കോഴിക്കോട്: മുസ്ലിം ലീഗ് പ്രവർത്തക സമിതി യോഗത്തിൽ അവതരിപ്പിക്കാനുള്ള ഉപസമിതി അന്തിമ റിപ്പോർട്ട് ഉന്നതാധികാര സമിതി ഉടൻ ചർച്ചചെയ്യും. പത്തംഗ ഉപസമിതി യോഗത്തിലെ ചർച്ച ക്രോഡീകരിച്ച് അന്തിമ റിപ്പോർട്ട് ഉന്നതാധികാര സമിതിയുടെ അംഗീകാരത്തോടെയാകും പ്രവർത്തക സമിതിയിൽ വെക്കുക.
സംഘടന സംവിധാനം ശക്തിപ്പെടുത്തുന്നതിന് ഉൗന്നൽ നൽകിയാണ് റിപ്പോർട്ട്. മിക്ക ജില്ലകളിലും ശാഖതലങ്ങളിൽ വരെ സംഘടന സംവിധാനം ദുർബലമായ സാഹചര്യത്തിൽ സംസ്ഥാന നേതൃത്വം ഇടപെട്ട് പ്രശ്നങ്ങൾ പരിഹരിച്ച ശേഷമാകും അംഗത്വ കാമ്പയിൻ തുടങ്ങുക.
പാർട്ടിയുടെ ജനകീയ അടിത്തറ നഷ്ടപ്പെടുന്നതായി സ്വയം വിമർശനമുണ്ട്. സാമുദായിക അവകാശ പോരാട്ടങ്ങൾ ഏറ്റെടുക്കുന്നതിൽ പാർട്ടി താൽപര്യമെടുക്കുന്നില്ല. സാമ്പത്തിക ക്രയവിക്രയങ്ങളിൽ സുതാര്യതയില്ലായ്മയുണ്ട്. സ്ത്രീകളെയും ചെറുപ്പക്കാരെയും ആകർഷിക്കാനുള്ള പദ്ധതികൾ ആവിഷ്കരിക്കാത്തതും എടുത്തുപറയുന്നുണ്ട്. നിയമസഭ തെരഞ്ഞെടുപ്പ് വിശകലനം ചെയ്യുേമ്പാൾ വിജയിച്ച മണ്ഡലങ്ങളിലെ വോട്ട് ചോർച്ച വിശദമായി പരിശോധിക്കണം.
സാമുദായിക വിഷയങ്ങൾക്ക് പ്രഥമ പരിഗണന നൽകുംവിധം പാർട്ടി അജണ്ട രൂപപ്പെടുത്തണം. സംഘ്പരിവാർ, ഫാഷിസ്റ്റ് ശക്തികളെ മുഖ്യശത്രുവായി കണ്ട് പ്രതിരോധിക്കണം. അഴിമതി, സ്വജനപക്ഷപാതം, സദാചാര വിരുദ്ധ പ്രവർത്തനങ്ങൾ എന്നിവ നടത്തുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കണം. പാർട്ടി ഭരണഘടന പൂർണമായും പാലിക്കുന്നു എന്ന് ഉറപ്പാക്കണം.
ദലിത്, പിന്നാക്ക വിഭാഗങ്ങളുടെ അവകാശ സമരങ്ങളിൽ മുഖ്യ പങ്കാളിത്തം വഹിക്കണം. സമസ്തയിലും മുജാഹിദിലുമുള്ള ചിലരെ സ്വാധീനിക്കാൻ സി.പി.എം ശ്രമം നടത്തുന്ന സാഹചര്യത്തിൽ മത, സാമുദായിക സംഘടനകളുമായുള്ള ബന്ധം ശക്തിപ്പെടുത്തണം. വനിത ലീഗിലും അംഗത്വ കാമ്പയിൻ നടത്തി പഞ്ചായത്ത് തലം മുതൽ പുനഃസംഘടന നടത്തണം. ബഹുജനാടിത്തറയുള്ള നേതാക്കളെയും ബുദ്ധിജീവികളെയും സംഘടനയിലേക്ക് കൊണ്ടുവരണമെന്നും നിർദേശമുണ്ട്.
അതേസമയം, മുഈനലി തങ്ങൾ വാർത്തസമ്മേളനത്തിൽ ഉന്നയിച്ച 'ചന്ദ്രിക'യിലെ സാമ്പത്തിക പ്രശ്നങ്ങൾ സംബന്ധിച്ച് പരാമർശമില്ല. ഇക്കാര്യം പത്രത്തിെൻറ ഡയറക്ടർ ബോർഡിൽ ചർച്ച ചെയ്യേണ്ടതാണെന്നാണ് ഉപസമിതി വിലയിരുത്തൽ. പാർട്ടി സംവിധാനം ശക്തിപ്പെടുത്തുന്നതിലേക്ക് പ്രവർത്തക സമിതിയിലെ ചർച്ച കേന്ദ്രീകരിക്കുംവിധമാണ് കരട് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.