ്' നൽകിയത് ആശ്വാസവും പ്രതീക്ഷയുമായെന്ന രീതിയിലാണ് എം.വി. ഗോവിന്ദന്റെ പ്രസ്താവനയോട് ലീഗ് നേതൃത്വത്തിന്റെ പ്രതികരണം.
ബി.ജെ.പിയുടെ ആരോപണത്തെ ലീഗ് ഭയപ്പെടുന്നില്ല. എന്നാൽ, സി.പി.എമ്മിന്റെ ഭാഗത്തുനിന്നുണ്ടാകാറുള്ള വർഗീയ ആരോപണം സമൂഹത്തിൽ ഏറെ പ്രത്യാഘാതമുണ്ടാക്കുമെന്നതിനാൽ പാർട്ടിയെ ഏറെ കുഴക്കിയിരുന്നു.
ഗവർണർ, മന്ത്രി അബ്ദുറഹ്മാനെതിരായ തീവ്രവാദി അധിക്ഷേപം, ഏകസിവിൽകോഡ് ബിൽ അവതരിപ്പിച്ചപ്പോൾ കോൺഗ്രസ് അസാന്നിധ്യത്തെ വിമർശിച്ച പി.വി. അബ്ദുൽ വഹാബിന്റെ നിലപാട് തുടങ്ങിയ വിഷയങ്ങൾ ഉയർത്തിയാണ് എം.വി. ഗോവിന്ദൻ ലീഗിനെ തലോടിയത്. ഗവർണറുടെ മുസ്ലിംവിരുദ്ധ നിലപാടുകളുടെ ചരിത്രംകൂടി കണക്കിലെടുത്താണ് അദ്ദേഹത്തോടുള്ള ലീഗിന്റെ സമീപനം. തീവ്രവാദ ആരോപണങ്ങളുടെ ഇരയാണ് മുസ്ലിം ലീഗ് എന്നതിനാൽ മന്ത്രി അബ്ദുറഹ്മാനെതിരായ തീവ്രവാദ ആരോപണത്തെയും പാർട്ടിക്ക് എതിർക്കേണ്ടതുണ്ട്.
മുൻകാലങ്ങളിലും സാമുദായിക വിഷയങ്ങളിൽ കോൺഗ്രസിൽനിന്ന് വ്യത്യസ്ത നിലപാട് ലീഗ് സ്വീകരിച്ചിട്ടുണ്ടെന്നിരിക്കെ, ഇതിനെ മുന്നണി മാറ്റവുമായി ബന്ധിപ്പിക്കുന്നതിൽ അർഥമില്ലെന്ന് പാർട്ടി അധ്യക്ഷൻ സാദിഖലി തങ്ങൾ വ്യക്തമാക്കുന്നു. ''ലീഗിന് ഇപ്പോൾ ആരുടെയും ക്ഷണം ആവശ്യമില്ല. ലീഗ് യു.ഡി.എഫിന്റെ അവിഭാജ്യ ഘടകമാണ്. മറ്റുവിധത്തിൽ അതിനെ വ്യാഖ്യാനിക്കുന്നവർക്ക് അവരുടേതായ രാഷ്ട്രീയ താൽപര്യമുണ്ടാകും''-എം.വി. ഗോവിന്ദന്റെ പ്രസ്താവനയോട് സാദിഖലി തങ്ങൾ കോഴിക്കോട്ട് പ്രതികരിച്ചത് ഇങ്ങനെയായിരുന്നു.
അതേസമയം, രാജ്യസഭയിൽ പി.വി. അബ്ദുൽ വഹാബ് കോൺഗ്രസിനെതിരെ നടത്തിയ പ്രസ്താവന അനവസരത്തിലുള്ളതായെന്ന നിലപാടാണ് സാദിഖലി തങ്ങൾ അടക്കമുള്ളവർക്കുള്ളത്. ഇക്കാര്യത്തിൽ കോൺഗ്രസിന്റെ അതൃപ്തി പുറത്തുവന്നപ്പോൾ പാർട്ടി വഹാബിനെ തള്ളിപ്പറഞ്ഞില്ലെങ്കിലും സാദിഖലി തങ്ങളുടെ കൂടി നിർദേശപ്രകാരമാണ് വഹാബ് ശനിയാഴ്ച നിലപാട് തിരുത്തി രംഗത്തുവന്നത്. ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പ്രതിപക്ഷ നേതാവ് ഉൾപ്പെടെ കോൺഗ്രസ് നേതാക്കളുമായി സംസാരിച്ച് തെറ്റിദ്ധാരണ നീക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.