കോഴിക്കോട്: മുന്നണിമാറ്റ പ്രചാരണങ്ങൾക്ക് വിരാമമിട്ട്, യു.ഡി.എഫിനെ ശക്തിപ്പെടുത്തുമെന്ന ഉറച്ച തീരുമാനവുമെടുത്ത് സമരങ്ങളുമായി രംഗത്തിറങ്ങിയ മുസ്ലിം ലീഗ് കോൺഗ്രസിനകത്തെ പോരിൽ പകച്ചുനിൽക്കുന്നു. ലോക്സഭ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തുകയും സംസ്ഥാന സർക്കാറിനെതിരെ ആഞ്ഞടിക്കാൻ അവസരങ്ങൾ തുറന്നുകിടക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ബ്ലോക്ക് പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ രൂപംകൊണ്ട പരിധിവിട്ട ഗ്രൂപ് പോരിൽ ലീഗിന് കടുത്ത അതൃപ്തിയാണുള്ളത്. കർണാടകയിലെ വിജയത്തിളക്കം കേരളത്തിൽ ഊർജമാക്കാൻ കഴിയുമായിരുന്ന സാഹചര്യമാണ് തമ്മിലടിയിലൂടെ കോൺഗ്രസ് നേതൃത്വം കളഞ്ഞുകുളിക്കുന്നതെന്നാണ് ലീഗ് നേതൃത്വത്തിന്റെ വിലയിരുത്തൽ.
സംസ്ഥാന സർക്കാറിനെതിരെ പോർമുഖം തുറക്കാൻ നിരവധി അവസരങ്ങളുണ്ടായിട്ടും ഐക്യത്തോടെ മുതലാക്കാൻ യു.ഡി.എഫിന് കഴിയാത്തതിന് കാരണം ഈ വിഴുപ്പലക്കലാണെന്നും ലീഗ് കരുതുന്നു.
കോൺഗ്രസ് വിഷയത്തിൽ പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണത്തിൽ ഈ അതൃപ്തി പ്രകടമാണ്. ഇത് തമ്മിലടിക്കേണ്ട സമയമല്ലെന്നാണ് കുഞ്ഞാലിക്കുട്ടി കോൺഗ്രസ് നേതൃത്വത്തെ ഓർമപ്പെടുത്തിയത്. ലീഗ് ജന. സെക്രട്ടറി പി.എം.എ. സലാമും നീരസം മറച്ചുവെക്കുന്നില്ല. ‘യു.ഡി.എഫിലെ ഓരോ കക്ഷിയും ഐക്യത്തോടെ നിലയുറപ്പിക്കേണ്ട സമയമാണിത്. സംസ്ഥാന സർക്കാറിന്റെ ദുർഭരണംകൊണ്ട് പൊറുതിമുട്ടിയ ജനം ഏറെ പ്രതീക്ഷയോടെയാണ് യു.ഡി.എഫിനെ കാണുന്നത്. ജനതാൽപര്യത്തിനനുസരിച്ച് പ്രവർത്തിക്കാൻ യു.ഡി.എഫിലെ ഓരോ കക്ഷിയും ഒറ്റക്കെട്ടായി മുന്നോട്ടു പോകേണ്ടതുണ്ട്’ -പി.എം.എ. സലാം ‘മാധ്യമ’ത്തോട് പറഞ്ഞു.
കഴിഞ്ഞ യു.ഡി.എഫ് യോഗത്തിൽ കോൺഗ്രസ് നേതൃത്വം നൽകിയ ഉറപ്പുകൾ പാലിക്കപ്പെട്ടില്ലെന്ന പരിഭവം ഘടകകക്ഷികൾക്കുണ്ട്. ഓരോ പാർട്ടിയും ഐക്യത്തോടെ മുന്നോട്ടുപോകണമെന്നും മുന്നണി വിപുലീകരിക്കണമെന്നുമുള്ള തീരുമാനമെടുത്താണ് യോഗം പിരിഞ്ഞത്. ബ്ലോക്ക് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഉൾപ്പെടെയുള്ള കാര്യങ്ങൾ പ്രശ്നങ്ങളൊന്നുമില്ലാതെ, സമാധാനപരമായി പൂർത്തിയാക്കുമെന്നും കോൺഗ്രസ് നേതാക്കൾ ഉറപ്പ് നൽകിയിരുന്നു. എന്നാൽ, ഇത് പാലിക്കപ്പെട്ടില്ലെന്ന് മാത്രമല്ല, പ്രമുഖ നേതാക്കൾതന്നെ പരസ്പരം കൊമ്പുകോർക്കുന്ന സാഹചര്യമാണുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.